Connect with us

ഇത്രയും പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, തനിക്കത് തിരുത്തണം; ഷാന്‍ റഹ്മാന്‍

News

ഇത്രയും പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, തനിക്കത് തിരുത്തണം; ഷാന്‍ റഹ്മാന്‍

ഇത്രയും പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, തനിക്കത് തിരുത്തണം; ഷാന്‍ റഹ്മാന്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനം സംഗീത സംവിധാനം നിര്‍വഹിച്ചത് താനാണെന്ന് പറഞ്ഞുകൊണ്ടുള്ള ഗായകന്‍ സത്യജിത്തിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. താന്‍ ഈണം നല്‍കിയ ഗാനം ക്രെഡിറ്റ് നല്‍കാതെ ഷാന്‍ റഹ്മാന്‍ സ്വന്തം പേരില്‍ പുറത്തിറക്കുകയായിരുന്നുവെന്നും സത്യജിത്ത് ഫെയ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാന്‍ റഹ്മാന്‍. ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് ഒരിക്കലും താന്‍ ഏറ്റെടുക്കില്ലെന്നും ഒരിക്കലും അടിച്ചു മാറ്റി എന്ന പ്രയോഗം ഇതുവരെ കേള്‍പ്പിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

‘ഒരു അഡാര്‍ ലവ്’ എന്ന സിനിമയുമായി സംവിധായകന്‍ ഒമര്‍ ലുലു തന്നെ സമീപിച്ചപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ട ഒരു പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ഷാന്‍ ഓര്‍മിച്ചു. ഒരു പുതുമുഖത്തിന് അവസരം നല്‍കാന്‍ കൂടിയായിരുന്നു അദ്ദേഹം അക്കാര്യം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ അഭിപ്രായവുമായി യോജിച്ച് ഞങ്ങള്‍ മുന്നോട്ടു പോയി. കാക്കനാട്ടെ എന്റെ വീട്ടിലെത്തിയാണ് സത്യജിത്ത് ഫ്രീക്ക് പെണ്ണേ എന്ന ഈ പാട്ട് പാടി കേള്‍പ്പിച്ചത്. പാട്ട് ഇഷ്ടപ്പെട്ട താന്‍ അത് പ്രോഗ്രാമിങ്ങും അറേഞ്ചും പ്രൊഡ്യൂസും ചെയ്യാം എന്ന് സമ്മതിച്ചു. ആ പാട്ട് വരികളൊന്നും മാറ്റാതെ സത്യജിത്തിനെക്കൊണ്ടു തന്നെ പാടിച്ച് തന്റെ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും ഷാന്‍ എഴുതി.

‘സമൂഹമാധ്യമങ്ങളില്‍ വരുന്ന പല പാട്ടുകള്‍ക്കിടയില്‍ ഈ പാട്ട് മുങ്ങിപ്പോകരുത് എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഒമറും ഞാനും ആ പാട്ട് ഏറ്റെടുക്കാന്‍ തയാറായത്. ഞാന്‍ ചിട്ടപ്പെടുത്താത്ത പാട്ടുകളുടെ ക്രെഡിറ്റ് ഒരിക്കലും എടുത്തിട്ടുള്ള ആളല്ല ഞാന്‍. അതേ സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനം ഉള്‍പ്പെടെ.’

ഇത്തരത്തില്‍ വരുന്ന കലാകാരന്മാരെ സംഗീതസംവിധായകരല്ല റാപ്പേഴ്‌സ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് ഷാന്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് സാധാരണയായി ഗായകന്‍, ഗാനരചയിതാവ് എന്ന ക്രെഡിറ്റുകള്‍ ആണ് നല്‍കുക. എമിനെം എന്ന സുപ്രസിദ്ധ റാപ്പറിനെ നമ്മള്‍ സംഗീതസംവിധായകനെന്നല്ല റാപ്പര്‍ എന്നാണ് വിളിക്കുന്നത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ‘എന്നിലെരിഞ്ഞു തുടങ്ങുന്ന തീക്കനല്‍’, കിങ് ഓഫ് കൊത്തയിലെ ടൈറ്റില്‍ ട്രാക്ക് തുടങ്ങിയവ ചെയ്ത റസി, ഫെജോ തുടങ്ങിയ നിരവധി റാപ്പര്‍മാര്‍ക്കൊപ്പം താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഫ്രീക്ക് പെണ്ണേ എന്ന ഗാനം അതിന്റെ മ്യൂസിക്ക് പ്രൊഡക്ഷനെ മാത്രം ആശ്രയിച്ച് ഹിറ്റായ പാട്ടാണ്. അല്ലെങ്കില്‍ ആ പാട്ട് ആരും ശ്രദ്ധിക്കാതെ പോയേനെ. ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ഗാനമാണത്. അത് ഒരു റാപ്പ് ഗാനത്തിനും മുകളിലായിരുന്നു. പാട്ട് റിലീസ് ചെയ്തപ്പോള്‍ ഒരുപാട് ഡിസ്‌ലൈക്കുകള്‍ ലഭിച്ചിരുന്നു. അതിന്റെ കാരണം അറിയില്ലെങ്കിലും എനിക്ക് വലിയ വിഷമമായിരുന്നു.’

