Connect with us

അത്തരം ശ്രമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിലേക്ക് നയിക്കും; സിനിമയിലൂടെ വിഭിന്ന സംസ്‌കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളും തിരിച്ചറിയല്‍ കൂടിയാണ് നടക്കുന്നത്; ഷാരൂഖ് ഖാന്‍

Movies

അത്തരം ശ്രമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിലേക്ക് നയിക്കും; സിനിമയിലൂടെ വിഭിന്ന സംസ്‌കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളും തിരിച്ചറിയല്‍ കൂടിയാണ് നടക്കുന്നത്; ഷാരൂഖ് ഖാന്‍

അത്തരം ശ്രമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിലേക്ക് നയിക്കും; സിനിമയിലൂടെ വിഭിന്ന സംസ്‌കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളും തിരിച്ചറിയല്‍ കൂടിയാണ് നടക്കുന്നത്; ഷാരൂഖ് ഖാന്‍

ഏറ്റവും പുതിയ ചിത്രം പത്താന് എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങളിലും ക്യാംപെയ്‌നിംഗിലും പരോക്ഷ പ്രതികരണവുമായി ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഷാരൂഖ് ഖാന്‍ – ദീപിക പദുകോണ്‍ ചിത്രം പത്താനിലെ ഒരു പാട്ട് പുറത്തിറങ്ങിയത്. ദീപിക പദുകോണിന്റെ ഗ്ലാമറസ് രംഗങ്ങളാല്‍ സമ്പന്നമായ ഗാനരംഗത്തില്‍ ദീപികയുടെ വസ്ത്രത്തിലെ നിറത്തെ ചൊല്ലിയാണ് തീവ്ര വലത് സംഘടനകളും ബി ജെ പി നേതാക്കളും രംഗത്തെത്തിയത്.

ഗാനരംഗത്തിലെ ഒരു സീനില്‍ ദീപിക കാവി നിറമുള്ള വസ്ത്രവും ബിക്കിനിയും ധരിച്ച് വരുന്നുണ്ട്. ഇത് കാവി നിറത്തെ മലിനപ്പെടുത്തുന്നതാണ് എന്നും ഹിന്ദുത്വയ്‌ക്കെതിരായ നീക്കമാണ് എന്നും പറഞ്ഞാണ് സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്. പത്താന്‍ സിനിമ ബഹിഷ്‌കരിക്കണം എന്നും ഗാനത്തിലെ ഈ രംഗം ഒഴിവാക്കണം എന്നും മധ്യപ്രദേശ് ബി ജെ പി മന്ത്രി നരോത്തം മിശ്ര ഉള്‍പ്പടെ ഉള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ആണ് വിവാദങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി ഷാരൂഖ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. 28-ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു ഷാരൂഖ് ഖാന്റെ പരാമര്‍ശം. ഓരോ സിനിമയെ കുറിച്ചും സോഷ്യല്‍ മീഡിയ വഴി നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഇന്ന് ഏറെ ജനകീയമാണ് എന്ന് ഷാരൂഖ് ഖാന്‍ ചൂണ്ടിക്കാട്ടി.

വര്‍ത്തമാനകാലത്തെ നമ്മുടെ സാമൂഹിക ആഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്ക് ആണ് ഉള്ളത്. സോഷ്യല്‍ മീഡിയ സിനിമയെ പ്രതികൂലമായി ബാധിക്കും എന്ന പൊതു വിലയിരുത്തലില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ അഭിപ്രായം എന്നും ഇന്നത്തെ കാലത്ത് സിനിമയ്ക്ക് കുറേക്കൂടി വലിയ ഉത്തരവാദിത്തം ഉണ്ടെന്നാണ് താന്‍ കരുതുന്നത് എന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.

എന്നാല്‍ സോഷ്യല്‍ മീഡിയ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിന് പകരം ഭിന്നിപ്പിക്കലിനായി ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിഷേധാത്മകത എന്നത് സോഷ്യല്‍ മീഡിയ ഉപഭോഗത്തെ കൂട്ടുമെന്ന് താന്‍ എവിടെയോ വായിച്ചിട്ടുണ്ട് എന്നും അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും അതിന്റെ വിപണി സാധ്യതയും വര്‍ധിക്കും എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. അത്തരം ശ്രമങ്ങള്‍ സമൂഹത്തെ ഭിന്നിപ്പിലേക്ക് നയിക്കും.

മാനുഷികമായ ദൗര്‍ബല്യങ്ങളുടെ കഥകള്‍ ഏറ്റവും ലളിതമായ ഭാഷയിലാണ് സിനിമ അവതരിപ്പിക്കുന്നത് എന്നും അത് പരസ്പരം കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കുന്നു എന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. സഹതാപത്തിന്റേയും ഐക്യത്തിന്റേയും സ്‌നേഹത്തിന്റേയും കഥകളാണ് സിനിമ പറയുന്നത്. ലോക സിനിമയിലൂടെ വിഭിന്ന സംസ്‌കാരങ്ങളും നിറങ്ങളും ജാതികളും മതങ്ങളും തിരിച്ചറിയല്‍ കൂടിയാണ് നടക്കുന്നത്.

ഇതുപോലെയുള്ള ചലച്ചിത്രോത്സവങ്ങള്‍ മുന്‍വിധികളെ തകര്‍ക്കും എന്നും സിനിമയിലൂടെ നമുക്ക് വരുന്ന തലമുറയ്ക്കായി കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാം എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. മറ്റുള്ളവര്‍ എന്തുതന്നെ ചെയ്താലും തങ്ങളെപ്പോലെയുള്ളവര്‍ പോസിറ്റീവ് ആയി തന്നെ തുടരും എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ജനുവരി 25 ന് ആണ് പത്താന്‍ റിലീസ് ചെയ്യുന്നത്.

ഷാരൂഖ് ഖാന്‍ നായകനായി നാല് വര്‍ഷത്തിനു ശേഷം പുറത്തുവരുന്ന ചിത്രമാണ് പത്താന്‍. അതേസമയം പത്താന്‍ സിനിമ മധ്യപ്രദേശില്‍ തടയും എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിട്ടുണ്ട്. സിനിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ബഹിഷ്‌കരണ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

More in Movies

Trending

Recent

To Top