Malayalam
പുലിമുരുകനും ലൂസിഫറും വരുന്നതിനു മുന്‍പ് , മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ !!!
പുലിമുരുകനും ലൂസിഫറും വരുന്നതിനു മുന്‍പ് , മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ !!!
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ചെത്തി സൂപ്പര്‍ഹിറ്റായ ചിത്രങ്ങളിന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ചിത്രങ്ങള്‍ മാത്രമല്ല, അതിലെ കഥയും കഥാപാത്രങ്ങളും മലയാളികള്‍ക്ക് കാണാപാഠമാണ്. അത്രയേറെ, മലയാളികളെ കയ്യിലെടുക്കുന്ന ഒരു മാജിക്കല്‍ കോംബോ ആയിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍.
മോഹന്‍ലാലിനെ ഇന്ന് കാണുന്ന താരപദവിയിലേയ്ക്ക് ഉയര്‍ത്തിയത് അഭിനയമികവ് കൊണ്ട് മലയാളികളെ ത്രസപ്പിച്ച ഈ സൂപ്പര്‍ കോംബോ തന്നെയാണ്. എന്നാല്‍ വളരെ നാളുകളായി ഈ കോംബോ വീണ്ടും ഒന്നിച്ചിട്ട്. അടുത്തിടെ രോഗബാധിതനായി ചികിത്സയിലായിരുന്നു ശ്രീനിവാസന്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്ത് മോഹന്‍ലാല്‍ നല്‍കിയ ആ ചുംബനം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുകയാണ്. മലയാള സിനിമയ്ക്ക് തന്നെ അത്രമേല്‍ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരിക്കാം ഇത്.
എന്നാല്‍ ഇതിനിടെ മൂവീസ്ട്രീറ്റില്‍ ഷാഫി പൂവത്തിങ്കല്‍ എഴുതിയ ഒരു ലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സേഖനത്തില്‍ പറയുന്നത് ഇങ്ങനെയാണ്;
മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് അയാള്‍ തൊണ്ണൂറുകള്‍ക്കിപ്പുറം അഭിനയിച്ച മാസ് ഹീറോ കഥാപാത്രങ്ങളോ ജിസിസിയിലെ മോഹന്‍ലാലിന്റെ മാര്‍ക്കറ്റ് വികസിപ്പിച്ച പുലിമുരുഗനോ ലൂസിഫറോ ഒന്നുമല്ല. അല്ലെങ്കില്‍ ഈ പറഞ്ഞ സിനിമകളേക്കാള്‍ മോഹന്‍ലാലിനെ മോഹന്‍ലാലാക്കിയത് , അനിഷേധ്യമായ അയാളുടെ ജനപ്രീതിക്ക് അടിത്തറയായത് അയാളഭിനയിച്ച ബോയ് നെക്സ്റ്റ് ഡോര്‍ കഥാപാത്രങ്ങളാണ്.
അത്തരം കഥാപാത്രങ്ങള്‍ മര്‍മ്മമായ സിനിമകളാണ്. ശ്രീനിവാസനെഴുതിയ, ശ്രീനിവാസനും മോഹന്‍ലാലും ഒരുമിച്ചഭിനിയിച്ച സിനിമകള്‍.
നാടാടോടിക്കോറ്റും ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും മിഥുനവുമടക്കം നിരവധി സിനിമകള്‍. ഒരു തലമുറക്ക് അവരുടെ ദൈനംദിന വ്യഥകള്‍,പട്ടിണികള്‍, ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടങ്ങള്‍, തരികിടകള്‍, തെമ്മാടിത്തരങ്ങള്‍ ഏറ്റവും റിലേറ്റ് ചെയ്യാനും തിയ്യേറ്ററിലെ ഇരുട്ടിലനുഭവിച്ച കഥാര്‍സിസില്‍ സ്വന്തം ദൈനംദിന പ്രശ്‌നങ്ങള്‍ മറക്കാനും സഹായിച്ച സിനിമകള്‍.
ഇന്നത്തെ സിനിമാ ആസ്വാദക സമൂഹത്തിന്റെ വലിയൊരു വിഭാഗം ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണ്.അത് കണ്ട് ചിരിച്ചവരാണ്.കരഞ്ഞവരാണ്. ആ സിനിമകള്‍ കണ്ട് ഉള്ളില്‍ സിനിമയുണ്ടാക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചവരാണ്.
അവരുടെ സിനിമകളിലെ നിറത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തെ വിമര്‍ശിച്ച് വിമര്‍ശകരായവരാണ്.
ആ സിനിമകളുടെ, അതിന്റെ സൗന്ദര്യാത്മകതയുടെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ പോലും ലാലും ശ്രീനിയും സൃഷ്ടിച്ച സിനിമകളുടെ ക്രാഫ്റ്റിനോട് അതിന്റെ അനുഭൂതി സാധ്യതകളോട് രഹസ്യമായെങ്കിലും ആദരവ് സൂക്ഷിക്കുന്നവരാണ്. ആ നിലക്ക് മലയാളിയുടെ സിനിമാ ജീവിതത്തില്‍, നിത്യ വ്യവഹാരത്തില്‍ ഇത്രയധികം സ്വാധീനമുള്ള, ഏതെങ്കിലും നിലക്ക് ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത, അനിഷേധ്യമായ ഒരു ദ്വയം ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ശ്രീനിവാസന്‍ ദ്വയമാണ്.
അവരുടേതായ കാരണങ്ങള്‍ കൊണ്ട് അവര്‍ അകല്‍ച്ചയിലായിരുന്നു. ഇപ്പോള്‍, തങ്ങളുടെ കരിയറിന്റെ, ജീവിതത്തിന്റെ സായാഹ്നത്തില്‍ അവരിങ്ങനെ വീണ്ടും ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ആ ചിത്രം മലയാളി ആഘോഷിക്കുന്നതില്‍ ഒട്ടും അത്ഭുതമില്ല.കാരണം ആ ചിത്രം ചെന്ന് കൊള്ളുന്നത് മലയാളിയുടെ ഹൃദയത്തിലേക്കാണ്.
മലയാളി കരയുകയും ചിരിക്കുകയും ചെയ്ത, മലയാളി സിനിമ കാണാനും സിനിമ ഉണ്ടാക്കാനും സിനിമയെ വിമര്‍ശിക്കാനും പഠിച്ച കൊട്ടകയിരുട്ടിന്റെ ഗൃഹാതുരത്വത്തിലേക്കാണ്. ഓര്‍മയുടെ, ജീവിതത്തിന്റെ, പോയകാലത്തിന്റെ ഒരു നേര്‍ത്ത കുളിരുണ്ടതിന്. കാലപ്രവാഹം പല നിലക്കും ഒരു നിമിഷമെങ്കിലും ഈ ചിത്രത്തില്‍ നിശ്ചലമാകുന്നുണ്ട്.