Actress
ലാലേട്ടനും മമ്മൂക്കയുമല്ല പവർ ഗ്രൂപ്പ്, പവർ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ആണ്; സാന്ദ്ര തോമസ്
ലാലേട്ടനും മമ്മൂക്കയുമല്ല പവർ ഗ്രൂപ്പ്, പവർ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ആണ്; സാന്ദ്ര തോമസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടിയെ പുറത്താക്കിയത്. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരുന്നു. തനിക്കുണ്ടായ അതിക്രമം ചൂണ്ടിക്കാണിച്ച പരാതിക്കാരി എന്ന നിലയിൽ തന്നെ സംരക്ഷിക്കുന്നതിന് പകരം സംഘടന പുറത്താക്കുകയാണ് ചെയ്തത്. ഇതിന് പിന്നിലെ സ്വാധീനം ആരുടേതാണെന്ന് തനിക്ക് അറിയാമെന്നും സാന്ദ്രാ തോമസ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഇതിന് പിന്നിൽ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. പവർ ഗ്രൂപ്പ് എന്ന് എല്ലാവരും കരുതിയിരിക്കുന്നത് അമ്മയിലെ താരങ്ങളെയാണ്. എന്നാൽ അത് തെറ്റിദ്ധാരണ ആണെന്നും പ്രൊഡ്യൂസ് അസോസിയേഷനിലാണ് പവർ ഗ്രൂപ്പിലെ പ്രമുഖർ ഉള്ളതൊന്നും നടി പറയുന്നു.
ഞാനിതിന്റെ തുടക്കം മുതൽ പറയുന്നുണ്ട് അമ്മയിലുള്ള ആളുകളെ നമ്മൾ തെറ്റിദ്ധരിക്കുന്നതാണ്. അമ്മയിലുള്ള നടന്മാരും നടിമാരും ഏറ്റവും സ്വാധീനമുള്ളവരാണെന്ന് നമ്മൾ തെറ്റിദ്ധരിച്ചതാണ്. അതിനേക്കാളും സ്വാധീനമുള്ളവരാണ് കെഇപിഎ എന്ന സംഘടനയിൽ ഉള്ളത്. ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന പവർ ഗ്രൂപ്പിലെ ഏഴോളം അംഗങ്ങൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ ആണ് ഉള്ളത്.
അവരുടെ സ്വാധീനത്തിന്റെ ബലത്തിലാണ് എന്നെ ഒതുക്കാൻ നോക്കുന്നത്. മാക്ട പിളർന്ന് ഫെഫ്ക ആയപ്പോൾ സംഘടന തുടങ്ങാനുള്ള ഫണ്ട് ചെയ്തത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. എന്നെ പുറത്താക്കണമെന്നും എനിക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞ് ഉറച്ച നിലപാടുമായി മുന്നിൽ നിന്നത് ഫെഫ്കയുടെ ജനറൽ സെക്രട്ടറിയാണ്.
ഫെഫ്കയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ വലിയൊരു പങ്കുവഹിക്കുന്നത്. ഇതെല്ലാം ഒരു കോക്കസ് ആയി വർക്ക് ചെയ്യുന്ന സിസ്റ്റമാണ്. എന്നെ പോലൊരു സ്ത്രീ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യുക എന്നത് നിസ്സാര കാര്യമല്ല. എന്നെ മോശക്കാരി ആക്കാനും പുറത്താക്കാനുമൊക്കെ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും എന്റെ ജീവന് തന്നെ ആപത്താണെന്ന് പറയുകയും ചെയ്യുന്നു.
ഞാൻ അതിനെ ഒന്നും ഭയക്കുന്നില്ല. അതിനൊക്കെ മുകളിൽ എന്റെ ആത്മാഭിമാനമാണ് വലുതെന്ന് വിശ്വസിക്കുന്നു. പവർഗ്രൂപ്പ് എന്ന വാക്കിനെ അവരെല്ലാവരും ഭയപ്പെടുന്നുണ്ട്. അത് എനിക്ക് മനസിലായി. അവരെല്ലാം ആ പവർ ഗ്രൂപ്പിൽ ഉണ്ട് എന്നതാണ് അവരെയെല്ലാം ഭയപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം.
ലാലേട്ടനും മമ്മൂക്കയുമല്ല പവർ ഗ്രൂപ്പ് എന്നും അവരുടെ മേൽ കുറ്റമാരോപിക്കുമ്പോഴും പുറത്തേയ്ക്ക് മുഖം കൊണ്ടുവരാതെ ഒളിഞ്ഞു നിൽക്കുന്ന ചിലരാണ് പവർഗ്രൂപ്പിനെ നിയന്ത്രിക്കുന്നതെന്നും അവിടെ ഇരുന്ന എല്ലാവർക്കും വ്യക്തമാണ്. ആരോപണങ്ങൾ ഉയർന്നപ്പോൾ അമ്മയിലെ ഭാരവാഹികൾ സ്ഥാനമൊഴിയുകയാണ് ചെയ്തത്. നടൻ ദിലീപിനെതിരെ ആരോപണം വന്നപ്പോൾ അമ്മയിൽ നടപടി ഉണ്ടായി. എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അദ്ദേഹം തുടരുകയാണെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
അതേസമയം, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയ നടപടിയ്ക്കെതിരെ സാന്ദ്ര കോടതിയെ സമീപിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ സബ് കോടതിയിലേക്കാണ് സാന്ദ്ര തോമസ് സംഘടനയുടെ നടപടിക്കെതിരെ ഹർജി നൽകിയിരിക്കുന്നത്. കൃത്യമായ കാരണം ബോധിപ്പിക്കാതെയാണ് തന്നെ നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് പുറത്താക്കിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പരാതി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. സംഘടനയിൽ നിന്നും പുറത്താക്കിയ നടപടി സ്‌റ്റേ ചെയ്യണമെന്നും സാന്ദ്ര തോമസ് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.