Connect with us

ആ സിനിമയിലൊക്കെ യോഗ്യൻ മോഹൻലാൽ എന്ന് മമ്മൂട്ടി പോലും സമ്മതിക്കും ! സത്യൻ അന്തിക്കാട്

Malayalam

ആ സിനിമയിലൊക്കെ യോഗ്യൻ മോഹൻലാൽ എന്ന് മമ്മൂട്ടി പോലും സമ്മതിക്കും ! സത്യൻ അന്തിക്കാട്

ആ സിനിമയിലൊക്കെ യോഗ്യൻ മോഹൻലാൽ എന്ന് മമ്മൂട്ടി പോലും സമ്മതിക്കും ! സത്യൻ അന്തിക്കാട്

35 വർഷമായ ബന്ധമാണ് മമ്മൂട്ടിയും സത്യൻ അന്തിക്കാടും തമ്മിൽ. പക്ഷെ 22 വർഷത്തിനിടെ മമ്മൂട്ടിയെ സത്യൻ അന്തിക്കാട് നായകനാക്കിയില്ല. ആ പരിഭവമൊന്നും മമ്മൂട്ടിക്ക് ഇല്ല താനും. എന്നാൽ മകൻ ദുൽഖർ സൽമാനെ സത്യൻ നായകനാക്കുകയും ചെയ്തു. ദുൽക്കർ സൽമാനെ നായകനാക്കി എടുക്കാൻ പോകുന്ന സിനിമയുടെ കഥ പറഞ്ഞു കൊടുക്കാൻ മമ്മൂട്ടിയുടെ വീട്ടിൽ സത്യനെത്തിയപ്പോൾ മമ്മൂട്ടി പറഞ്ഞു, ‘ഞാൻ ഇരിക്കുന്നില്ല. നടനും സംവിധായകനും മതി’. ‌

പക്ഷേ മമ്മൂട്ടിയെ നിർബന്ധിച്ചു അവിടെയിരുത്തി കഥ കേൾപ്പിച്ചു. 22 വർഷത്തിനിടയിൽ ഒരിക്കൽപ്പോലും തന്നെ അഭിനയിപ്പിക്കാത്തതിൽ മമ്മൂട്ടി പരിഭവം പറഞ്ഞില്ല. 35 വർഷമായി തുടരുന്ന ബന്ധം കൂടുതൽ മധുരിതമാകവെ സത്യൻ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി കഥ ആലോചിച്ചു. ഒരു ചടങ്ങിൽ പങ്കെടുക്കവെ സത്യൻ അരികിലിരുന്ന മമ്മൂട്ടിയോടു പറഞ്ഞു, ‘എന്റെ മനസ്സിലൊരു കഥാപാത്രമുണ്ട്. അയാൾക്കു നിങ്ങളുടെ ഛായയാണ്’. ഇരുവരും ചേർന്നുള്ള സിനിമയുടെ ആലോചന അവിടെ തുടങ്ങുകയായിരുന്നു. സത്യൻ അന്തിക്കാട് ഓർമ്മകൾ പങ്കു വയ്ക്കുകയാണ്.

ചെറിയൊരു ഇടവേളയ്ക്കു ശേഷമേ അടുത്ത സിനിമയെപ്പറ്റി ഞാൻ ചിന്തിക്കാറുള്ളൂ. ആ സിനിമ എന്തായിരിക്കണം ആരൊക്കെ അഭിനയിക്കണം ആരെ കേന്ദ്രീകരിച്ചുകൊണ്ടായിരിക്കണം എന്നൊക്കെ ഒരുപാട് ആലോചിച്ചതിനുശേഷമാണ് അതിനായി തയാറെടുക്കുക. ഇത്തവണ ഞാൻ ആലോചിച്ചത് മമ്മൂട്ടി എന്നു പറയുന്ന മഹാനടനെയായിരുന്നു. മമ്മൂട്ടി ഇല്ലാത്ത സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും നിരന്തരം ബന്ധപ്പെടുകയും സൗഹൃദം നിലനിർത്തുകയും ചെയ്യുന്ന എന്റെ അടുത്ത സുഹൃത്താണ് അദ്ദേഹം.

