Actress
അതൊരു പാവം മനുഷ്യൻ, ഒരു കഥയില്ലാത്ത ഒരാൾ; ബാഡ് ബോയ്സിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിക്ക് മറുപടിയുമായി നടി ഷീലു എബ്രഹാം
അതൊരു പാവം മനുഷ്യൻ, ഒരു കഥയില്ലാത്ത ഒരാൾ; ബാഡ് ബോയ്സിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിക്ക് മറുപടിയുമായി നടി ഷീലു എബ്രഹാം
ഒമർ ലുലുവിൻ്റെ സംവിധാനത്തിൽ റഹ്മാൻ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബാഡ് ബോയ്സ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററിലെത്തിയ ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷീലു എബ്രഹാം.
‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. ഒരു കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ‘ എന്നും ഷീലു എബ്രഹാം പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സ്’ എന്ന സിനിമയിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി അഭിനയിച്ചിട്ടുമുണ്ട്. ആദ്യദിവസം തന്നെ സന്തോഷ് വർക്കി നെഗറ്റീവ് റിവ്യൂ പറഞ്ഞത് മാർക്കറ്റിങ് തന്ത്രമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. പിന്നാലെ റിവ്യൂ സ്വന്തം യൂട്യൂബ് ചാനലിൽ നിന്നും സന്തോഷ് വർക്കി നീക്കം ചെയ്തിരുന്നു.
അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷീലു എബ്രഹാം, ബാബു ആൻ്റണി, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, ബാല, അജു വർഗീസ്, ആൻസൻ പോൾ,ബിബിൻ ജോർജ്ജ്, സെന്തിൽ, രമേഷ് പിഷാരടി, ടിനി ടോം, സുധീർ, ഹരിശ്രീ അശോകൻ, ശങ്കർ, സോഹൻ സീനു ലാൽ, സജിൻ ചെറുകയിൽ, ഭീമൻ രഘു , മൊട്ട രാജേന്ദ്രൻ ആരാധ്യ ആൻ, മല്ലികാ സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻ്റെ ട്രെയിലറും, ഗാനങ്ങളും ട്രെൻഡിങ് ആയിരുന്നു.
ഒമറിൻ്റെ തന്നെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സാരംഗ് ജയപ്രകാശാണ്. ‘ ഒരു അഡാർ ലൗ ‘ എന്ന സിനിമക്ക് ശേഷം ഒമറും സാരംഗും ഒന്നിക്കുന്ന സിനിമയാണ് എന്ന സവിശേഷതയും ബാഡ് ബോയ്സിനുണ്ട്. ആൻ്റപ്പൻ എന്നാ ഗുണ്ടാ തലവൻ കഥാപാത്രത്തെയാണ് റഹ്മാൻ അവതരിപ്പിക്കുന്നത്.
അതേസമയം, ഈ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയോട് അനുബന്ധിച്ച് ടൊവിനോ തോമസും ആന്റണി പെപ്പേയും ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെതിരെ ഷീലു അബ്രഹാമും രംഗത്തെത്തിയിരുന്നു. ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്… മിന്നിച്ചേക്കണേ… എന്ന തലക്കെട്ടോടെയാണ് വീഡിയോ താരങ്ങൾ പങ്കിട്ടത്.
താരങ്ങളെ വിമർശിച്ചുകൊണ്ടായിരുന്നു ഷീലുവിന്റെ കുറിപ്പ്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ… പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുള്ളാണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ… എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ… എന്നാണ് ഷീലു കുറിച്ചത്.