Connect with us

ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ.കരുണിന്

Malayalam

ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ.കരുണിന്

ജെ.സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി എൻ.കരുണിന്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേൽ പുരസ്‌കാരത്തിന് അർഹനായി സംവിധായകൻ ഷാജി എൻ.കരുൺ. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ് ഷാജി എൻ കരുൺ.

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എൻ കരുൺ എന്ന് ജൂറി വിലയിരുത്തി. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി, ജി.അരവിന്ദന്റെ ക്യാമറാമാൻ എന്ന നിലയിൽ മലയാളത്തിലെ നവതരംഗ സിനിമയക്ക് സർഗാത്മകമായ ഊർജം പകർന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

1952 ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി എൻ കരുൺ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിരുദവും പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1988 ൽ പുറത്തിറങ്ങിയ പിറവിയാണ് ആദ്യ സംവിധാന സംരംഭം. സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക്, സ്വപാനം, ഓള് തുടങ്ങിയ ചിത്രങ്ങളാണ് ഷാജി എൻ കരുൺ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. ഇതിന് പുറമേ നാൽപതോളം ചിത്രങ്ങൾക്ക് ഷാജി എൻ കരുൺ ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദൻ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓർഡർ ഓഫ് ആർട്‌സ് ആന്റ് ലെറ്റേഴ്‌സ്’, പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

More in Malayalam

Trending