ഞാൻ സംവിധാനം ചെയ്തു തുടങ്ങുന്ന സമയത്തു തന്നെ മമ്മൂട്ടി സ്റ്റാറാണ്. ഞങ്ങൾ ഒന്നിച്ചു ചെയ്ത ‘ഒരാൾമാത്രം’ എന്ന സിനിമ റിലീസ് ചെയ്തിട്ട് ഇപ്പോൾ 22 വർഷമായി. അർഥം, കളിക്കളം ഗോളാന്തരവാർത്തകൾ, നമ്പർ 1 സ്നേഹതീരം ഇതൊക്കെ ചെയ്തിട്ടുണ്ട്. എങ്കിലും വലിയൊരു ഗ്യാപ്പിനുശേഷമാണ് മമ്മൂട്ടിയെ വീണ്ടും അഭിനയിപ്പിക്കണം എന്നൊരു തോന്നൽ മനസ്സിലുണ്ടാകുന്നത്.

22 വർഷമായി എന്ന് ഓർക്കുന്നതു തന്നെ ഇപ്പോഴാണ്. കാരണം ഓരോ സിനിമ കഴിയുന്തോറും കാലങ്ങളും കടന്നു പോകുന്നുണ്ട്, നമ്മൾ അറിയുന്നില്ല. എന്തുകൊണ്ട് അവരെയൊക്കെ ഉപയോഗിച്ചില്ല, എന്തുകൊണ്ടാണ് അത് വൈകുന്നത് എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല.

മമ്മൂട്ടിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന്റെ ഓരോ സിനിമ വരുമ്പോഴും അദ്ദേഹത്തിലെ അഭിനയത്തിലെ പുതുമയും പ്രത്യേകതയും മാറി മാറി വരുന്നു. പലപ്പോഴും മമ്മൂട്ടിയുടെ പല സിനിമയും കണ്ട് ഞാൻ വിളിച്ച് അഭിനന്ദിക്കാറുണ്ട്. അപ്പോൾ മമ്മൂട്ടി പറയും, ‘ഞാൻ നിങ്ങളെക്കൊണ്ട് ഇങ്ങനെ വിളിപ്പിക്കാൻ വേണ്ടിയിട്ടാണ് ചില സിനിമകളൊക്കെ ചെയ്യുന്നത്’ എന്ന്.

ഏറ്റവും പുതിയതായി ഇറങ്ങിയ ‘ഉണ്ട’ എന്ന സിനിമയിൽ പോലും എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നടനായാണ് എനിക്ക് കാണാനായത്. മമ്മൂട്ടിയുടെ പഴയകാല സിനിമകൾ നോക്കിയാൽ നമുക്ക് കാണാം, അന്നത്തെ അഭിനയ രീതി അല്ല അദ്ദേഹം അനുവർത്തിക്കുന്നത്. മമ്മൂട്ടി എന്നും യങ്സ്റ്റേഴ്സിന്റെ കൂടെ സഞ്ചരിക്കുന്ന ആളാണ്. ഞാനും അങ്ങനെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നൊരാളാണ്. എന്നും പുതിയ ആളുകളോടൊപ്പം പുതുമയോടൊപ്പം യാത്ര ചെയ്യുക. അപ്പോൾ നമ്മളും നവീകരിക്കപ്പെടുകയും മനസ്സുകൊണ്ടും പ്രവൃത്തി കൊണ്ടും ചെറുപ്പമാകുയും ചെയ്യും. മമ്മൂട്ടിയിൽ അത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി. കാഴ്ചയിലെ ചെറുപ്പം മാത്രമല്ല. മമ്മൂട്ടിയുടെ അഭിനയത്തിലും പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങൾ സംഭവിച്ചു. ഇന്നത്തെ ഏത് പുതിയ നടനൊപ്പവും കിടപിടിക്കുന്ന രീതിയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ‌

കഴിഞ്ഞ സിനിമ വളരെ നന്നായിരുന്നുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആ സിനിമയുടെ സാങ്കേതികതയെക്കുറിച്ചാണ് വാചാലനായത്. ലൈവ് സിങ്ക് സൗണ്ട് ആയതുകൊണ്ടാണ് താൻ ആ സിനിമയെ കൂടുതൽ പ്രമോട്ട് ചെയ്യുന്നതെന്നു പറഞ്ഞു. അതൊക്കെ പുതിയ സങ്കേതങ്ങളാണ്. അതിനൊക്കെ തയാറാവുന്നു. മനസ്സുകൊണ്ട് എപ്പോഴും പുതുമയെ സ്വീകരിക്കാൻ തയാറാവുന്നു എന്നത് വളരെ പോസിറ്റീവ് ആയിട്ടുള്ള കാര്യമാണ്.

