Malayalam
അമേരിക്കയില്‍ നിന്നും മാക്ടയുടെ സംഗീത സംഗമത്തില്‍ പാടാന്‍ വരാനാകില്ല എന്ന് യേശുദാസ്; പക്ഷേ അന്ന് ഒരക്ഷരം മിണ്ടാതെ അമേരിക്കയില്‍ നിന്നും വരേണ്ടി വന്നു; ശാന്തിവിള ദിനേശ്
അമേരിക്കയില്‍ നിന്നും മാക്ടയുടെ സംഗീത സംഗമത്തില്‍ പാടാന്‍ വരാനാകില്ല എന്ന് യേശുദാസ്; പക്ഷേ അന്ന് ഒരക്ഷരം മിണ്ടാതെ അമേരിക്കയില്‍ നിന്നും വരേണ്ടി വന്നു; ശാന്തിവിള ദിനേശ്
മലയാളിയ്ക്ക് സംഗീതമെന്നാല്‍ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേര്‍ത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകന്‍ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യന്‍. തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങള്‍, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധര്‍വന്‍. ആ അപൂര്‍വ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല.
പതിറ്റാണ്ടുകള്‍ക്കിപ്പുറം മാറ്റിവയ്ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്ദത്തിന്റെ മാറ്റ് കൂട്ടുന്നത്. വാക്കുകള്‍ മതിയാകാതെ വരും ആ സ്വരമാധുരിയ്ക്ക് വിശേഷണങ്ങള്‍ തീര്‍ക്കാന്‍. തലമുറകളെ തന്റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടന്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. മലയാളികള്‍ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്ദവും നിലനില്‍ക്കും.
ഗാനഗന്ധര്‍വനാണെങ്കിലും വ്യക്തി ജീവിതത്തിലെ യേശുദാസിനോട് പലര്‍ക്കും അനിഷ്ടമുണ്ട്. അമിത ദേഷ്യമാണ് ഇതിന് പ്രധാന കാരണം. സഹപ്രവര്‍ത്തകരോടും ആരാധകരോടും യേശുദാസ് ദേഷ്യപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഗുരുസ്ഥാനീയര്‍ക്ക് വരെ ഇദ്ദേഹത്തോട് നീരസം തോന്നിയെന്ന് സംഗീത ലോകത്ത് സംസാരമുണ്ട്. ഇപ്പോഴിതാ യേശുദാസിനെക്കുറിച്ചുള്ള ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.
മാക്ട സംഘടനയെക്കുറിച്ച് സംസാരിക്കവെയാണ് ഇദ്ദേഹം ഗായകനെക്കുറിച്ച് പരാമര്‍ശിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. സിനിമാ രംഗത്ത് മാക്ടയ്ക്ക് പെട്ടെന്ന് തന്നെ വേരോട്ടമുണ്ടായെന്ന് ശാന്തിവിള ദിനേശ് പറയുന്നു. സംഗീത സംഗമം എന്ന പരിപാടി എറണാകുളത്ത് മാക്ടയുടെ നേതൃത്വത്തില്‍ നടത്തിയത് ചരിത്ര സംഭവമായി. വലിയ വിജയമായിരുന്നു സംഗീത സംഗമം. അമേരിക്കയില്‍ നിന്നും ഈ സംഗീത സംഗമത്തില്‍ പാടാന്‍ വരാനാകില്ല എന്ന് യേശുദാസ് അറിയിച്ചു.
