News
ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു, കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്; ശ്രീകുമാർ മേനോൻ
ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു, കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്; ശ്രീകുമാർ മേനോൻ
കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. താനൂർ ഓട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് മറഞ്ഞുണ്ടായ അപകടത്തിൽ 23 ജീവനുകളാണ് പൊലിഞ്ഞത്.
അനുവദനീയമായതിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതും രാത്രി വൈകി യാത്ര നടത്തിയതും ലൈഫ് ജാക്കറ്റില്ലാത്തതുമെല്ലാം അപകടത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
താനൂരിൽ നടന്നത് കൂട്ടക്കൊലയാണെന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണെങ്കിലും അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂവെന്നും അദ്ദേഹം പറയുന്നു.
‘‘ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും- ലിഫ്റ്റിലായാലും ബസിലായാലും. കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതല്‍ കണ്ടതാണ്.
പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലി. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്. അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ. ‘ഇത്രപേരില്‍ കൂടരുത് എന്നുള്ള ഒരിടത്തും അതില്‍ കൂടരുത്’…നിയമവും നിര്‍വഹണവും പാലനവും കര്‍ശനമാകണം.’’–ശ്രീകുമാർ മേനോൻ പറഞ്ഞു.
ആന്റോ ജോസഫ് കുറിച്ചത് ഇങ്ങനെയാണ്
താനൂരിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങി ഇരുപതിലധികം പേർ മരണപ്പെട്ട ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. ദുരന്തത്തിന് ഇരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. രാത്രി ഏറെ വൈകിയും രക്ഷാപ്രവർത്തനത്തിൽ സജീവമായ മന്ത്രിമാരടക്കമുള്ള ജന പ്രതിനിധികൾ, നാട്ടുകാർ, മത്സ്യ തൊഴിലാളികൾ, പോലീസ്, ഫയർഫോഴ്‌സ്, സന്നദ്ധ സംഘടനകൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെയെല്ലാം ശ്രമങ്ങൾ വിലമതിക്കുന്നതാണ്. മരണമടഞ്ഞവർക്ക് പ്രാർത്ഥനയോടെ വിട
