Actress
പത്മഭൂഷൺ കിട്ടിയതിന് പിന്നാലെ ശോഭനയ്ക്ക് വമ്പൻ സ്വീകരണവുമായി അമ്മ, ഓടി വന്ന് കെട്ടിപ്പിടിച്ച് മകൾ നാരായണി; വൈറലായി വീഡിയോ
പത്മഭൂഷൺ കിട്ടിയതിന് പിന്നാലെ ശോഭനയ്ക്ക് വമ്പൻ സ്വീകരണവുമായി അമ്മ, ഓടി വന്ന് കെട്ടിപ്പിടിച്ച് മകൾ നാരായണി; വൈറലായി വീഡിയോ
നടിയായും നർത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുൻ നിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയിൽ നിന്നും ഇടവേളയെടുത്തത്. തന്റെ വളർത്തു മകൾക്കൊപ്പവും തന്റെ ഡാൻസ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.
മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമൊക്കെ ശോഭന സജീവമാണെങ്കിലും മകൾ നാരായണിയെ അതിൽ നിന്നെല്ലാം അകറ്റി നിർത്താൻ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മകളുടെ ചിത്രം പോലും താരം പുറത്ത് വിടാറില്ല. പത്മഭൂഷൺ ശോഭനയ്ക്ക് ലഭിച്ചത് അറിഞ്ഞ് അമ്മ ഗംഭീര സ്വീകരണമാണ് വീട്ടിൽ ഒരുക്കിയിരുന്നത്. കുടുംബാംഗങ്ങളിൽ നിന്നും ലഭിച്ച സ്വീകരണത്തിന്റെയും അഭിനന്ദനങ്ങളുടെയും വീഡിയോ റീലായി നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കൃതജ്ഞതയോടെ എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ മകളെ ഹാരമണിയിച്ച് സ്വീകരിക്കാൻ അവശതയിലും അമ്മ ആനന്ദം ചന്ദ്രകുമാർ ഉമ്മറത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. രണ്ട് ഹാരമാണ് അമ്മ മകളെ അണിയിച്ചത്. ഹാരങ്ങളിൽ ഒന്ന് വളർത്തുമകൾ നാരായണിയുടേതാണെന്ന് അമ്മ ശോഭനയോട് പറയുന്നതും കൺഗ്രാജുലേഷൻസ്… എന്റെ സ്വപ്നം സത്യമായി എന്ന് പറഞ്ഞ് കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിൽ കാണാം.
ലവ് ഫ്രം അമ്മ എന്നാണ് ശോഭന അമ്മ നൽകിയ സ്വീകരണത്തെ വിശേഷിപ്പിച്ചത്. അമ്മയുടെ സ്നേഹം ഏറ്റുവാങ്ങിയശേഷം നടി നേരെ പോയത് നൃത്തവിദ്യാലയത്തിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന നടരാജവിഗ്രത്തിന് മുന്നിലേയ്ക്കാണ്. ഒരു നിമിഷം എല്ലാം മറന്ന് സർവം സമർപ്പിച്ച് കൃതജ്ഞതയോടെ വിഗ്രത്തിന് മുന്നിൽ നിന്ന് തൊടുകുറി ചാർത്തി. ശേഷം തന്റെ എല്ലാമെല്ലാമായ മകളെ കാണാനാണ് ശോഭന പോയത്.
നാരായണി പഠിക്കുന്നത് അടയാറിലെ ശിഷ്യ എന്ന സ്കൂളിലാണ്. സ്കൂൾ മുറ്റത്ത് സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന നാരായണി അപ്രതീക്ഷിതമായി അമ്മയെ കണ്ടതും സർപ്രൈസാകുന്നതും പിന്നെ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഓടി വന്ന് അമ്മയെ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം.
ശോഭനയുടെ റീലിൽ ഏറ്റവും മനോഹരമായ നിമിഷങ്ങൾ നാരായണിക്കൊപ്പമുള്ളതായിരുന്നുവെന്നാണ് ഏറെയും കമന്റുകൾ വന്നത്. നീലയും വെള്ളയും സ്കൂൾ യൂണിഫോമിൽ നാരായണി അതീവ സുന്ദരിയായിരുന്നു. നാരായണിയുടെ നീണ്ടുകിടക്കുന്ന ചുരുളൻ മുടിയിലായിരുന്നു ആരാധകരുടെയെല്ലാം കണ്ണുകൾ. മുതിർന്നപ്പോൾ അമ്മയെപ്പോലെ സുന്ദരിയായി നാരായണി എന്നും കമന്റുകളുണ്ട്.
കൈക്കുഞ്ഞായിരുന്നപ്പോഴാണ് ശോഭനയ്ക്ക് നാരായണിയെ കിട്ടുന്നത്. നാരായണിയുടെ കുട്ടിക്കാലത്ത് മുഴുവനും വളരെ വേണ്ടപ്പെട്ടവരുടെ പരിപാടികൾക്ക് മാത്രമെ ശോഭന മകളെ ഒപ്പം കൂട്ടി പോയിക്കണ്ടിട്ടുള്ളൂ. 2011ലാണ് ശോഭന പെൺകുഞ്ഞിനെ ദത്തെടുത്തത്. നാരായണിയുടെ ചോറൂണ് ചിത്രങ്ങൾ ശോഭന പങ്കുവെച്ചിരുന്നു. മകളാണ് ശോഭനയുടെ എല്ലാമെല്ലാം.
കഴിഞ്ഞ മാതൃിദനത്തിൽ ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കിട്ടൊരു വീഡിയോയും വൈറലായിരുന്നു. നാരായണിക്കൊപ്പം വെസ്‌റ്റേൺ ഡാൻസിന് ചുവടുവെക്കുന്ന വീഡിയോയായിരുന്നു അത്. ആ വീഡിയോയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരായണി വളർന്നതിന് ശേഷം ശോഭന പങ്കുവെച്ച വീഡിയോയും അതായിരുന്നു.
ഒരു തലമുറയുടെ നായിക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച പ്രതിഭയാണ് ശോഭന. ഒട്ടനവധി പുതിയ നടിമാർ വന്നിട്ടുണ്ടെങ്കിലും ഇന്നും ശോഭനയെ ആരാധിക്കുന്നവർ മലയാളികൾക്കിടയിൽ നിരവധിയാണ്. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ ഗ്രേസാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണമായതെന്ന് ചോദിച്ചാൽ ആർക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. അമ്പത്തിനാലുകാരിയായ താരം വളരെ സെലക്ടീവായി മാത്രമെ ഇപ്പോൾ സിനിമകൾ ചെയ്യാറുള്ളു.
