Connect with us

ഷീലാമ്മയെ പോലൊരു പെണ്ണിനെയേ ഞാന്‍ കല്യാണം കഴിക്കൂ; ഷീലാമ്മ എന്നെ കെട്ടുമോ? ജയന്റെ ചോദ്യത്തെക്കുറിച്ച് ഷീല!

Actress

ഷീലാമ്മയെ പോലൊരു പെണ്ണിനെയേ ഞാന്‍ കല്യാണം കഴിക്കൂ; ഷീലാമ്മ എന്നെ കെട്ടുമോ? ജയന്റെ ചോദ്യത്തെക്കുറിച്ച് ഷീല!

ഷീലാമ്മയെ പോലൊരു പെണ്ണിനെയേ ഞാന്‍ കല്യാണം കഴിക്കൂ; ഷീലാമ്മ എന്നെ കെട്ടുമോ? ജയന്റെ ചോദ്യത്തെക്കുറിച്ച് ഷീല!

ചെമ്മീനിലെ കറുത്തമ്മ..കള്ളി ചെല്ലമ്മയിലെ ചെല്ലമ്മ..അനുഭവങ്ങള്‍ പാളിച്ചകളിലെ ഭവാനി..മനസ്സിനക്കരെയിലെ കൊമ്പനക്കാട്ടു കൊച്ചു ത്രേസ്യ..മലയാള സിനിമയുടെ ഒരു കാലഘട്ടത്തില്‍ നടി ഷീല ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ പറഞ്ഞുതീരാനാവുന്നതല്ല. അതേപോലെ മലയാള സിനിമ ഒരിക്കലും മറക്കാത്ത പേരാണ് ജയന്‍ എന്നത്. ഓണ്‍ സ്‌ക്രീനിലെ പൗരുഷത്വമായിരുന്നു ജയന്‍. ആക്ഷന്‍ എന്നാല്‍ ജയന്‍ ആയിരുന്നു മലയാളികള്‍ക്ക്. അതുവരെ മലയാള സിനിമ കണ്ട നായക സങ്കല്‍പ്പത്തിന് തീര്‍ത്തും വിഭിന്നനായിരുന്നു ജയന്‍. എന്നാല്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ 1980 ല്‍ ഇതുപോലൊരു നവംബര്‍ മാസത്തില്‍ ജയന്‍ മരണപ്പെടുകയായിരുന്നു. ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിലായിരുന്നു ജയന്റെ മരണം.

മലയാളിയുള്ളിടത്തോളം കാലം തന്നെ ഓര്‍ത്തിരിക്കാനുള്ളത് ചുരുങ്ങിയ കാലത്തെ കരിയറില്‍ തന്നെ ജയന്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്നും ജയനെക്കുറിച്ച് സംസാരിച്ചാല്‍ മലയാളികള്‍ക്ക് മതിയാകില്ല. ജയന്റെ കാലത്ത് ജനിക്കുക പോലും ചെയ്തിട്ടില്ലാത്ത ഇന്നത്തെ തലമുറയ്ക്കു പോലും അദ്ദേഹം സുപരിചിതനാണെന്നത് മലയാളിയുടെ മനസില്‍ എത്രത്തോളം ജയന്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നതിന്റെ തെളിവാണ്.

ഇപ്പോഴിതാ ജയനെക്കുറിച്ചും തങ്ങള്‍ ഒരുമിച്ച് ചെയ്യാനിരുന്ന സിനിമയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നടി ഷീല. പ്രമുഖ മാധ്യമത്തിന്റെ നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീല മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ

ജയന്റെ നായികയായി വീണ്ടുംഅഭിനയിക്കാനിരിക്കുകയായിരുന്നു. അതും താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍. എന്നാല്‍ നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പത്തെ നവംബര്‍ 16ന് രണ്ട് കാത്തിരിപ്പുകളും ഒരുപോലെ അവസാനിച്ചുവെന്നാണ് ഷീല പറയുന്നത്. പിന്നീട് താന്‍ മലയാള സിനിമയില്‍ സംവിധാനം ചെയ്തിട്ടില്ലെന്നും അതിന് മനസ് വന്നിട്ടില്ലെന്നും താരം പറയുന്നുണ്ട്. പിന്നാലെ ജയനെ ആദ്യമായി കണ്ടത് മുതലുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഷീല.

ജയനെ ആദ്യമായി കാണുന്നത് 48 വര്‍ഷം മുമ്പ് ശാപമോക്ഷം എന്ന സിനിയുടെ ലൊക്കേഷനില്‍ വച്ചാണെന്നാണ് ഷീല ഓര്‍ക്കുന്നത്. ഉമ്മറും താനുമായിരുന്നു നായകനും നായികയും. തങ്ങളുടെ വിവാഹത്തില്‍ പാട്ട് പാടുന്നയാളുടെ വേഷത്തിലാണ് ജയന്‍ അഭിനയിക്കുന്നത്. അന്ന് ജയന്‍ പ്രശസ്തനായിട്ടില്ലായിരുന്നുവെന്നും ഷീല പറയുന്നു. അന്ന് തന്നെ കണ്ടപ്പോള്‍ തന്നെ ജയന്‍ കാല്‍ തൊട്ട് വന്ദിച്ചുവെന്നും ഷീല ഓര്‍ക്കുന്നു.