‘ഓഡിയോ കമ്പനിയോട് സത്യജിത്തിന്റെ പേര് കംപോസര്‍ ആയും എന്റെ പേര് മ്യൂസിക് പ്രൊഡ്യൂസര്‍ ആയും ഇടാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. യൂട്യൂബിലെ പേര് വരും ദിവസങ്ങളില്‍ മാറ്റും. പാട്ട് റിലീസ് ചെയ്ത ദിവസത്തിന് ശേഷം ഒരുപാട് ഡിസ്‌ലൈക്ക് വരുന്നത് കണ്ടു വിഷമം തോന്നിയതുകൊണ്ട് ഞാന്‍ പിന്നെ ആ പാട്ട് കണ്ടിരുന്നില്ല. ഓഡിയോ കമ്പനികള്‍ പൊതുവെ ‘സംഗീത സംവിധാനം, ക്രമീകരണം ഷാന്‍ റഹ്മാന്‍’ എന്ന് ഇടുന്ന പതിവുണ്ട്. ആ സിനിമയിലെ എല്ലാ പാട്ടുകള്‍ക്കും അങ്ങനെയാണ് അവര്‍ ഇട്ടിരിക്കുന്നത്. ഗായകരുടെ പേരുകളും മറ്റും ശരിയാണോ എന്നത് സിനിമയുടെ നിര്‍മാതാക്കളാണ് ശ്രദ്ധിക്കാറുള്ളത്. ഇന്ന് മുതല്‍ പേരുകള്‍ ഉള്ളിടത്തെല്ലാം മാറ്റും, അതോടെ സത്യജിത്തിനു സമാധാനം ലഭിക്കുമെന്ന് കരുതുന്നു.’

‘പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുമ്പോള്‍, അത് അവര്‍ നിസ്സാരമായി എടുക്കുന്നത് കാണുമ്പോള്‍ ശരിക്കും സങ്കടമുണ്ട്. വരും കാലത്ത് പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുമ്പോള്‍ രണ്ടു തവണ ചിന്തിക്കണം എന്ന പാഠമാണ് ഇതില്‍ നിന്ന് എനിക്ക് കിട്ടിയത്. കൂടുതല്‍ നല്ല നല്ല ഗാനങ്ങള്‍ രചിക്കാനും മികച്ച കരിയര്‍ പടുത്തുയര്‍ത്താനും സത്യജിത്തിന് എന്റെ ആത്മാര്‍ഥമായ ആശംസകള്‍.’

തന്റെ ശ്രോതാക്കള്‍ക്ക് വേണ്ടി ഒരുപാട് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തില്‍ ഭൂതം മുതല്‍ മലര്‍വാടി, തട്ടം, ജേക്കബിന്റെ സ്വര്‍ഗരാജ്യം, ഗോദ, മിന്നല്‍, ജിമിക്കി, കുടുക്ക് തുടങ്ങി നിരവധി ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കലും അടിച്ചു മാറ്റി എന്ന പ്രയോഗം ഇതുവരെ കേള്‍പ്പിച്ചിട്ടില്ല. ചെയ്ത ഇത്രയും പാട്ടുകള്‍ക്കിടയില്‍ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റല്‍ ആണെങ്കില്‍, തനിക്കത് തിരുത്തണമെന്ന് പറഞ്ഞുകൊണ്ടാണ് ഷാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

More in News

Trending

Recent

To Top