Malayalam
സംഗീത സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം, എല്ലാത്തിനുമുപരി നന്ദി പറയേണ്ടത് ആ വ്യക്തിയോട്; തുറന്ന് പറഞ്ഞ് ഷാൻ റഹ്മാൻ
സംഗീത സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം, എല്ലാത്തിനുമുപരി നന്ദി പറയേണ്ടത് ആ വ്യക്തിയോട്; തുറന്ന് പറഞ്ഞ് ഷാൻ റഹ്മാൻ
മലയാളികൾക്ക് ഷാൻ റഹ്മാൻ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നിരവധി മനോഹര ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ഷാൻ സംഗീത സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിട്ട് ഇന്നേക്ക് 15 വർഷം തികയുകയാണ്. ഈ വേളയിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
15 വർഷം മുമ്പ് ഈ ദിവസമാണ് എൻ്റെ ആദ്യ ചിത്രം “ഈ പട്ടണത്തിൽ ഭൂതം” പുറത്തിറങ്ങിയത്. സംവിധായകർ, സംഗീതജ്ഞർ, ഗായകർ, സൗണ്ട് എഞ്ചിനീയർമാർ, ഗാനരചയിതാക്കൾ… എൻ്റെ ഈ യാത്രയിൽ ഒപ്പം പ്രവർത്തിച്ച ഓരോ വ്യക്തികളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഓരോ സിനിമയും എനിക്ക് ഓരോ പാഠമായിരുന്നു.
ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. ആരും എന്നെ ഒന്നും പഠിപ്പിച്ചില്ല. ഞാൻ ആരെയും അസിസ്റ്റ് ചെയ്തിട്ടുമില്ല. നിങ്ങൾ എല്ലാവരും ഇഷ്‌ടപ്പെടുന്നതും വിലമതിക്കുന്നതുമായ ഗാനങ്ങൾ രചിക്കാനുള്ള പൂർണ്ണമായ ആഗ്രഹം എനിക്കുണ്ടായിരുന്നു.
എ ആർ റഹ്മാനാണ് സംഗീതത്തിന്റെ ലോകത്തേക്ക് എത്താൻ തനിക്ക് പ്രചോദനമായത്. രാജേഷ് പിള്ള മുതൽ സത്യൻ അന്തിക്കാട്, മഹേഷ് നാരായണൻ, ലാൽ ജോസ്, ജോണി ആൻ്റണി, എം മോഹനൻ, ഷാഫി, രഞ്ജിത്ത് തുടങ്ങിയ നിരവധി മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. മമ്മൂട്ടി, മോഹൻലാൽ, കെപിഎസി ലളിത, ശോഭന, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പവും വർക്ക് ചെയ്യാൻ ഭാഗ്യം ലഭിച്ചുവെന്നും ഷാൻ റഹ്മാൻ പറയുന്നു.
നിങ്ങൾക്കെല്ലാവർക്കും നന്ദി. എന്നാൽ എല്ലാറ്റിനുമുപരിയായി, ഞാൻ നന്ദി പറയേണ്ട ഒരാളുണ്ട്. അത് വിനീതാണ്. ഒരു സുഹൃത്തിനോട് നന്ദി പറയേണ്ടതില്ല. പക്ഷേ ചിലപ്പോഴൊക്കെ അത് ആവശ്യമാണ്. വിനീതിന് അത് ഇഷ്ടമാകില്ല, പക്ഷേ ഞാൻ ഇപ്പോൾ എന്തായോ അതിന് കാരണം അദ്ദേഹമാണ്. നന്ദി,’ എന്നും ഷാൻ റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അടുത്തിടെ വിവാദത്തിലും സംഗീത സംവിധായകൻ പെട്ടിരുന്നു. ഒരു അഡാർ ലവ് സിനിമയിലെ ഒരു ഫ്രീക്ക് പെണ്ണേ എന്ന ഗാനമാണ് വിവാദങ്ങൾക്ക് കാരണമായത്. തന്റെ പാട്ട് ഷാൻ റഹ്മാൻ അടിച്ചുമാറ്റി എന്ന ആരോപണവുമായി ഗായകനും സംഗീതസംവിധായകനുമായ സത്യജിത്ത് രംഗത്തെത്തുകയായിരുന്നു.
പിന്നാലെ ഷാൻ റഹ്മാനും വിദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ തനിക്ക് അടിച്ചുമാറ്റി എന്ന പേര് കിട്ടിയിട്ടില്ലെന്ന് ഷാൻ പറഞ്ഞു. നിങ്ങൾക്കെല്ലാം വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പട്ടണത്തിൽ ഭൂതം മുതൽ മലർവാടി, തട്ടം, ജെഎസ്ആർ, ഗോദ, മിന്നൽ, ജിമിക്കി, കുടുക്ക്. അടിച്ചു മാറ്റി എന്ന പ്രയോഗം ഇതുവരെ കേൾപ്പിച്ചിട്ടില്ല. ഞാൻ ചെയ്ത എല്ലാ പാട്ടുകൾക്കിടയിൽ ഫ്രീക്ക് പെണ്ണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിൽ, എനിക്കത് തിരുത്തണം എന്നുമാണ് പത്രക്കുറിപ്പിൽ അദ്ദേഹം പറഞ്ഞത്.