ജയന്റെ പ്രവര്‍ത്തിയില്‍ തനിക്ക് അത്ഭുതം തോന്നിയെന്നും ഷീല പറയുന്നു. എല്ലാവരോടും എന്ത് വിനയത്തോടെയാണ് പെരുമാറ്റമെന്ന് ചിന്തിച്ചു. ഷോട്ട് കഴിയുമ്പോള്‍ എങ്ങനെയുണ്ട് ഷീലാമ്മേ എന്ന് ചോദിക്കുമായിരുന്നു. വളരെ നന്നായിട്ടുണ്ടെന്ന് പറയുമ്പോള്‍ മുഖത്ത് സന്തോഷം തെളിയുമെന്നും ഷീല ഓര്‍ക്കുന്നു. ഷീലാമ്മയോട് മാത്രമേ ചോദിക്കൂവെന്ന് ഉമ്മര്‍ ചോദിക്കുമ്പോള്‍ അല്ല സാറെ സാറും പറയണമെന്ന് ജയന്‍ മറുപടി നല്‍കും.

പിന്നീട് കുറേ സിനിമകളിലും ജയന്‍ ചെറിയ, വില്ലന്‍ വേഷങ്ങളിലെത്തി. ഒരു ദിവസം കൊണ്ട് നടനായി വന്ന താരമല്ല ജയനെന്നും സിനിമയിലേക്ക് എത്താന്‍ നന്നായി കഷ്ടപ്പെട്ടെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും അപ്പോള്‍ കഴിവ് തെളിയിക്കണ്ടേയെന്നും ജയന്‍ ചോദിക്കുമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ തനിക്ക് ജയനോട് ഒരുപാട് ബഹുമാനം തോന്നിയെന്നും ഷീല പറയുന്നു. അതിന് മുമ്പാരും അങ്ങനെ പറഞ്ഞിരുന്നില്ല.

ജയനോട് താന്‍ വിവാഹം കഴിക്കാത്തത് എന്തെന്ന് ചോദിച്ചിരുന്നു. സിനിമയില്‍ ഒന്നു നന്നാകട്ടെ എന്നിട്ട് കല്യാണം കഴിക്കും. വീട്ടില്‍ പോകുമ്പോള്‍ അമ്മയും ഇതേ കാര്യം ചോദിക്കും. സിനിമയില്‍ തന്നോട് വിവാഹത്തെപ്പറ്റി ചോദിക്കുന്നത് ഷീലാമ്മ മാത്രമാണെന്നും ജയന്‍ മറുപടി നല്‍കിയതായി ഷീല പറയുന്നു. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് താന്‍ വീണ്ടും ജയനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചു. വിവാഹിതനായി ഭാര്യയേയും കൂട്ടി വീട്ടിലേക്ക് വരണമെന്ന് പറഞ്ഞുവെന്നാണ് ഷീല പറയുന്നത്.

ഷീലാമ്മ എന്നെ കെട്ടുമോ എന്നായിരുന്നു ജയന്റെ മറുപടി. തമാശയായിരുന്നുവെങ്കിലും താനൊന്ന് ഞെട്ടിയെന്ന് ഷീല പറയുന്നു. ഷീലാമ്മയെ പോലൊരു പെണ്ണിനെയേ ഞാന്‍ കല്യാണം കഴിക്കൂ. എന്റെ സങ്കല്‍പ്പത്തിലെ പെണ്ണ് ഇതുപോലെയാണ്, ഷീലാമ്മയെ പോലെ. എല്ലാം തികഞ്ഞ പെണ്ണ് എന്നായിരുന്നു ജയന്‍ പറഞ്ഞതെന്നും ഷീല ഓര്‍ക്കുന്നുണ്ട്. പിന്നീട് ഷീല സംവിധാനം ചെയ്ത ശിഖരങ്ങള്‍ എന്ന സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്ലാതെ, ക്യാരക്ടര്‍ വേഷത്തിലും ജയനെത്തി.

ജയനെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നതാണ് ഷീല. ഈ സിനിമ നിര്‍മ്മിക്കാനായി ഷീലയും ജയനും മറ്റ് മൂന്ന് നിര്‍മ്മതാക്കളും ചേര്‍ന്ന് ഫൈവ് ഫിംഗേഴ്‌സ് എന്നൊരു നിര്‍മ്മാണക്കമ്പനിയും ആരംഭിച്ചു. അഞ്ച് പേരും ഇതിനായി ബാങ്കില്‍ തുകയും നിക്ഷേപിച്ചിരുന്നു. കഥയും ഷീലയുടേതായിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിക്കാനായില്ല. അതിന് മുമ്പേ ജയനെ മരണം കവരുകയായിരുന്നു. സിനിമ നടന്നില്ല. നിര്‍മ്മാണക്കമ്പനിയും നിശ്ചലമായി. പിന്നീട് ക്യാമറയുടെ പിന്നിലേക്ക് വരാന്‍ തനിക്ക് മനസ് വന്നില്ലെന്നും ഷീല പറയുന്നു.

മദ്രാസില്‍ നിന്നും ജയന്റെ മൃതദേഹം കൊണ്ടു പോയപ്പോള്‍ താന്‍ അനുഗമിച്ചിരുന്നുവെന്നും ഷീല പറയുന്നുണ്ട്. ജയന്‍ തനിക്ക് സഹോദരനായിരുന്നുവെന്നും എത്ര വര്‍ഷം കഴിഞ്ഞാലും ജയന് പകരക്കാരില്ലെന്നും അവര്‍ പറയുന്നു. തന്നെ ഷീലാമ്മ എന്ന് എല്ലാവരും വിളിക്കാറുണ്ട്, പക്ഷെ ജയന്‍ വിളിക്കുമ്പോള്‍ ആ വിൡയില്‍ സത്യവും സ്‌നേഹവും ആത്മാര്‍ത്ഥതയും താന്‍ അനുഭവിച്ചിരുന്നുവെന്നുമാണ് ഷീല പറയുന്നത്

More in Actress

Trending

Recent

To Top