Connect with us

4 മക്കളെയും രോഗിയായ ഭാര്യയെയും തനിച്ചാക്കി ഷാബു മടങ്ങി, ഇനിയെന്ത്?

Malayalam

4 മക്കളെയും രോഗിയായ ഭാര്യയെയും തനിച്ചാക്കി ഷാബു മടങ്ങി, ഇനിയെന്ത്?

4 മക്കളെയും രോഗിയായ ഭാര്യയെയും തനിച്ചാക്കി ഷാബു മടങ്ങി, ഇനിയെന്ത്?

ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാർത്ത സൃഷ്ടിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിയ കലാകാരൻ വിടവാങ്ങൾ പല സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും വലിയ അളവിൽ തേടിയെത്തിയ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഷാബുരാജിന്റെ അപ്രതീക്ഷിത വിയോഗം.. ഷാബുരാജിന്റെ ഓർമകൾ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ കൂട്ടുകാരും സഹപ്രവർത്തകരും.

ജേഷ്ഠതുല്യനായ ഷാബുരാജിന്റെ ഓർമകൾ കലാകാരനും ടെലിവിഷൻ താരവുമായ ശംഭു കല്ലറ പങ്കുവയ്ക്കുന്നു.
നിരവധി ട്രൂപ്പുകളുടെ ഭാഗമായ കലാകാരനാണ് ഷാബുരാജ്. അത്രേയെറെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം കോമഡി സ്റ്റാർസിൽ എത്തുന്നത്. എനിക്കും ഷാബുവിനും ദീപു നാവായിക്കുളത്തിനും ഒരു മുറിയായിരുന്നു അവിടെ ലഭിച്ചത്. ലോക്ഡൗണിനെ തുടർന്ന് ഷൂട്ട് അവസാനിപ്പിച്ചു വരുമ്പോൾ ആ മുറിയിൽ നിന്നാണ് ഞങ്ങള്‍ ഇറങ്ങിയത്. സാധാരണ പോലെ സംസാരിച്ചും കളിച്ചും ചിരിച്ചും വൈകാതെ തിരിച്ചുവരാനാകും എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് എല്ലാവരും നാട്ടിലേക്കു തിരിച്ചത്. പക്ഷേ ഇനി ഞങ്ങളുടെ മുറിയിൽ ഷാബു ഉണ്ടാകില്ല എന്നത് വിശ്വസിക്കാനാവുന്നില്ല.

ഒരു കലാകാരനെന്ന നിലയിൽ എന്തിനും തയാറായ മനുഷ്യനായിരുന്നു അദ്ദേഹം. ഏതു വേഷവും ചെയ്യും. അറിയാത്ത കാര്യങ്ങൾ പഠിക്കും. ഒരു സകലാവല്ലഭൻ. ഞങ്ങൾ രണ്ടു പേരും സ്ത്രീ വേഷങ്ങൾ ചെയ്തിരുന്നു. അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതു കൊണ്ട് പലപ്പോഴും അദ്ദേഹത്തിനു ലഭിക്കേണ്ട അഭിനന്ദനങ്ങൾ എന്നെ തേടിയെത്താറുണ്ട്. ‘ചേട്ടത്തിയും അനിയത്തിയും’ എന്നായിരുന്നു ഞങ്ങൾ അവിടെ അറിയപ്പെട്ടിരുന്നത്. രണ്ടു കലാകാരന്മാര്‍ തമ്മിലുള്ള ബന്ധമല്ല, സഹോദര ബന്ധമായിരുന്നു ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നത്.

ഞാനിപ്പോൾ ആലപ്പുഴയിലാണ്. ലോക്ഡൗണ്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്കു പോകാനാകില്ല. അവസാനമായി ഒന്നു കാണാൻ പോലുമാകാതെ ഷാബു പോവുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ.

