News
കാലം ഇത്ര കഴിഞ്ഞിട്ടും കേരളത്തിന് മാറ്റമില്ല; തമിഴ്‌നാട്ടിൽ എന്നെ ഇപ്പോൾ അമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല !
കാലം ഇത്ര കഴിഞ്ഞിട്ടും കേരളത്തിന് മാറ്റമില്ല; തമിഴ്‌നാട്ടിൽ എന്നെ ഇപ്പോൾ അമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല !
തെന്നിന്ത്യയിൽ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലാത്ത നായികയാണ് ഷക്കീല. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മുഖം. ബി ഗ്രേഡ് ചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന നടിയ്ക്ക് അക്കാലത്തെ സൂപ്പർ താരങ്ങളേക്കാൾ മാർക്കറ്റുണ്ടായിരുന്നു.
കുടുംബത്തിന്റെ പട്ടിണി അകറ്റാനാണ് ഷക്കീല സിനിമയിലേക്ക് ചെറുപ്രായത്തിൽ തന്നെ കാലെടുത്തുവച്ചത്. പക്ഷെ സിനിമയുടെ ദാരിദ്ര്യമാണ് ശരിക്കും ഷക്കീല അകറ്റിയത്. അത്രത്തോളം മലയാള സിനിമാ മേഖല ഷക്കീലയോട് കടപ്പെട്ടിരിക്കുന്നു.
തമിഴ് ചിതങ്ങളിലൂടെയാണ് ഷക്കീല കരിയർ ആരംഭിച്ചത്. പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി ഇവിടെ തിളങ്ങുകയായിരുന്നു. 90 കളിൽ മോളിവുഡ് ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് ഷക്കീല ചിത്രങ്ങൾ വാരിയത്. കഷ്ടപ്പാടിലൂടെ കടന്നുപോയ പല നിർമ്മാതാക്കൾക്കും രക്ഷയായത് ഷക്കീല ചിത്രങ്ങളായിരുന്നു. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടെ നടി അഭിനയിച്ചിട്ടുണ്ട്.
ഏകദേശം 20 വർഷത്തിലധികം സിനിമയിൽ സജീവമായിരുന്ന നടി പിൽക്കാലത്ത് ബി ഗ്രേഡ് സിനിമകൾ ചെയ്യുന്നത് നിർത്തിയിരുന്നു. തന്നെ നിർമ്മാതാക്കളും സംവിധായകരും ചൂഷണം ചെയ്യുകയായിരുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് അത്തരമൊരു തീരുമാനത്തിലേക്ക് പോയതെന്ന് നടി പറഞ്ഞിരുന്നു. അടുത്തിടെയായി തമിഴിൽ ടെലിവിഷൻ പരിപാടികളിലും ചില സിനിമകളിലും ഒക്കെ ഷക്കീല എത്തിയിരുന്നു. വലിയ സ്വീകാര്യതയാണ് താരത്തിന് അവിടെ ലഭിക്കുന്നത്.
അതേസമയം, കേരളത്തിൽ നടിയോടുള്ള ആളുകളുടെ മനോഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. കോഴിക്കോട്ടെ പ്രമുഖമാളിൽ പരിപാടിക്ക് എത്തുന്നതിൽ നിന്ന് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് വിലക്കിയതാണ് കാരണം.
ഒമർ ലുലുവിന്റെ നല്ല സമയം എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിന് മുൻകൂട്ടി അനുമതി നൽകിയിരുന്നെങ്കിലും ഷക്കീല പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോൾ അധികൃതർ എതിർപ്പറിയിച്ചു എന്നാണ് ആരോപണം.
കേരളത്തിലെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നിയെന്ന് പറയുകയാണ് ഷക്കീല . തമിഴ്നാട്ടിൽ പ്രേക്ഷകർക്ക് തോന്നോടുള്ള കാഴ്ചപ്പാട് മാറിയെന്നും മാറാത്തത് കേരളത്തിലാണെന്നും ഷക്കീല പറയുന്നു. ഒരു പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
‘കേരളത്തിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. കേരളം ഇത്രയും കാലം കഴിഞ്ഞിട്ടും ഒട്ടും മാറിയിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. നല്ല കഥാപാത്രങ്ങൾക്ക് അഡ്വാന്‍സ് തന്ന് അതെല്ലാം കഴിഞ്ഞ് പിന്നീട് എന്നെ വിളിക്കാതിരിക്കുന്ന നിരവധി സിനിമാക്കാര്‍ ഇന്നും മലയാളത്തിലുണ്ട്. ഒരു തെന്നിന്ത്യൻ നടിയെന്ന നിലയില്‍, ഞാന്‍ പണ്ട് കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്.
