Malayalam Breaking News
“വേദന മുഴുവൻ ഉള്ളിലൊതുക്കി ക്യാമറയെ അഭിമുഖീകരിക്കുക” -അതായിരുന്നു എന്റെ വിധി . നടി ഷീലയുടെ വെളിപ്പെടുത്തൽ .
“വേദന മുഴുവൻ ഉള്ളിലൊതുക്കി ക്യാമറയെ അഭിമുഖീകരിക്കുക” -അതായിരുന്നു എന്റെ വിധി . നടി ഷീലയുടെ വെളിപ്പെടുത്തൽ .
By
അന്നഭിനയിച്ച പോലെ പിന്നീട് അഭിനയിക്കേണ്ടി വന്നിട്ടില്ല. വേദന മുഴുവന്‍ ഉള്ളിലൊതുക്കി ചുണ്ടില്‍ ചിരിയുമായി ക്യാമറയെ അഭിമുഖീകരിക്കുക. അതായിരുന്നു എന്റെ വിധി. '' `അശ്വമേധ'ത്തിലെ ആ നിത്യസുന്ദര ഗാനചിത്രീകരണത്തിന്റെ ഓര്‍മ്മകളില്‍ മുഴുകി ഷീലയുടെ ആത്മഗതം. അഭിനയിച്ചു പാടേണ്ടത് ആഹ്ലാദം തുളുമ്പുന്ന പാട്ടാണ്. പുതിയൊരു ജീവിതത്തെ കുറിച്ചുള്ള ശുഭപ്രതീക്ഷകള്‍ നിറഞ്ഞ പാട്ട്. പക്ഷേ, പാടേണ്ടയാളുടെ മനസ്സ് നിറയെ അശുഭ ചിന്തകളാണെങ്കിലോ? പാട്ട് ചിത്രീകരിച്ചു തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് മൂത്ത ചേച്ചി ശരണ്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം ആരോ വന്നു പറയുന്നത്.
വലിയൊരു ഷോക്കായിരുന്നു അത്. സ്വാഭാവികമായും മനസ്സ് അസ്വസ്ഥമായി. എനിക്കേറ്റവും അടുപ്പമുള്ള ചേച്ചിയായിരുന്നു. ഒരു കൂട്ടുകാരിയെ പോലെ എന്നെ കൂടെ കൊണ്ടുനടന്ന ചേച്ചി.
തലേന്ന് വൈകുന്നേരവും ഞങ്ങള്‍ ഒരുമിച്ചു ഷോപ്പിംഗിനു പോയതാണ്. വലിയ സന്തോഷത്തിലാണ് പിരിഞ്ഞതും. അസുഖത്തിന്റെ ചെറിയ സൂചന പോലും ഉണ്ടായിരുന്നില്ല അപ്പോള്‍. എന്നിട്ടും എന്താണിങ്ങനെ? ഷൂട്ടിംഗ് മാറ്റിവെക്കാമോ എന്ന് അന്വേഷിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. വലിയ തുക മുടക്കി ഇട്ട സെറ്റ് ആണ്. നിര്‍മാതാവ് നഷ്ടം സഹിക്കേണ്ടിവരും. രണ്ടു മണിക്കൂറില്‍ തീര്‍ത്തു തരാം എന്ന ഉറപ്പില്‍ മനസ്സില്ലാ മനസ്സോടെ പാട്ടു സീന്‍ അഭിനയിച്ചു തീര്‍ക്കാന്‍ ഞാന്‍ സമ്മതിക്കുന്നു. ഓരോ ഷോട്ടും കഴിഞ്ഞാല്‍ അസ്വസ്ഥമായ മനസ്സോടെ സെറ്റിന്റെ ഒരു കോണില്‍ ഒറ്റക്ക് ചെന്നിരിക്കും. ഷോട്ട് റെഡി എന്ന അറിയിപ്പ് വന്നാല്‍ മുഖം തുടച്ചു പ്രസന്നവദനയായി വീണ്ടും ക്യാമറക്കു മുന്നിലേക്ക്. അങ്ങനെ അഭിനയിച്ചു തീര്‍ത്ത രംഗമാണ് അതെന്നു കണ്ടാല്‍ പറയുമോ?”
\
കഥ അവിടെ തീര്‍ന്നില്ല. ഷൂട്ടിംഗ് പാക്കപ്പ് ആയതിന് പിന്നാലെ കാറില്‍ നേരെ ആശുപത്രിയിലേക്ക് കുതിക്കുന്നു ഷീല. ഹൃദയഭേദകമമായ ഒരു വാര്‍ത്തയാണ് അവിടെ അവരെ കാത്തിരുന്നത്: ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് ചേച്ചി യാത്രയായിരിക്കുന്നു; ട്യൂബല്‍ പ്രെഗ്‌നന്‍സി ആണ് മരണകാരണം. “നേരത്തെ അറിഞ്ഞിട്ടും മരണവാര്‍ത്ത എന്നോട് പറയാതെ മറച്ചുവെച്ചിരിക്കുകയായിരുന്നു എല്ലാവരും. ഞാന്‍ കരഞ്ഞു പ്രശ്‌നമാക്കി ഷൂട്ടിംഗ് മുടങ്ങിയാലോ?
ഇന്നും ആ പാട്ടു കേള്‍ക്കുമ്പോള്‍, ഗാനരംഗം ടെലിവിഷനില്‍ കാണുമ്പോള്‍ മനസ്സില്‍ തെളിയുക ചേച്ചിയുടെ മുഖമാണ്. കരച്ചിലോടെ മാത്രമേ ആ രംഗം കാണാനാകൂ ഇന്നും എനിക്ക്. സ്റ്റുഡിയോവില്‍ ഞാന്‍ പ്രണയം അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ ചേച്ചി മരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന സത്യം ഓര്‍ക്കാനേ വയ്യ.
പത്തൊന്‍പതു വയസ്സേ ഉണ്ടായിരുന്നുള്ളൂ ചേച്ചിക്ക്. അശ്വമേധത്തിലെ ആ ഗാനരംഗത്തിലെ എന്റെ അഭിനയത്തെ പലരും പുകഴ്ത്തി കേള്‍ക്കുമ്പോള്‍ അത് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അതുകൊണ്ടു തന്നെ.” കൂടുതലൊന്നും ആ ഗാനത്തെക്കുറിച്ചു ചോദിക്കരുതേ എന്ന അപേക്ഷയോടെ മൗനിയാകുന്നു മലയാള സിനിമയിലെ പഴയ സ്വപ്നസുന്ദരി.
sheela about her shooting life incident.