Actress
ആദ്യ സിനിമയുടെ സമയത്ത് മൂക്ക് പൊട്ടിയിരുന്നു, തുടർന്നാണ് സർജറി ചെയ്യാൻ തീരുമാനിച്ചത്; ശ്രുതി ഹാസൻ
ആദ്യ സിനിമയുടെ സമയത്ത് മൂക്ക് പൊട്ടിയിരുന്നു, തുടർന്നാണ് സർജറി ചെയ്യാൻ തീരുമാനിച്ചത്; ശ്രുതി ഹാസൻ
ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും ഒരു പോലെ ശ്രദ്ധ നൽകുന്ന ശ്രുതിയ്ക്ക് രണ്ട് മേഖലകളിലും ശോഭിക്കാനായി. എന്നാൽ പരാജയങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. തുടക്ക കാലത്തുണ്ടാക്കിയ തരംഗം ശ്രുതിക്ക് പിന്നീട് ആവർത്തിക്കാനായില്ല.
വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ആഗ്രഹിച്ച ശ്രുതി സൂപ്പർ താര ചിത്രങ്ങളിൽ നായികയായി ഒതുങ്ങാൻ തയ്യാറായിരുന്നില്ല. അച്ഛൻ കമൽ ഹാസനെ പോലെ തന്നെ കരിയറിനെയും ജീവിതത്തെയും ശ്രുതി തുറന്ന ചിന്താഗതിയോടെയാണ് ശ്രുതി ഹാസൻ കാണുന്നത്. പലപ്പോഴും നടിയുടെ വ്യക്തി ജീവിതം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകാറുമുണ്ട്.
തന്റെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് തുറന്ന് സംസാരിച്ചും ശ്രുതി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. താൻ ഫില്ലറുകളും മൂക്കിൽ കോസ്‌മെറ്റിക് സർജറിയും ചെയ്തിട്ടുണ്ടെന്ന് ഒരിക്കൽ ശ്രുതി ഹാസൻ തുറന്നു പറഞ്ഞിരുന്നു. തന്റെ താൽപര്യത്തിന് അനുസരിച്ചാണ് സർജറിയ്ക്ക് വിധേയയാതെന്നും അതിൽ തനിക്കൊരു കുറ്റബോധവുമില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.
താൻ നോസ് ജോബും ഫില്ലറുകളും ചെയ്തിട്ടുണ്ട്. അത് മറച്ചു വെക്കേണ്ടതില്ല. തന്റെ ആദ്യ സിനിമയുടെ സമയത്ത് മൂക്ക് പൊട്ടിയിരുന്നുവെന്നും തുടർന്നാണ് സർജറി ചെയ്യാൻ തീരുമാനിക്കുന്നതെന്നുമാണ് ശ്രുതി പറയുന്നത്. എന്നാൽ സർജറിയെ ന്യായീകരിക്കാൻ താൻ കണ്ടെത്തിയ ഒഴിവുകഴിവാണ് അതെന്ന് പലരും പറഞ്ഞുവെന്നും ശ്രുതി ചൂണ്ടിക്കാട്ടി.
ഞാൻ എന്റെ മൂക്ക് ശരിയാക്കിയിട്ടുണ്ട്. അത് വളരെ വ്യക്തവുമായിരുന്നു. എന്റെ മൂക്ക് പൊട്ടിയിരുന്നു. നേരത്തെ തീർത്തും വ്യത്യസ്തമായിരുന്നു എന്റെ മൂക്ക്. ആദ്യത്തെ സിനിമ ചെയ്യുമ്പോൾ എന്റെ മൂക്ക് വേറെയായിരുന്നു. അതിനാൽ ആളുകൾ പറഞ്ഞത് സെപ്റ്റം ഡീവിയേറ്റ് ആയെന്ന് എക്‌സ്‌ക്യൂസ് പറയുകയാണെന്നാണ്. അല്ല, എന്റെ സെപ്റ്റം ഡീവിയേറ്റായിരുന്നു. അത് വേദനിപ്പിച്ചു. പക്ഷെ എന്റെ മുഖം കൂടുതൽ സുന്ദരമാക്കുമെങ്കിൽ പിന്നെന്തിന് മടിക്കണം? അത്രയേയുള്ളൂ. എനിക്ക് അതിന് ന്യായീകരണം കൊടുക്കണമെന്ന് തോന്നിയില്ല.
ഇത് എന്റെ ശരീരമാണ്. ആരെങ്കിലും തങ്ങൾക്ക് ചെയ്യണമെന്ന് തോന്നുന്നത് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നതിനെ ഞാൻ പുച്ഛിക്കില്ല. എല്ലാവരും പോയി ഫില്ലർ ചെയ്യൂവെന്ന് ശ്രുതി പറഞ്ഞുവെന്ന് ആളുകൾ പറയരുത്. നിങ്ങൾക്ക് ചെയ്യണമെങ്കിൽ ചെയ്‌തോളൂ. ചെയ്യേണ്ടെങ്കിൽ ചെയ്യണ്ട. എന്നെ എന്റെ വഴിക്ക് വിടൂ എന്നും ശ്രുതി ഹാസൻ പറഞ്ഞു. അതേസമയം തനിക്ക് നായികയാകാനുള്ള സൗന്ദര്യമില്ലെന്നും തനിക്ക് വിദേശികളുടെ മുഖമാണെന്നും പലരും പറഞ്ഞിട്ടുണ്ടെന്നും ശ്രുതി പറയുന്നുണ്ട്.
തന്റെ കഴിവിനെ അംഗീകരിക്കുമ്പോഴും തന്റെ മുഖം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നുവെന്നാണ് താരം പറയുന്നത്. എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നും ശ്രുതി പറയുന്നു. തന്റെ വിശ്വാസങ്ങളെ കുറിച്ച് ശ്രുതി ഹാസൻ പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.
ചെറുപ്പത്തിൽ അച്ഛനും അമ്മയും തങ്ങളെ ക്ഷേത്ര ദർശനത്തിനൊന്നും കൂട്ടിക്കൊണ്ടുപോയിരുന്നില്ല. പോകാനുള്ള അനുവാദവും ഉണ്ടായിരുന്നില്ലത്രെ. അച്ഛൻ നിരീശ്വരവാദിയും, അമ്മ ആത്മീയ വാദിയുമാണ് അതുകൊണ്ട് ദൈവ ഭക്തിയും അമ്പലവാസവും ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ കണ്ണ് വെട്ടിച്ച് പള്ളിയിൽ പോയിട്ടുണ്ട് എന്നാണ് ശ്രുതി പറഞ്ഞത്.
ബോളിവുഡിലൂടെയായിരുന്നു ശ്രുതിയുടെ അരങ്ങേറ്റം. ലക്ക് ആയിരുന്നു ആദ്യ ചിത്രം. സിനിമ ബോക്‌സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു. പിന്നീട് തെലുങ്കിലൂടെ ഗൗരി തെന്നിന്ത്യൻ സിനിമയിലേക്ക് എത്തുകയായിരുന്നു. ഏഴാം അറിവ് ആയിരന്നു ആദ്യ തമിഴ് ചിത്രം. ത്രീ, ഗബ്ബർ സിംഗ്, യേവഡു, ആഗഡു, വേദാളം, സിംഗം 3 തുടങ്ങി സിനിമകളിലൂടെ മുൻനിര നായികയായി മാറുകയായിരുന്നു. ട്രെയിൻ, കൂലി എന്നിവയാണ് ശ്രുതിയുടെ പുതിയ സിനിമകൾ.
