Actress
മകള്‍ അനന്തനാരായണിയ്‌ക്കൊപ്പം നൃത്തം ചെയ്ത് ശോഭന; വൈറലായി വീഡിയോ
മകള്‍ അനന്തനാരായണിയ്‌ക്കൊപ്പം നൃത്തം ചെയ്ത് ശോഭന; വൈറലായി വീഡിയോ
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം തന്നെ മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകുകയാണ് താരം.
ഇപ്പോഴിതാ മാതൃദിനത്തില്‍ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകള്‍ അനന്തനാരായണിക്കൊപ്പം വെസ്‌റ്റേണ്‍ ഡാന്‍സിന് ചുവടുവെക്കുന്ന ശോഭനയാണ് വീഡിയോയിലുള്ളത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ശോഭന സജീവമാണെങ്കിലും മകള്‍ നാരായണിയെ അതില്‍ നിന്നെല്ലാം അകറ്റി നിര്‍ത്താന്‍ താരം എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
മകളുടെ ചിത്രം പോലും താരം പുറത്ത് വിടാറില്ല. ഒരുപക്ഷെ ആദ്യമായാകും മകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ശോഭന പങ്കിടുന്നത്. അതുകൊണ്ട് തന്നെ വീഡിയോ കണ്ട് ഇത് മോംഡോട്ടര്‍ ഡ്യുയോ തന്നെയല്ലേയെന്ന് ഉറപ്പ് വരുത്താന്‍ ആരാധകരും കുറച്ച് പണിപ്പെട്ടു. എവരി ടൈം വി ടച്ച് എന്ന ഗാനത്തിനാണ് മകള്‍ക്കൊപ്പം ശോഭന ചുവടുവെയ്ക്കുന്നത്. ഈ നിസാര കാര്യം അത്ര എളുപ്പമല്ല എന്ന ക്യാപക്ഷനേടെയാണ് രസകരമായ വീഡിയോ താരം പോസ്റ്റ് ചെയ്തത്.
നിരവധി ആരാധകരാണ് അമ്മയേയും മകളെയും ഒരുമിച്ച കണ്ട സന്തോഷം കമന്റ് സെക്ഷനില്‍ പ്രകടിപ്പിച്ചെത്തിയത്. സാരിയുടുത്ത് നാരായണി വലിയ പെണ്ണായല്ലോ, നൃത്തത്തില്‍ പുലിയാണെങ്കിലും മകള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ശോഭനയ്ക്ക് പറ്റുന്നില്ലേ, രണ്ടുപേരും സൂപ്പര്‍ ക്യൂട്ട് എന്നിങ്ങനെ നീളുന്നു കമന്റുകള്‍. മഞ്ഞ നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് നീളന്‍ മുടി അഴിച്ചിട്ടാണ് നാരായണി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
റോസ് നിറത്തിലുള്ള സാരിയും ആഭരണങ്ങളുമായിരുന്നു ശോഭനയുടെ വേഷം. നാരായണി വളരെ പെട്ടെന്ന് വലുതായതായി തോന്നുന്നു എന്നിങ്ങനെയും കമന്റുകളുണ്ട്. അതേസമയം അടുത്തിടെയും നാരായണിയുടെ ഒരു വീഡിയോ വൈറലായിരുന്നു. അമ്മയും മകളും ഒരുമിച്ച് സ്‌റ്റേജ് പ്രോഗ്രാം ചെയ്യുന്ന വീഡിയോയായിരുന്നു അത്. അവിവാഹിതയായ ശോഭന 2011ലാണ് പെണ്‍കുഞ്ഞിനെ ദത്തെടുത്തത്.
ദത്തെടുക്കുന്ന വേളയിലെ നാരായണിയുടെ പ്രായം വ്യക്തമല്ല എങ്കിലും, കൈക്കുഞ്ഞായിരുന്ന പ്രായത്തിലാണ് മകള്‍ ശോഭനയുടെ ഒപ്പം കൂടുന്നത്. അതുകൊണ്ട് തന്നെ പതിനഞ്ചില്‍ താഴെ പ്രായമെ ഇപ്പോള്‍ നാരായണിക്ക് ഉണ്ടാകു. മലയാള സിനിമയിലേക്ക് ഒരു ഇടവേളയ്ക്കുശേഷം ശോഭന മടങ്ങി എത്തിയത് വരനെ ആവശ്യമുണ്ടിലൂടെയാണ്. ഇതില്‍ സുരേഷ് ഗോപിയുടെ നായികയായാണ് ശോഭന അഭിനയിച്ചത്. ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം.
ഒരു തലമുറയുടെ നായിക സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച പ്രതിഭയാണ് ശോഭന. ഒട്ടനവധി പുതിയ നടിമാര്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ശോഭനയെ ആരാധിക്കുന്നവര്‍ മലയാളികള്‍ക്കിടയില്‍ നിരവധിയാണ്. അഭിനയമാണോ സൗന്ദര്യമാണോ അതോ നൃത്തത്തിലെ ഗ്രേസാണോ ശോഭനയോട് ഇത്രയേറെ ഇഷ്ടം തോന്നാന്‍ കാരണമായതെന്ന് ചോദിച്ചാല്‍ ആര്‍ക്കും തന്നെ ഒരുത്തരമായി പറയാനുണ്ടാകില്ല. അമ്പത്തിനാലുകാരിയായ താരം വളരെ സെലക്ടീവായി മാത്രമെ ഇപ്പോള്‍ സിനിമകള്‍ ചെയ്യാറുള്ളു.
മലയാളത്തില്‍ തുടങ്ങി വിവിധ ഇന്ത്യന്‍ ഭാഷകളും പിന്നിട്ട് ഇംഗ്ലീഷ് ഭാഷ വരെ അനവധി സിനിമകളിലായി അനേകം കഥാപാത്രങ്ങള്‍ ശോഭന നല്‍കി കഴിഞ്ഞു. മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി ഏറ്റവും നന്നായി അഭിനയിച്ച അംഗീകരിക്കപ്പെട്ട നടി ശോഭനയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറ്റവും കൂടുതല്‍ ചേര്‍ച്ച തോന്നിക്കുന്ന നായിക. എണ്‍പതുകളില്‍ മമ്മൂട്ടി-ശോഭന, മോഹന്‍ലാല്‍-ശോഭന ജോഡികളായിരുന്നു. മലയാള സിനിമയിലെ മിന്നും താരങ്ങള്‍.
സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ ലാല്‍-ശോഭന ടീം സാധാരണക്കാരുടെ മനസില്‍ കൂടുകൂട്ടി. ഒടുവില്‍ മണിച്ചിത്രത്താഴിലൂടെ ശോഭന ദേശീയ അവാര്‍ഡ് വാങ്ങി. ഏപ്രില്‍ 18 എന്ന ബാലചന്ദ്രമേനോന്‍ സിനിമയില്‍ നായിക ആയാണ് മലയാളത്തിലെ ശോഭനയുടെ അരങ്ങേറ്റം. പിന്നീട് പെട്ടെന്ന് നായികനിരയിലെ അവഗണിക്കാനാകാത്ത സാന്നിധ്യമായി. അംബിക, മേനക, കാര്‍ത്തിക, രേവതി, രോഹിണി, നദിയ മൊയ്തു, സുഹാസിനി തുടങ്ങിയവരായിരുന്നു ആ സമയത്തെ പ്രധാന മലയാളി നായികമാര്‍. അവര്‍ക്കിടയില്‍ പെട്ടെന്ന് ഇരിപ്പിടം നേടാന്‍ ശോഭനയ്ക്കായി.