‘ജോമോന്റെ സുവിശേഷങ്ങളുടെ’ കഥ ദുൽക്കറിനോട് പറയാൻ ചെല്ലുമ്പോൾ മമ്മൂട്ടി അവിടെ ഉണ്ടായിരുന്നു. ‘മോനെ ബുക്ക് ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നതെന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. ‘നിങ്ങൾ സംസാരിച്ചോളൂ. ഞാനല്ലല്ലോ നടന്‍’ എന്നു പറഞ്ഞ് അദ്ദേഹം അവിടെ നിന്ന് മാറിപ്പോകാനൊരുങ്ങി. നിങ്ങളും കൂടി നിൽക്കണം, കഥ നമുക്ക് ഒന്നിച്ചു പറയാം എന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു.

അതായത് എന്റെ സുഹൃത്ത് മമ്മൂട്ടിയാണ്. ആ സുഹൃത്തിന്റെ മകനാണ് ദുൽക്കർ സൽമാൻ. പക്ഷേ പടം കഴിഞ്ഞു വരുമ്പോഴേക്കും ദുൽക്കർ സൽമാൻ എന്റെ കൂടി സുഹൃത്തായ മാറുന്ന അവസ്ഥയിലേക്കെത്തി.

കഥ പറയുമ്പോൾ മമ്മൂട്ടി വളരെ സന്തോഷവാനായിരുന്നു. എന്റെ സിനിമയിൽ പ്രത്യേകിച്ചും കുടുംബ പ്രേക്ഷകരും കുറച്ച് റിയാലിറ്റി ഒക്കെയുള്ള സിനിമയിൽ, ദുൽക്കർ വരുന്നത് അദ്ദേഹത്തിന് വളരെ സന്തോഷമുള്ള കാര്യമായിരുന്നു.

ഇതൊരു അച്ഛന്റെയും മകന്റെയും കഥയാണെന്ന് പറഞ്ഞപ്പോൾ ആരാണ് അച്ഛൻ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. മുകേഷാണെന്ന് ഞാൻ പറഞ്ഞു. ‘മുകേഷാണോ ഇവന്റെ അച്ഛൻ, അപ്പോള്‍ ഞാനല്ല. ഏതായാലും ഞാനില്ല, എനിക്ക് ദുൽക്കർ സൽമാന്റെ അച്ഛനായി ജീവിച്ചാൽ മതി’, മമ്മൂട്ടി തമാശയായി പറഞ്ഞു.

ആ സിനിമ പിന്നീട് കണ്ടപ്പോഴും അദ്ദേഹം ഒരുപാട് സന്തോഷിച്ചു. ചിത്രം കണ്ട് ആദ്യം വിളിച്ച് സന്തോഷം അറിയിച്ചത് മമ്മൂട്ടിയാണ്. സിനിമയുടെ ടീസർ കണ്ടിട്ടു പോലും ‘അത് ഗംഭീരമായിട്ടുണ്ടെന്ന്’ എന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. സൗഹൃദമായി തന്നെ ഞാനതിനെ കണക്കാക്കുന്നു. ഒരു മകന്റെ സിനിമയോട് അച്ഛനുള്ള താല്പര്യമല്ല ആ പ്രോത്സാഹനം. മകനെ പ്രൊമോട്ട് ചെയ്യാന്‍ ഒരു വാക്കു പോലും അദ്ദേഹം പറയാറില്ല. സ്വന്തം കഴിവുകൊണ്ട് കേറി വരട്ടെ എന്ന നിലപാടിലാണ് അന്നും ഇന്നും മമ്മൂട്ടി നിൽക്കുന്നത്.

