News
ശരത് ബാബു മരണപ്പെട്ടതായി അഭ്യൂഹങ്ങള്‍; സത്യാവസ്ഥയറിയാതെ അനുശോചനം രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍
ശരത് ബാബു മരണപ്പെട്ടതായി അഭ്യൂഹങ്ങള്‍; സത്യാവസ്ഥയറിയാതെ അനുശോചനം രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍
പ്രമുഖ തെന്നിന്ത്യന്‍ താരം ശരത് ബാബു(71) മരണപ്പെട്ടതായി അഭ്യൂഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിയത്.
പിന്നാലെ ചില യൂട്യൂബ് ചാനലുകളും വാര്‍ത്ത ഏറ്റെടുത്തതോടെ സത്യാവസ്ഥയറിയാതെ സിനിമാ രംഗത്തുള്ള നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരുന്നു. കമല്‍ഹസന്‍ ഉള്‍പ്പെടെയുള്ളവരാണ് അനുശോചനം അറിയിച്ചത്. പിന്നാലെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
നിരവധി പ്രമുഖര്‍ അനുശോചനവുമായി എത്തിയതിന് പിന്നാലെയാണ് ശരത് ബാബു സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് സഹോദരി പിആര്‍ വംശി കക്ക രംഗത്തെത്തിയത്. അദ്ദേഹത്തിന് ആപത്തൊന്നും സംഭവിച്ചിട്ടില്ലെന്നും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നുമാണ് വംശി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സഹോദരിയുടെ പ്രതികരണം.
ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി വെന്റിലേറ്ററിലാണ് നടന്‍. ഏപ്രില്‍ 20 നാണ് കരളിലും വൃക്കയിലും അണുബാധയെ തുടര്‍ന്ന് നടനെ ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടു വന്നത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാ ലോകത്ത് വേറിട്ട നടനെന്ന നിലയില്‍ പേരെടുത്തിരുന്നു. 1973 ല്‍ രാമരാജ്യം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമാ ലോകത്തേയ്ക്ക് കടന്നു വന്നത്. പിന്നാലെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ശരപഞ്ജരം, ധന്യ, ഡെയ്‌സി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് ശരത് ബാബു. 1973 ല്‍ സിനിമയിലെത്തിയ നടന്‍ ഇതിനോടകം തന്നെ ഇരുന്നൂറിലധികം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്തായാലും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെയെന്നാണ് പ്രിയപ്പെട്ടവര്‍ അറിയിക്കുന്നത്.