News
‘ഇന്ത്യന്‍ 2’ വില്‍ അന്തരിച്ച നടന്മാരായ നെടുമുടി വേണുവും വിവേകും ഉണ്ടാകും; വിഎഫ്എക്‌സ് ഉപയോഗിക്കുമെന്ന് ശങ്കര്‍
‘ഇന്ത്യന്‍ 2’ വില്‍ അന്തരിച്ച നടന്മാരായ നെടുമുടി വേണുവും വിവേകും ഉണ്ടാകും; വിഎഫ്എക്‌സ് ഉപയോഗിക്കുമെന്ന് ശങ്കര്‍
ശങ്കര്‍ ചിത്രം ‘ഇന്ത്യന്‍ 2’ വില്‍ അന്തരിച്ച നടന്മാരായ നെടുമുടി വേണുവിന്റെയും വിവേകിന്റെയും ബാക്കിയുള്ള രംഗങ്ങളില്‍ വിഎഫ്എക്‌സ് ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരു നടന്മാരുടെയും കുറച്ച് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാന്‍ ഉള്ളത്.
അതിനാല്‍ ഈ രംഗങ്ങളില്‍ വിഎഫ്എക്‌സ് ഉപയോഗിക്കാനാണ് ശങ്കറിന്റെ തീരുമാനം. ചില കാരണങ്ങളാല്‍ ചിത്രം രണ്ട് വര്‍ഷത്തിലേറെയായി ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ആ സമയത്താണ് ചിത്രത്തിലെ രണ്ട് പ്രധാന താരങ്ങളായ വിവേകിന്റെയും നെടുമുടി വേണുവിന്റേയും വിയോഗം സംഭവിക്കുന്നത്.
അന്തരിച്ച അഭിനേതാക്കളുടെ ബാക്കി ഭാഗങ്ങള്‍ വിഎഫ്എക്‌സ് ഉപയോഗിച്ച് ചെയ്യാമെന്നാണ് അദ്ദേഹത്തിന്റെ ആശയം. ശങ്കര്‍ ദക്ഷിണാഫ്രിക്കയില്‍ ‘ഇന്ത്യന്‍ 2’ ന്റെ ഒരു പ്രധാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.
അദ്ദേഹം ഇപ്പോള്‍ രാം ചരണ്‍ നായകനായ തന്റെ മറ്റൊരു ചിത്രമായ ‘ഗെയിം ചേഞ്ചറി’ലേക്ക് ശ്രദ്ധ കൊടുത്തിരിക്കുകയാണ്. ‘ഇന്ത്യന്‍ 2’ ന്റെ ചിത്രീകരണത്തിലേക്ക് ശങ്കര്‍ വീണ്ടും തിരിച്ചെത്തും. ജൂണില്‍ ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.