Movies
ദേവദൂതനിൽ നായകനായി ആദ്യം തീരുമാനിച്ചത് മാധവനെ ആയിരുന്നു, അവിടേയ്ക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ; തുറന്ന് പറഞ്ഞ് സിബി മലയിൽ
ദേവദൂതനിൽ നായകനായി ആദ്യം തീരുമാനിച്ചത് മാധവനെ ആയിരുന്നു, അവിടേയ്ക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ; തുറന്ന് പറഞ്ഞ് സിബി മലയിൽ
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 2000ൽ മോഹൻലാലിന്റേതായി പുറത്തെത്തിയ ദേവദൂതൻ. ഇപ്പോൾ 24 വർഷങ്ങൾക്കുശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ഈ വേളയിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദേവദൂതന്റെ കഥ മനസ്സിൽ രൂപപ്പെട്ടു വന്നപ്പോൾ അത് എഴുതാൻ പത്മരാജൻ സാറിനെയാണ് ഓർത്തത്. എന്നാൽ തിരക്കുകൾ കാരണം അദ്ദേഹത്തിന് അത് എഴുതാൻ കഴിഞ്ഞില്ല. പിന്നീടാണ് രഘുനാഥ് പാലേരി വരുന്നത്. 83 കാലഘട്ടത്തിൽ എന്റെ ആദ്യ സിനിമയ്‌ക്ക് രൂപപ്പെടുത്തിയ കഥാതന്തുവായിരുന്നു ഇതിന്റേത്.
ഒരു വർഷത്തോളം ഞാനും രഘുവും ചേർന്ന് എഴുതി പൂർത്തിയാക്കിയതാണ് തിരക്കഥ. എന്നാൽ അന്നത് നടന്നില്ല. പിന്നീട് 18 വർഷങ്ങൾക്ക് ശേഷം സ്ക്രിപ്റ്റിൽ വീണ്ടും മാറ്റങ്ങൾ വരുത്തിയാണ് ദേവദൂതൻ എന്ന പേരിൽ സിനിമ ചെയ്തത്. മോഹൻലാലിനെ കൊണ്ടുവരാൻ പറ്റുന്ന രീതിയിൽ കഥയിൽ മാറ്റങ്ങൾ വരുത്തി. അതാണ് 2000-ൽ കണ്ട ദേവദൂതൻ.
ഈ സിനിമ കാണാൻ ആഗ്രഹിക്കുന്ന ഒരു തലമുറ ഇന്നും ഉണ്ടെന്ന തിരിച്ചറിവിലാണ് 24 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തീയറ്ററിലേയ്ക്ക് എത്തിക്കുന്നത്. ഹൊ റർ സ്റ്റോറി പറയാൻ അല്ല ദേവദൂതനിലൂടെ ഉദ്ദേശിച്ചത്. അതൊരു പ്രണയകഥയാണ്. മ രിച്ചുപോയ ഒരാളുടെ ആ ത്മാവിന് അവന്റെ കാമുകിയോട് എന്തോ പറയണം. അതിനൊരു മാധ്യമം കണ്ടെത്തുകയായിരുന്നു. മൂന്ന് തലത്തിലൂടെയാണ് ആ ത്മാവ് സംവദിക്കുന്നത്.
ആദ്യത്തെ വേർഷനിൽ ഏഴ് വയസ്സുകാരൻ കുട്ടിയുടെ ഭയത്തിലൂടെയായിരുന്നു. രണ്ടാമത്തെ വേർഷനിൽ ക്യാമ്പസിലെ ഒരു പ്രണയത്തിലൂടെയായിരുന്നു. മൂന്നാമത്തെ വേർഷനിൽ സംഗീതത്തിലൂടെയും. മൂന്നാമത്തെ വേർഷനാണ് നമ്മൾ കണ്ട ദേവദൂതൻ. കൊമേഷ്യൽ എലമെന്റ് എല്ലാം മാറ്റി നിർത്തിക്കൊണ്ട് എഡിറ്റ് ചെയ്ത ഒരു വേർഷൻ ആയിരിക്കും പുതുതായി റിലീസ് ചെയ്യുന്നത്.
ആദ്യത്തെ സ്ക്രിപ്റ്റ് കാസ്റ്റിങ്ങിലേയ്ക്കൊന്നും എത്തിയിരുന്നില്ല. കുട്ടിയുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല എങ്കിലും നിഖിൽ മഹേശ്വരന്റെയും അലീനയുടെയും കഥാപാത്രം ചെയ്യാൻ രണ്ടുപേരെ ഞാനും രഘുനാഥ് പലേരിയും മനസ്സിൽ കണ്ടിരുന്നു. നസറുദ്ദീൻ ഷായും മാധവിയുമായിരുന്നു. പിന്നീട് അത് വേണ്ടെന്നുവച്ച് മാധവനെ നായകനാക്കി ചിത്രം എടുക്കാമെന്ന് വിചാരിച്ചു.
എന്നാൽ മാധവനിലേയ്ക്ക് എത്തുന്നതിനു മുമ്പ് തന്നെ മോഹൻലാലിലേയ്ക്ക് എത്തുകയായിരുന്നു. മോഹൻലാൽ കഥ കേട്ടു, ചെയ്യാൻ താല്പര്യവും പ്രകടിപ്പിച്ചു. അങ്ങനെയാണ് മോഹൻലാലിനായി സ്ക്രിപ്റ്റ് മാറ്റിയെഴുതിയത്. ക്യാമ്പസിലെ ഒരു പഴയ സ്റ്റുഡന്റായി മോഹൻലാലിനെ എത്തിച്ചുവെന്നും സിബി മലയിൽ പറഞ്ഞു.
കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു.ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ് .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ ജെ യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ.