പകർന്നാടാൻ ഇനിയുമേറെ ബാക്കിയാക്കി, ജീവിച്ചു കൊതി തീരാതെ ഷാബുരാജ് വിടവാങ്ങിയതിന്റെ വേദനയിലാണ് സുഹൃത്തുക്കൾ. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷ നൽകിയ ശേഷമായിരുന്നു പ്രിയകലാകാരൻ യാത്രയായത്. പ്രേക്ഷകരുടെ സ്നേഹവും അംഗീകാരവും ലഭിക്കുകയെന്ന കലാകാരന്റെ സ്വപ്നം പൂവണിഞ്ഞ് ഏറെ വൈകാതെ ഷാബു വിടപറയുമ്പോൾ, ആ മരണം ഉൾകൊള്ളാനാകുന്നില്ല സുഹൃത്തും കലാകാരനുമായ ശശാങ്കൻ മയ്യനാടിന്. എത്രയോ വേദികളിൽ ഒന്നിച്ചു പ്രകടനം നടത്തി. എത്രയോ ഓര്‍മകൾ സമ്മാനിച്ചാണ് ഷാബു മടങ്ങുന്നത്. പ്രിയ സുഹൃത്തിന്റെ നീറുന്ന ഓർമകള്‍ ശശാങ്കൻ മയ്യനാട് പങ്കുവയ്ക്കുന്നു. കൊല്ലത്തെ ആശുപത്രിയിലേക്ക് ഷാബുവിനെ മാറ്റിയപ്പോള്‍ ഞാനും അവിടെ എത്തിയിരുന്നു. ഷാബു അപ്പോൾ ഐസിയുവിൽ ആയിരുന്നു. കുഴപ്പമൊന്നുമുണ്ടാവില്ല, അവൻ തിരിച്ചുവരും എന്നു തന്നെയായിരുന്നു വിശ്വാസം. പക്ഷേ, പ്രതീക്ഷകൾ തകർത്ത് അവൻ പോയി. യാതാെരു അസുഖവുമുള്ളതായി അറിവില്ലായിരുന്നു. മുൻപ് ഒരു സൈലന്റ് അറ്റാക്ക് കഴിഞ്ഞിട്ടുണ്ടെന്നു ഡോക്ടർ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്.

വർഷങ്ങളായുള്ള പരിചയവും അതിൽ നിന്നു രൂപപ്പെട്ട ആത്മബന്ധവുമാണ് ഞങ്ങൾ തമ്മിലുള്ളത്. ‘കലാഭാവന’ എന്ന ട്രൂപ്പിലാണ് ആദ്യമായി ഒന്നിച്ചത്. എന്നെ പ്രശ്സതിയിലേക്ക് ഉയർത്തിയ ‘ആദ്യരാത്രി’ എന്ന സ്കിറ്റ് ആദ്യം വേദികളിലാണ് അവതരിപ്പിച്ചത്. അന്ന് ഷാബുവായിരുന്നു എന്റെ അമ്മ വേഷം ചെയ്തത്. ഒരുപാട് വേദികളിൽ ഷാബു അമ്മയായി കയ്യടി നേടി.

‘മാഗ്‌നറ്റോ’ എന്ന സമതിയിലായിരുന്നു ഞങ്ങൾ അവസാനമായി ഒന്നിച്ചത്. കഴിഞ്ഞ വർഷത്തെ ഞങ്ങളുടെ പ്രോഗ്രാം സൂപ്പർ ഹിറ്റ് ആയിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഈ വർഷം പ്രോഗ്രാം അധികം വേദികളിൽ അവതരിപ്പിക്കാനായില്ല. അതുകൊണ്ട് അടുത്ത വർഷവും ഇതേ പ്രോഗ്രാം തുടരാനും ഈ ടീമിനെ നിലനിർത്താനും മാഗ്‌നറ്റോ തീരുമാനിച്ചു. പക്ഷേ ഇനി ആ പ്രോഗ്രാമിന് ഷാബു ഉണ്ടാവില്ല. എത്ര ശ്രമിച്ചിട്ടും ഇക്കാര്യം ഉൾകൊള്ളാനാവുന്നില്ല. എത്ര അപ്രതീക്ഷിതമായ വിയോഗമാണിത്. പകർന്നാടാൻ എത്രയോ വേഷങ്ങള്‍ ബാക്കിയാക്കിയാണ് അവൻ പോയത്.

നാട്ടിൽ കാണുന്നവരെല്ലാം ചോദിക്കുന്നത് ഷാബുവിനെ കുറിച്ചാണ്. കലയേയും ഹാസ്യത്തേയും സ്നേഹിക്കുന്നവർക്ക് മറക്കാനാവില്ല ആ മുഖം. അത്രയേറെ ചിരിപ്പിച്ചിട്ടുണ്ട് എല്ലാവരേയും.

കഷ്ടപ്പാടുകളില്‍ ചിരിക്കുകയും മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്താണ് അവന്‍ യാത്രയാകുന്നത്. കുടുംബത്തിനു വേണ്ടിയായിരുന്നു ആ ജീവിതം. നാലു മക്കളുണ്ട്. ഭാര്യ രോഗിയാണ്. മക്കളെ സ്നേഹിച്ച് അവനു കൊതി തീർന്നിട്ടില്ല. ഷാബുവിനെ സ്നേഹിച്ചും ആർക്കും കൊതി തീർന്നു കാണില്ല. വീണ്ടും ഒരു ജന്മമുണ്ടെങ്കിൽ അത് അവനു വേഗം ലഭിക്കട്ടേ എന്നാണ് എന്റെ പ്രാർഥന.

shaburaj

More in Malayalam

Trending

Recent

To Top