മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാൽ മതി, നിങ്ങൾ വിജയിച്ചിരിക്കും, മറ്റൊന്നും ചെയ്യണമെന്നില്ല; ഷിജു
മലയാളം, തെലുങ്ക് ഫിലിം ഇൻഡസ്ട്രികളിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ച താരമാണ് നടൻ ഷിജു അബ്ദുൾ റഷീദ്. പക്ഷേ തമിഴ് സിനിമയായ മഹാപ്രഭുവിൽ വില്ലനായി അഭിനയിച്ച ശേഷമാണ് താരത്തെ കൂടുതൽ സിനിമകൾ തേടിവന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിൽ ഷിജു തിളങ്ങി. തെലുങ്കിൽ ദേവി ഷിജു എന്ന പേരിലാണ് അറിയപ്പെടുന്നത്.പ്രണയത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തുറന്നു കാട്ടുന്ന പരമ്പരയാണ് നീയും ഞാനും.എന്നാൽ സ്വന്തം പേരിനേക്കാൾ ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് നടൻ അറിയപ്പെടുന്നത്. പ്രേക്ഷകരുടെ മനസ്സിൽ തന്റെ പേര് ഉറപ്പിക്കുക എന്നതാണ് ബിഗ് ബോസിൽ പങ്കെടുക്കുന്നത് കൊണ്ടുള്ള തന്റെ ലക്ഷ്യമെന്നാണ് ഹൗസിൽ എത്തിയ ശേഷം ഷിജു പറഞ്ഞത്.
സിനിമയിലൂടെയാണ് ഷിജു കരിയർ ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ടെലിവിഷൻ പരമ്പരകളിലൂടെയാണ് ഷിജു പ്രേക്ഷക ശ്രദ്ധനേടുന്നത്. തെലുങ്കിലൊക്കെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. തെലുങ്ക് സിനിമാ ലോകത്ത് ദേവി ഷിജു എന്നാണ് നടൻ അറിയപ്പെടുന്നത്.
സീ ടിവിയിലെ നീയും ഞാനും എന്ന പരമ്പരയിലാണ് ഷിജു അവസാനമായി അഭിനയിച്ചത്. അതിനു ശേഷമാണ് ബിഗ് ബോസ് മത്സരാർത്ഥിയായി എത്തുന്നത്. ബിഗ് ബോസ് വേദിയിൽ വെച്ച് മോഹൻലാലിനെ കണ്ടപ്പോൾ അദ്ദേഹത്തിനൊപ്പം ഇതുവരെ സിനിമകൾ ചെയ്തിട്ടില്ലെന്ന് ഷിജു പറഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടി നായകനായ ഒരുപിടി സിനിമകളിൽ ഷിജു അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഷിജു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്. ബിഗ് ബോസിൽ പോകുന്നതിന് മുൻപ് നൽകിയ അഭിമുഖമാണിത്.
മമ്മൂട്ടി വളരെ അനുഗ്രഹീതനായ ഒരു കലാകാരനാണെന്നാണ് ഷിജു പറയുന്നത്. ലാലേട്ടന്റെ കൂടെ അങ്ങനെ വർക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാൽ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. വളരെ ജെനുവിൻ ആണ്. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ്. പുള്ളിയുടെ അനുഗ്രഹം ലഭിച്ചാൽ ആ വ്യക്തി തീർച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയിൽ ഒരുപാട് പേർക്ക് പുള്ളി അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ടെന്ന് ഷിജു പറയുന്നു.
സാമ്പത്തിക സഹായത്തെ കുറിച്ചല്ല പറയുന്നത്. നിങ്ങൾക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്ക് തോന്നിയാൽ, മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാൽ മതി. നിങ്ങൾ വിജയിച്ചിരിക്കും. മറ്റൊന്നും ചെയ്യണമെന്നില്ല. അത്രത്തോളം അനുഗ്രഹീതനായ വ്യക്തിയാണ്. മമ്മൂക്കയ്ക്ക് മുന്നിൽ പോയി നിൽക്കുമ്പോൾ ഇപ്പോൾ പോലും തനിക്ക് വിറവൽ വരുമെന്നും ഷിജു പറയുന്നു. ഇത്രയധികം സിനിമകൾ ചെയ്തിട്ടും അങ്ങനെയാണ്.
മറ്റുപല വലിയ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ അവരുടെ അടുത്തൊക്കെ നടൻ എന്നൊരു ഫീൽ മാത്രമേ തോന്നിയിട്ടുള്ളൂ. എന്നാൽ മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല. ഇപ്പോഴും മമ്മൂക്കയുടെ മുന്നിൽ പോയി ഇരിക്കാൻ പറഞ്ഞാൽ ഭയങ്കര പ്രശ്നമാണ്. അമ്മയുടെ മീറ്റിങ്ങിലൊക്കെ മമ്മൂക്കയ്ക്ക് ഒപ്പം ഇരിക്കുമ്പോൾ പ്രശ്‌നമാണെന്നും ബഹുമാനം കൊണ്ടുള്ള ഒരു ഭയമാണെന്നും ഷിജു പറയുന്നു.
മോഹൻലാലിന്റെ അടുത്ത് അങ്ങനൊരു ഭയം തോന്നിയിട്ടില്ലെന്ന് ഷിജു പറയുന്നുണ്ട്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അഭിനയത്തിൽ അദ്ദേഹത്തെ റഫറൻസ് ആക്കാറുണ്ട്. മലയാളത്തിൽ ഇത്ര നന്നായി ഡയലോഗ് റെൻഡർ ചെയ്യാൻ കഴിയുന്ന നടൻ വേറെയില്ല. ഇമോഷൻസിന് അനുസരിച്ച് അദ്ദേഹം എക്സ്പ്രഷൻ മാറ്റുന്നതും ഡയലോഗ് കട്ട് ചെയ്യുന്നതുമൊക്കെ ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് മമ്മൂക്കയുടെയും ഉപയോഗിക്കാറുണ്ട്. കണ്ടു ശീലിച്ചത് കൊണ്ട് ഇൻഫ്ളുവൻസ്ഡ് ആകുന്നതുമാവാമെന്ന് ഷിജു പറയുന്നു.
അതേസമയം ബിഗ് ബോസ് സീസൺ അഞ്ചിന്റെ ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളായി പ്രേക്ഷകർ കാണുന്ന ഒരാളാണ് ഷിജു. ഗെയിം മനസിലാക്കി ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ് താരം. പ്രായത്തെ മറന്ന് ഫിസിക്കൽ ടാസ്കുകളിൽ ഷിജു നടത്തുന്ന പ്രകടനം പ്രേക്ഷക ശ്രദ്ധനേടാറുണ്ട്.