ഞാന്‍ മോശമായ സിനിമകള്‍ ചെയ്യുന്നത് മലയാളികള്‍ക്ക് ഇഷ്ടമല്ലെന്നാണ് കരുതുന്നത്. അതെന്നോടുള്ള സ്‌നേഹമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ പോസിറ്റീവായാണ് ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത്. ഞാന്‍ നല്ല സിനിമകള്‍ ചെയ്യണമെന്നു കരുതിയാണ് മലയാളികള്‍ എന്നെ അവോയ്ഡ് ചെയ്യുന്നത് എന്നാണ് വിചാരിക്കുന്നത്,’
‘ഞാൻ തമിഴിലും കന്നടയിലും നല്ല സിനിമകൾ ചെയ്‌തു. തമിഴില്‍ കുക്കിങ് അടക്കം പല ടെലിവിഷൻ പരിപാടികളിലും ഞാന്‍ പങ്കെടുക്കാൻ തുടങ്ങി. അതൊക്കെ കൊണ്ട് അവിടെ എല്ലാവരും എന്നെ അമ്മ എന്നാണ് ഇപ്പോൾ വിളിക്കുന്നത്. തമിഴ്‌നാട്ടില്‍ എല്ലാം മാറി. എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതിലെ കമന്റ്‌സില്‍ പോലും ഞാനവവര്‍ക്ക് അമ്മയാണ്. കേരളത്തിലും എല്ലാം മാറിയെന്ന് കരുതിയെങ്കിലും പക്ഷെ അങ്ങനെയല്ല,’
ഇവിടെ വന്ന് കാല് കുത്തുന്നതിന് മുന്‍പേ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയെന്ന് ഞാനറിഞ്ഞു. എന്നെ വേണ്ടെന്ന് പറഞ്ഞതിന്റെ കാരണം പോലും എനിക്ക് മനസിലായി. തീർച്ചയായും എനിക്ക് വിഷമം തോന്നി. പഴയ സിനിമകളോർത്ത് എനിക്ക് കുറ്റബോധമില്ല. 22 വര്‍ഷവും എനിക്ക് കിട്ടിയ സിനിമകളാണ് ഞാന്‍ ചെയ്തത്. നിങ്ങള്‍ തന്നെയാണ് ആ സിനിമകളൊക്കെ കണ്ടതും എന്നെ സ്റ്റാറാക്കിയതും. എല്ലാം മാറും,’
’20 വര്‍ഷങ്ങമായി ഞാൻ അത്തരം സിനിമകളൊക്കെ ഉപേക്ഷിച്ചിട്ട്. എന്നിട്ടും എന്തുകൊണ്ടാണ് എന്നെ സ്വീകരിക്കാത്തതെന്ന് മനസിലാകുന്നില്ല. മലയാളത്തില്‍ നിന്ന് നിരവധി പേര്‍ തമിഴിലേക്ക് എത്തുന്നുണ്ട്. ഞങ്ങള്‍ അവരെ നന്നായി സ്വീകരിക്കാറുണ്ട്. പക്ഷേ തമിഴില്‍ നിന്ന് മലയാളത്തിലെത്തി നല്ല സ്വീകരണം കിട്ടുന്ന ആരാണുള്ളത്?’, ഷക്കീല പറഞ്ഞു.
തനിക്ക് ഇപ്പോൾ അമ്മ വേഷങ്ങൾ ഉൾപ്പടെ ഏത് വേഷങ്ങളും ചെയ്യാൻ കഴിയും. മലയാളത്തിലേക്ക് തിരിച്ചു വരണമെന്നും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുമുള്ള ആഗ്രഹം ഷക്കീല പ്രകടിപ്പിച്ചു. സിനിമകളെ എന്റർടൈമെന്റ് ആയി മാത്രം കാണണമെന്നും ഷക്കീല കൂട്ടിച്ചേർത്തു.
About shakkeela
