മനസിന് വല്ലാത്തൊരു സമാധാനം തോന്നുന്നു,പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല, എന്താന്നറിയാത്തൊരു സന്തോഷമുണ്ട് ; മേഘ്ന വിൻസെന്റ്
ഒരിടവേളയ്ക്കുശേഷം സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്‌ലർ’ പരമ്പരയിലൂടെ വീണ്ടും ആരാധക ഹൃദയം കവർന്നിരിക്കുകയാണ് മേഘ്ന വിൻസെന്റ്. പരമ്പരയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെച്ച് താരമെത്താറുണ്ട്. പരമ്പരയിലെ സുപ്രധാന രംഗത്തിന് വേണ്ടി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മേഘ്‌ന വിന്‍സെന്റ്. യൂട്യൂബ് ചാനലിലൂടെയായാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഞാന്‍ ആദ്യമായിട്ടാണ് മൂകാംബികയിലേക്ക് പോവുന്നത്. പൊന്നമ്മ ബാബു, അരുണ്‍ രാഘവ് പിന്നെ മിസിസ് ഹിറ്റ്‌ലറിലെ ടീമംഗങ്ങളൊക്കെയാണ് ഞങ്ങളുടെ കൂടെയുള്ളത്. 12 വര്‍ഷത്തിന് ശേഷമായാണ് ഞാന്‍ ട്രെയിനില്‍ കയറുന്നതെന്നായിരുന്നു പൊന്നമ്മ ബാബു പറഞ്ഞത്. മൂകാംബികയില്‍ പോവണമെന്ന് എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു. അത് ഇങ്ങനെ നടക്കുന്നതില്‍ ഇരട്ടി സന്തോഷമുണ്ട്. ഡികെ ജ്യോതിയോട് പ്രണയം പറയുന്നത് മൂകാംബികയില്‍ വെച്ചാണ്. കുടജാദ്രിയിലും പോവുന്നുണ്ട്. അഞ്ച് ദിവസത്തെ ഷെഡ്യൂളാണ് അവിടെയെന്നും മേഘ്‌ന വ്യക്തമാക്കിയിരുന്നു.
മിസിസ് ഹിറ്റ്‌ലര്‍ ടീമിനെ ദേവി മൂകാംബികയിലേക്ക് വിളിച്ചിരിക്കുകയാണ്. ദേവി വിളിക്കാതെ നമുക്കൊരിക്കലും അങ്ങോട്ട് പോവാനാവില്ലെന്ന് കേട്ടിട്ടുണ്ട്. വിളിച്ചപ്പോള്‍ ടീമിനെ മൊത്തമായങ്ങ് വിളിക്കുകയും ചെയ്തു. ട്രയിനിലിരുന്ന് സ്‌ക്രിപ്റ്റ് വായിക്കുന്ന അരുണിനേയും മേഘ്‌ന കാണിച്ചിരുന്നു. എല്ലാം വായിച്ച് നോക്കുകയാണ്. മൂകാംബികയും കുടജാദ്രിയും നല്ലൊരു എക്‌സ്പീരിയന്‍സാണ്. നേരത്തെയും പോയിട്ടുണ്ടെന്നായിരുന്നു അരുണ്‍ പറഞ്ഞത്. മലയാറ്റൂര്‍ പോയിട്ടുണ്ട്. അങ്ങനെ മല കയറിയ പരിചയമുണ്ടെന്നായിരുന്നു മേഘ്‌ന പറഞ്ഞത്.
മനസിന് വല്ലാത്തൊരു സമാധാനം തോന്നുന്നു. പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല, എന്താന്നറിയാത്തൊരു സന്തോഷമുണ്ടെന്നായിരുന്നു നിര്‍മ്മാല്യം തൊഴുത് വന്നപ്പോള്‍ മേഘ്‌ന പറഞ്ഞത്. മനസ് നിറഞ്ഞാണ് ഞാന്‍ ഇവിടെ നിന്നും പോവുന്നതെന്നും മേഘ്‌ന പറഞ്ഞിരുന്നു. ശരിക്കും അനുഗ്രഹീതയായത് പോലെ തോന്നുകയാണ്. ഷൂട്ടിനായാണെങ്കിലും ഇങ്ങോട്ടേക്ക് വരാന്‍ പറ്റിയതിലൊരുപാട് സന്തോഷമുണ്ട്.
ഡികെ ജ്യോതിയോട് പ്രണയം പറയുന്ന രംഗം മൂകാംബികയിൽ വെച്ച് ചിത്രീകരിക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് ഇവിടെ വന്നിരുന്നു. അപ്പോഴാണ് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചത്. നിർമ്മാതാവും ആ തീരുമാനം അംഗീകരിച്ചതോടെയാണ് ഇവിടേക്ക് വന്നതെന്നായിരുന്നു സ്ക്രിപ്റ്റ് റൈറ്റർ പറഞ്ഞത്.
