Malayalam
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി; വിമർശനവുമായി ഷീലു എബ്രഹാം
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി; വിമർശനവുമായി ഷീലു എബ്രഹാം
മലയാള സിനിമ ഇപ്പോൾ വളരെയധികം മോശം കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ വർഷം തുടക്കത്തിൽ തുടർച്ചയായി നൂറ് കോടി ക്ലബ്ബിൽ കയറി ഏറെ ചർച്ചയാകപ്പെട്ട മോളിവുഡ് ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന വിവാദങ്ങൾക്ക് പിന്നാലെയാണ്. ഇപ്പോൾ മലയാള സിനിമയുടെ മറ്റൊരു മുഖമാണ് എങ്ങും ചർച്ച ചെയ്യപ്പെടുന്നതും വിമർശനത്തിടയാക്കിക്കൊണ്ടിരിക്കുന്നതും.
ഈ സാഹചര്യത്തിലും ഓണ റിലീസുകളായി ഒരുപിടി ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നുണ്ട്. ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, ആന്റണി വർഗീസിന്റെ കൊണ്ടൽ, റഹ്മാൻ നായകനാകുന്ന ബാഡ് ബോയ്സ്, പുതുമുഖങ്ങളുടെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രധാന സിനിമകൾ.
താരങ്ങൾ തങ്ങളുടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടൊവിനോ തോമസും ആന്റണി പെപ്പേയും ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്… മിന്നിച്ചേക്കണേ… എന്ന തലക്കെട്ടോടെയാണ് വീഡിയോ താരങ്ങൾ പങ്കിട്ടത്.
നിമിഷങ്ങൾക്കുള്ളിലാണ് ഈ വീഡിയോ വൈറലായി മാറിയത്. പിന്നാലെ നടിയും നിർമാതാവുമായ ഷീലു എബ്രഹാം സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. താരങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ഷീലുവിന്റെ കുറിപ്പ്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുള്ളാണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ… എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ… എന്നാണ് ഷീലു കുറിച്ചത്.
അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ബാഡ് ബോയ്സ് സംവിധാനം ചെയ്തിരിക്കുന്നത് ഒമർ ലുലുവാണ്. റഹ്മാനും ധ്യാൻ ശ്രീനിവാസനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘ബാഡ് ബോയ്‌സ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.
തന്റെ മുൻചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ആക്ഷനും കോമഡിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു മുഴുനീള ഫാമിലി മാസ്സ് കോമഡി എന്റർടെയിൻമെന്റാണ് ചിത്രമെന്ന് ഒമർ ലുലു പറഞ്ഞിരുന്നു. ഫാമിലിക്ക് യോജിക്കുന്ന രീതിയിലല്ല തന്റെ ചിത്രങ്ങൾ എന്ന പരാതികൾക്ക് ഈ സിനിമയിലൂടെ മറുപടി നൽകും എന്ന സൂചനയും ഒമർ ലുലു പോസ്റ്റിലൂടെ നൽകിയിരുന്നു.
യുവതാരങ്ങളുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഒമർ ലുലുവും പ്രതിഷേധം അറിയിച്ചിരുന്നു. നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ട് വന്നവരല്ലേ… എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ… എന്തിനാണ് ഞങ്ങളെ അവഗണിച്ചത് എന്നാണ് ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും മെൻഷൻ ചെയ്ത് ഒമർ ചോദിച്ചത്.
ചിലർ യുവതാരങ്ങളുടെ സൗഹൃദത്തെ അംഗീകരിക്കൂവെന്ന് പറയുമ്പോൾ ടൊവിനോയ്ക്കും പെപ്പേയ്ക്കും ആസിഫിനുമുള്ള മറുപടിയായി ബാഡ് ബോയ്സ് തിയേറ്ററിൽ വൻ വിജയമാക്കി കാണിച്ച് കൊടുക്കണമെന്ന കമന്റുകളും വരുന്നുണ്ട്. ആര് എത്ര പ്രമോഷൻ നടത്തിയാലും നല്ല സിനിമകൾ മാത്രമെ എന്നും മലയാളത്തിൽ വിജയിച്ചിട്ടുള്ളുവെന്നും ചിലർ പറയുന്നു.