മമ്മൂട്ടിയും ഞാനും ഏകദേശം ഒരു കാലഘട്ടത്തിൽ സിനിമയിലേക്ക് കടന്നുവന്നവരാണ്. അന്നത്തെ കാലത്തെ ബുദ്ധിമുട്ടുകൾ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്തവരാണ് ഞങ്ങൾ. സമാനമായ ഒരുപാട് അനുഭവങ്ങൾ ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായിട്ടുണ്ട്. ജോൺസൺ മാഷ് പറ‍ഞ്ഞ വലിയൊരു കാര്യമുണ്ട്. അദ്ദേഹം സംസാര മധ്യത്തിൽ പറഞ്ഞതാണെങ്കിലും ഞാനതു പലപ്പോഴും എടുത്ത് ഉപയോഗിക്കാറുണ്ട്. ‘സിനിമയുള്ളതു കൊണ്ടാണ് നമ്മൾ സുഹൃത്തുക്കളായത് ,പക്ഷേ ആ സൗഹൃദം നിലനിൽക്കണമെങ്കിൽ സിനിമ വേണമെന്നില്ല.’ അർഥവത്തായ വാക്കുകളാണിത്.

ഒരിക്കൽ പോലും സിനിമ ഇല്ലാത്തതിൽ, മമ്മൂട്ടി പരിഭവം കാണിക്കുകയോ അതല്ലെങ്കിൽ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാതെ ഞാൻ പരിഭവം കാണിക്കുകയോ ചെയ്തിട്ടില്ല. കാരണം എന്റെ സിനിമയിൽ മമ്മൂട്ടിയെ ആവശ്യമാണെങ്കിൽ ഞാന്‍ വിളിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. എന്റെ സിനിമകളിൽ കഥാപാത്രത്തിന് അനുയോജ്യരായവരെയാണ് കാസ്റ്റ് ചെയ്യാറുള്ളത്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ആയാലും നാടോടിക്കാറ്റായാലും അവിടുന്നിങ്ങോട്ട് വന്ന രസതന്ത്രം ആയാലും. ആ ചിത്രങ്ങളിൽ അഭിനയിക്കാൻ യോഗ്യൻമോഹൻലാൽ തന്നെയാണെന്ന് മമ്മൂട്ടി പോലും സമ്മതിക്കും.

അതേ സമയം അർഥം എന്ന സിനിമ അല്ലെങ്കിൽ കളിക്കളം, അത് മമ്മൂട്ടിയുടെ മാത്രം സിനിമയാണ്. ഒരു സിനിമ ആലോചിക്കുമ്പോൾ ആ കാരക്ടർ ചെയ്യുന്ന നടന്റെ രൂപം, അയാളുടെ ഭാഷ, സംസാരശൈലി ഇതെല്ലാം നമ്മുടെ ഉള്ളിലുണ്ടാവും.

ഞാൻ പ്രകാശൻ എന്ന സിനിമ ചെയ്യുന്ന സമയത്ത് എന്റെ മുന്നിൽ ഫഹദ് ഫാസിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷേ പണ്ടായിരുന്നെങ്കിൽ മോഹൻലാൽ ആയിരുന്നേനെ. എന്തു കൊണ്ട് മോഹൻലാല്‍–ജയറാം എന്നിവർ അഭിനയിച്ച കഥാപാത്രങ്ങൾ മമ്മൂട്ടിയെ കൊണ്ട് ചെയ്യിച്ചില്ലെന്ന് പലരും ചോദിക്കാറുണ്ട്.

മമ്മൂട്ടി ചെയ്താൽ നന്നാവും എന്നു തോന്നുന്ന കഥാപാത്രങ്ങൾ അദ്ദേഹം ചെയ്യുമ്പോഴാണ് ആ കഥാപാത്രത്തിന് തന്നെ ഒരു വ്യക്തിത്വം ഉണ്ടാകുന്നത്. അമരം, ഒരു വടക്കൻ വീരഗാഥ അല്ലെങ്കിൽ വാത്സല്യം , മമ്മൂട്ടിയെ മാറ്റി നിർത്തി ഈ സിനിമകൾ ചിന്തിക്കാൻ പോലും കഴിയില്ല. അതുപോലെ തന്നെയാണ് ഞാനും ചിന്തിക്കുന്നത്. അടുത്ത സിനിമയിലെ കഥാപാത്രത്തിന് ഏറ്റവും യോജ്യൻ മമ്മൂട്ടി തന്നെയാണെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിക്കാൻ സാധിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. സത്യൻ അന്തിക്കാട് പറയുന്നു.

sathyan anthikkad about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top