മകന്റെ വൃക്ക തകരാറിലാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു, ജീവിതം പ്രയാസത്തിലായി; സേതുലക്ഷ്മി ‘അമ്മ
മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിൽ കൂടി തിളങ്ങി നിൽക്കുന്ന ആൾ ആണ് സേതുലക്ഷ്മി. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള സേതുലക്ഷ്മി അഞ്ച് വട്ടം സംസ്ഥാന അവാർഡ് നേടിയ ആൾ കൂടിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഹൗ ഓള്‍ഡ് ആര്‍ യു?, ആട് 2, തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയപ്പിക്കുകയുമൊക്കെ ചെയ്ത താരം. സീരിയല്‍ രംഗത്തും സേതുലക്ഷ്മിയമ്മ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൗനരാഗം പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് മുന്നിലും നിറഞ്ഞു നില്‍ക്കുകയാണ് സേതുലക്ഷ്മിയമ്മ.
അതേസമയം ഓഫ് സ്‌ക്രീനില്‍ ഒരുപാട് വെല്ലുവിളികള്‍ മറികടക്കേണ്ടി വന്നിട്ടുണ്ട് സേതുലക്ഷമിയമ്മയ്ക്ക്. അതിലൊന്നായിരുന്നു മകന്‍ കിഷോറിന് നേരിടേണ്ടി വന്ന രോഗം. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകന്റെ രോഗാവസ്ഥയെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് സേതുലക്ഷ്മിയമ്മ. ആ വാക്കുകള്‍ ഇങ്ങനെ .
മകന്റെ വൃക്ക തകരാറിലാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ ആകെ തളര്‍ന്നു. ജീവിതം പ്രയാസത്തിലായി. ഒരു സിനിമാ സെറ്റില്‍ വച്ച് തെസ്‌നി ഖാനാണ് എന്റെ സങ്കടം കണ്ട് സഹായാഭ്യര്‍ത്ഥന ഫെയ്‌സ്ബുക്കിലിടാം അമ്മയെ എല്ലാവരും സഹായിക്കും എന്ന് പറഞ്ഞത്. അങ്ങനെ മകന്റെ അസുഖ വിവരം അറിഞ്ഞ ഒരുപാടു പേര്‍ സഹായവുമായെത്തി. ചാലക്കുടിയില്‍ ഒരു സിനിമ ചെയ്യുന്ന സമയത്തായിരുന്നു ഓപ്പറേഷന്‍.
മകന്റെ അവസ്ഥ അറിയാന്‍ പറ്റാത്ത സങ്കടമായിരുന്നു മനസിലാകെ. അഭിനയിച്ചു കൊണ്ടിരിക്കുന്നത് കോമഡി റോളും. ജീവിതത്തിലെ ഏറ്റവും പിരിമുറുക്കമുള്ള സമയങ്ങളിലൊന്നായിരുന്നു അന്ന്. ഒരുവിധമാണ് അഭിനയിച്ച് തീര്‍ത്തത്. ഫോണടിച്ചപ്പോള്‍ ഭയത്തോടെ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് എടുത്തതെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.
വൃക്ക മാറ്റിവച്ചു. മകന് കുഴപ്പമൊന്നുമില്ല. ഇപ്പോള്‍ മയക്കത്തിലാണ് എന്ന് പറഞ്ഞു. എന്തെന്നില്ലാത്ത സമാധാനം തോന്നി. വൈകുന്നേരം സെറ്റില്‍ കേക്ക് മുറിക്കാനായി എന്നെ വിളിച്ചു. മരണത്തില്‍ നിന്നും എന്റെ മകന് പുതുജീവന്‍ കിട്ടിയതിന്റെ സന്തോഷം അവര്‍ എന്നോടൊപ്പം കേക്ക് മുറിച്ചാഘോഷിച്ചു. വൈകുന്നേരം ഞാന്‍ അവനെച്ചെന്നു കണ്ടു. ഇപ്പോള്‍ പൂര്‍ണാരോഗ്യവാനാണെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.
തന്റെ കഴിവെല്ലാം അതുപോലെ പകര്‍ന്നു കിട്ടിയ മകനാണ് കിഷോറെന്ന് പറഞ്ഞ് സേതുലക്ഷ്മിയമ്മ വികാരഭരിതയാകുന്നുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ റിലീസിന് പിന്നാലെയുണ്ടായ രസകരമായൊരു അനുഭവവും സേതുലക്ഷ്മിയമ്മ പങ്കുവെക്കുന്നുണ്ട്.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ അഭിനയം കണ്ട് ഒരു ദിവസം മേജര്‍ രവി വിളിച്ചു. ആ സിനിമയില്‍ ഒപ്പം അഭിനയിച്ച ശ്രീജിത്ത് രവിയാണെന്ന് കരുതി ഞാന്‍ ഒരുപാട് നേരം സംസാരിച്ചു. അച്ഛന്‍ ടിജി രവിയുടെ അഭിനയത്തെക്കുറിച്ചൊക്കെ വാതോരാതെ വെച്ചുകാച്ചി. അദ്ദേഹം ക്ഷമയോടെ എല്ലാം കേട്ടു. എന്നിട്ട് പറഞ്ഞു, അമ്മേ ഞാന്‍ പട്ടാളക്കാരുടെ സിനിമയെടുക്കുന്ന മേജര്‍ രവിയാണ്. ഞാന്‍ ആകെ ചമ്മിപ്പോയി എന്നാണ് സേതുലക്ഷ്മി പറയുന്നത്.പൊന്നു സാറേ ആളുമാറിപ്പോയതാണ്, തലയ്ക്ക് സുഖമില്ലാത്തയാളാണെന്ന് കരുതി സിനിമയിലേക്ക് വിളിക്കാതിരിക്കരുത്. അതുകേട്ട് സാര്‍ കുറേ ചിരിച്ചു. പിന്നീട് 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചു. അവിടെ വച്ച് എപ്പോള്‍ കണ്ടാലും എന്നെ മനസിലായോ എന്ന് ചോദിക്കുമായിരുന്നുവെന്നാണ് സേതുലക്ഷ്മിയമ്മ പറയുന്നത്.
മഞ്ജു വാര്യര്‍ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവില്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്നാണ് താരം പറയുന്നത്. സെറ്റില്‍ വച്ച് മഞ്ജു ഓടിവന്ന് കെട്ടിപ്പിടിച്ചു, എവിടെയായിരുന്നു ഇത്രയും നാള്‍ എന്ത് പെര്‍ഫോമന്‍സായിരുന്നു, ഞെട്ടിച്ചുകളഞ്ഞു എന്ന് പറഞ്ഞു. മഞ്ജു അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല. ഒരുപാട് സന്തോഷമായെന്നും സേതുലക്ഷ്മിയമ്മ പറയുന്നു.