അയാള്‍ ഒരു സിനിമയിലും പാടേണ്ട എന്ന് ഈ അടുത്ത കാലത്ത് മരിച്ച് പോയ ആന്റണി ഈസ്റ്റ്മാന്‍ ഉച്ചത്തില്‍ സംസാരിച്ചു. അയാളില്ലെങ്കിലും സംഗീത സംഗമം നടക്കുന്നു, പക്ഷെ മാക്ട അംഗങ്ങളെടുക്കുന്ന ഒറ്റ സിനിമയില്‍ ഇയാളെക്കൊണ്ട് പാടിക്കില്ല എന്ന് പറഞ്ഞ് ഭയങ്കര ബഹളം ഉണ്ടാക്കി. ആരും മറുപടി പറഞ്ഞില്ല. അത് വലിയൊരു വാര്‍ത്തയായി. ഒരു അക്ഷരം പറയാതെ യേശുദാസ് അമേരിക്കയില്‍ നിന്ന് വന്ന് സംഗീത സംഗമത്തില്‍ പാടി. മാക്ടയ്ക്ക് എത്ര ശക്തിയുണ്ടായിരുന്നെന്ന് ഇതിലൂടെ മനസിലാക്കാമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
യേശുദാസിനെക്കുറിച്ച് മറ്റൊരു സംഭവവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. യേശുദാസെന്ന ഗായകനെ ശ്രദ്ധേയനാക്കിയ സാക്ഷാല്‍ ദേവരാജന്‍ മാഷ് സംഗീത രംഗത്ത് ദുരിതം അനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ നടത്തിയ അഞ്ച് ദിവസത്തെ പ്രോഗ്രാം പോലും യേശുദാസ് ചളകുളമാക്കി. ആദ്യം ഡേറ്റ് മാറ്റി. ഈ ഡേറ്റില്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ മൊത്തം കുളമാക്കി. ദേവരാജന്‍ മാഷ് പക്ഷാഘാതം വന്ന് ആശുപത്രിയിലായി. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങി രണ്ടാമതൊരു ഡേറ്റ് ഉണ്ടാക്കി.
പ്രോഗ്രാം തുടങ്ങാന്‍ അല്‍പ ദിവസം ബാക്കി നില്‍ക്കെ കാസറ്റ് റൈറ്റ് തരംഗിണിക്ക് തന്നില്ലെങ്കില്‍ പാടാന്‍ പറ്റില്ലെന്ന് പറഞ്ഞു.. അങ്ങനെ തരംണിക്ക് കൊടുത്തു. ജോണി സാഗരിയ 25 ലക്ഷമോ മറ്റോ റൈറ്റ്‌സിന് പറഞ്ഞിരുന്ന പ്രോഗ്രാമാണ്. പക്ഷെ 15 ലക്ഷമേ തരാന്‍ പറ്റൂയെന്ന് യേശുദാസ് പറഞ്ഞപ്പോള്‍ ദേവരാജന്‍ മാഷ് അതും നിഷേധിച്ചില്ല.
പിന്നീട് ദേവരാജന്‍ മാഷെ പോയി കണ്ട്, എനിക്ക് പ്രോഗ്രാം മുതലായില്ലെന്ന് പറഞ്ഞ് ചെറിയ തുക യേശുദാസ് കൊടുത്തു. പോകാന്‍ നേരത്ത്, ദാസപ്പാ നിനക്ക് നഷ്ടം വന്നല്ലോ, ഇതും കൂടെയെടുത്തോ എന്ന് പറഞ്ഞ് ദേവരാജന്‍ മാഷ് പണം തിരിച്ച് കൊടുത്തു. ഒരു മടിയും ഇല്ലാതെ യേശുദാസ് ആ പണം വാങ്ങി. ദേവരാജന്‍ മാഷിനോട് വാശി പിടിച്ച യേശുദാസ് മാക്ടയുടെ ശക്തി എത്രയുണ്ടെന്ന് മനസിലാക്കിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, ഇപ്പോള്‍ മക്കള്‍ക്കൊപ്പം അമേരിക്കയില്‍ വിശ്രമത്തിലാണ് യേശുദാസ്. തന്റെ 21ാം വയസിലായിരുന്നു കെ ജെ യേശുദാസിന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുളള കടന്നുവരവ്. ‘കാല്‍പാടുകള്‍’ എന്ന സിനിമയ്ക്കായി യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഇന്നും കര്‍ണാടക സംഗീതത്തിന്റെ ഒരംശം മാത്രമേ തനിക്ക് സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് പരിഭവിക്കുന്ന യേശുദാസ്, താന്‍ വിദ്യാര്‍ഥി മാത്രമെന്നാണ് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.