Social Media
ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി കോൺഗ്രസ് മാതൃക കാണിക്കണം; സാന്ദ്രാ തോമസ്
ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി കോൺഗ്രസ് മാതൃക കാണിക്കണം; സാന്ദ്രാ തോമസ്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു അച്ചടക്കം ലംഘിച്ചുവെന്ന പേരിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കിയത്. പിന്നാലെ നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആൻറോ ജോസഫിനെതിരെ സാന്ദ്ര രംഗത്തെത്തിയിരുന്നു.
ആന്റോ ജോസഫാണ് വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചത്. ഇവരെപ്പോലുള്ളവരെ രാജാക്കാൻമാരായി വാഴിക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണ്. പുല്ലേപ്പടിയിൽ പ്രവർത്തിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ബിൽഡിങ്ങിൽ സിസിടിവിയുണ്ട്.
അവിടെ റൂമുകളുണ്ട്. എന്തിനാണ് റൂമുകൾ. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയിൽ തുടരുന്നുവെന്നും ആൻ്റോ ജോസഫിനെ മാറ്റാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും സാന്ദ്രാ തോമസ് ആവശ്യപ്പെട്ടു.
സാന്ദ്രാ തോമസിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ;
പ്രതിപക്ഷ സംഘടനകളും മൗനം പാലിക്കുന്നുവോ ?
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സിനിമ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചക്ക് നോട്ടീസ് നൽകിയ പ്രതിപക്ഷ മുന്നണി, അതിലെ പ്രധാന കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സാംസ്‌കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്ന് ഞാൻ കൊടുത്ത കേസിൽ പ്രതിയാക്കപെട്ട ആന്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണ്.
കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ഉപതെരുഞ്ഞെടുപ്പു നടക്കുമ്പോൾ 2 മണ്ഡലങ്ങളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ സ്ത്രീകൾ ആണ്, അത് സ്വതാർഹവുമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം സാംസകാരിക സംഘടനയുടെ നേതൃത്വത്തിൽ നിന്ന് കുറ്റാരോപിതനായ ശ്രീ ആന്റോ ജോസഫിനെ മാറ്റി നിർത്തി മാതൃക കാണിക്കേണ്ടതാണ്.
അല്ലാത്തപക്ഷം പ്രതിപക്ഷ പാർട്ടികളുടെ സ്ത്രീപക്ഷ നിലപാടുകൾ സംശയത്തോടു കൂടി മാത്രമേ കേരളത്തിലെ സ്ത്രീ സമൂഹം നോക്കി കാണുകയുള്ളു. അതുകൊണ്ടു കോൺഗ്രസ് നേതൃത്വം അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടു ആന്റോ ജോസഫിനെ തൽസ്ഥാനത്തു നിന്ന് മാറ്റി മാതൃക കാണിക്കണമെന്ന് ആവശ്യപെടുന്നു അഭ്യർത്ഥിക്കുന്നു .
പ്രതീക്ഷയോടെ
സാന്ദ്ര തോമസ്