News
നയനയുടേത് കൊലപാതകം തന്നെ.., തന്റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുളള മൊഴിയെ കുറിച്ച് അറിയില്ല; കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഫോറന്‍സിക് മേധാവി
നയനയുടേത് കൊലപാതകം തന്നെ.., തന്റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുളള മൊഴിയെ കുറിച്ച് അറിയില്ല; കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഫോറന്‍സിക് മേധാവി
യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ കേസ് ആദ്യം അന്വേഷിച്ച പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി മുന്‍ ഫോറന്‍സിക് മേധാവി കെ ശശികല. നയനയുടേത് കൊലപാതകം തന്നെയാണെന്നാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ താന്‍ നല്‍കിയ മൊഴി മുഴുവനായും പൊലീസ് അട്ടിമറിച്ചുവെന്നും കെ ശശികല ആരോപിച്ചു.
സ്വയം ജീവനൊടുക്കുക എന്നത് താന്‍ രണ്ടാമതായി ചൂണ്ടിക്കാണിച്ച സാധ്യതയാണെന്നും മുന്‍ ഫോറന്‍സിക് മേധാവിയായിരുന്ന കെ ശശികല ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞു. നിലവില്‍ തന്റേതെന്ന പേരില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുളള മൊഴിയെ കുറിച്ച് അറിയില്ലെന്നും കെ ശശികല പറഞ്ഞു.
നയനയുടേത് ആത്മഹത്യയാണെന്ന് ഒരിക്കലും മൊഴി നല്‍കിയിരുന്നില്ല. ‘സെക്ഷ്വല്‍ അസ്ഫിഷ്യ’ എന്ന രോഗാവസ്ഥയെക്കുറിച്ച് താന്‍ തന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂര്‍വമാണെന്നും പറഞ്ഞിരുന്നു. അന്വേഷണോദ്യോഗസ്ഥന്‍ തന്നോടൊപ്പമിരുന്ന് താന്‍ പറയുന്നതു കേട്ട് എഴുതിയെടുത്ത മൊഴിയല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നല്‍കിയ മൊഴി മുഴുവന്‍ പൊലീസ് അട്ടിമറിച്ചുവെന്നും കെ ശശികല ആരോപിച്ചു.
‘കൊലപാതകമാണെന്ന സൂചനകൊണ്ടാണ് മരണം നടന്ന സ്ഥലം താന്‍ സന്ദര്‍ശിച്ചത്. അകത്തു നിന്നു കുറ്റിയിട്ടിരുന്ന വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. മുറിയില്‍ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു.
കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നെങ്കില്‍ കഴുത്തിറുക്കി കൊന്നതാവാമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അതല്ലെങ്കില്‍ ‘അസ്ഫിക്‌സിയോഫീലിയ’ എന്ന അവസ്ഥയില്‍ സ്വയം ഇറുക്കിയതാകാം എന്ന അതിവിദൂര സാധ്യതയും പറഞ്ഞു,’ എന്നും കെ ശശികല പറഞ്ഞു. ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞിരുന്നത്.
ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ അതൊന്നും പൊലീസ് തയ്യാറാക്കിയ മൊഴിയിലില്ല. നയനയുടെ നഖം താന്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസിനു കൈമാറിയിരുന്നു. അതു പരിശോധനയ്ക്കയക്കേണ്ടത് പൊലീസാണ്. ‘ദുഃസ്വഭാവം’ എന്ന വാക്ക് മൊഴിയില്‍ പറഞ്ഞതായി ഉണ്ട്. അങ്ങനെയൊരു വാക്ക് താന്‍ പ്രയോഗിച്ചിട്ടില്ല. അത് പൊലീസിന്റെ ഭാഷയാണെന്നും ഡോ. ശശികല കൂട്ടിച്ചേര്‍ത്തു.
2019 ഫെബ്രുവരി 24നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയന സൂര്യ എന്ന ഇരുപത്തിയെട്ടുകാരിയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നിരുന്നില്ല.
നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതും സുഹൃത്തുക്കളുടെ പരാതിയുമാണ് വീണ്ടും അന്വേഷണത്തിലേയ്ക്ക് നയിച്ചത്. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും കഴുത്തില്‍ ഗുരുതര മുറിവുകള്‍ ഉണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
