Connect with us

ബി ജെ പി ഭരണകാലത്തു ഗോവയിൽ എന്നെയും കണ്ണൻനായരേരയും ഒരു മുറിയിൽ പൂട്ടിയിട്ടു ! അന്ന് എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ഭീതി തോന്നി. വല്ലാത്തൊരു നിസ്സഹായാവസ്ഥ എന്നെ വന്നു പൊതിഞ്ഞു… ” സനൽ കുമാർ ശശിധരൻ ഗോവയിൽ നടന്നത് വെളിപ്പെടുത്തുന്നു

Malayalam

ബി ജെ പി ഭരണകാലത്തു ഗോവയിൽ എന്നെയും കണ്ണൻനായരേരയും ഒരു മുറിയിൽ പൂട്ടിയിട്ടു ! അന്ന് എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ഭീതി തോന്നി. വല്ലാത്തൊരു നിസ്സഹായാവസ്ഥ എന്നെ വന്നു പൊതിഞ്ഞു… ” സനൽ കുമാർ ശശിധരൻ ഗോവയിൽ നടന്നത് വെളിപ്പെടുത്തുന്നു

ബി ജെ പി ഭരണകാലത്തു ഗോവയിൽ എന്നെയും കണ്ണൻനായരേരയും ഒരു മുറിയിൽ പൂട്ടിയിട്ടു ! അന്ന് എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ഭീതി തോന്നി. വല്ലാത്തൊരു നിസ്സഹായാവസ്ഥ എന്നെ വന്നു പൊതിഞ്ഞു… ” സനൽ കുമാർ ശശിധരൻ ഗോവയിൽ നടന്നത് വെളിപ്പെടുത്തുന്നു

സിനിമ മേഖലയിൽ വ്യത്യസ്തമായ വഴിയിലൂടെ നീങ്ങുന്ന ആളാണ് സനൽ കുമാർ ശശിധരൻ .ഏറെ വിമര്ശനങ്ങള് നേരിട്ട ഒരു വ്യക്തി കൂടെ ആണ് സനൽകുമാർ .’എസ് ദുർഗ ‘ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കാഴ്ചപാട് ഉന്നയിച്ചതിലൂടെയും ഏറെ വിമർശങ്ങൾ നേരിടേണ്ടി വന്നു .എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് .രാജ്യത്തിന്റെ ഭാവിയെ പറ്റി ഉള്ള ആശങ്കയും മതഭ്രാന്ത് വ്രണപെടുത്തുന്ന ജനാധിപത്യത്തെ പറ്റിയും ഉള്ള സനൽ കുമാറിന്റെ ആ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റുന്നത് .

സനൽകുമാർ ശശീധരന്റെ ആ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം –

തുടർച്ചയായി ബിജെപിക്ക് വോട്ടു ചെയ്യരുതെന്നും ഇനിയൊരു തവണ കൂടി മോദിഭരണം ഉണ്ടായാൽ അത് രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയെ തന്നെ തകർക്കുമെന്നും ഞാൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സമാനമനസ്കരായ സുഹൃത്തുക്കൾ പോലും എന്റെ പുലമ്പലുകൾ അതിശയോക്തിയാണെന്ന് കരുതുന്നുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. എല്ലാ പാർട്ടികളും നടത്തുന്ന അഴിമതിയും സ്വജനപക്ഷപാതവുമല്ലാതെ ജനാധിപത്യത്തെ തന്നെ നശിപ്പിക്കാൻ തക്കവണ്ണം ബിജെപി അത്ര ജനാധിപത്യവിരുദ്ധമായ പാർട്ടിയാണോ എന്നും അവർ സംശയിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. പരിസ്ഥിതിപ്രവർത്തകർ പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് ഉറക്കെ സംസാരിക്കുമ്പോൾ പൊതുജനം അവരെ നോക്കിക്കാണുന്നപോലെയാണ് പലപ്പോഴും ബിജെപി ഇന്ത്യൻ ജനാധിപത്യത്തിന് അപകടമുണ്ടാക്കുമെന്ന മുറവിളികളെ പലരും നോക്കി കാണുന്നതെന്ന് തോന്നിയിട്ടുണ്ട്.


പ്രത്യക്ഷത്തിൽ അനുഭവവേദ്യമാവാത്ത ഒന്നിനെക്കുറിച്ച് അതിന്റെ പരിണിതഫലം ഉണ്ടാകുന്നതുവരെ ജനത്തെ പറഞ്ഞു മനസിലാക്കാൻ എളുപ്പമല്ല. എന്നാൽ ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല എനിക്ക് ഈ രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തനശൈലിയും അതിന്റെ പരിണിത ഫലങ്ങളും അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് ഇനിയൊരു തവണ കൂടി ഈ പ്രസ്ഥാനം അധികാരത്തിലേറിയാൽ എന്താണ് സംഭവിക്കുക എന്നതേക്കുറിച്ച് കുറേക്കൂടി വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ടുതന്നെ എന്റെ വാചകങ്ങൾ വ്യക്തിപരമായും കലാപ്രവർത്തനം നടത്തി ഉപജീവനം കഴിക്കുന്ന ഒരു പൌരനെന്ന നിലയിലും എനിക്ക് ഉണ്ടാക്കാവുന്ന എല്ലാത്തരം നഷ്ടങ്ങളെക്കുറിച്ചും തിരിച്ചറിവുണ്ടെങ്കിലും സത്യം വിളിച്ചുപറയാതിരിക്കാൻ നിവൃത്തിയില്ല. കേരളത്തിലെ സിപി‌എം ഗവണ്മെന്റിനെതിരെയുള്ള വിമർശനങ്ങൾ കൊണ്ട് മര്യാദയ്ക്ക് പ്രതികാരനടപടികൾ നേരിടേണ്ടി വന്നിട്ടുള്ള ഒരാളും കൂടിയാണ് ഞാൻ. അതൊക്കെ അക്കമിട്ടുപറയേണ്ട ഒരവസരമല്ല ഇതെങ്കിലും ഏതെങ്കിലും ഒരു ചേരിയുടെ അഭയത്തിൽ നിന്നുകൊണ്ടല്ല ഞാൻ ഇങ്ങനെ ഒരു നിലപാടെടുക്കുന്നത് എന്ന് സൂചിപ്പിക്കേണ്ടതുണ്ട് എന്നതുകൊണ്ട് പറഞ്ഞുവെന്ന് മാത്രം. 


ഓർമവെച്ച കാലം മുതൽ ബിജെപി ഇന്ന് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം കണ്ടും കേട്ടും അറിഞ്ഞും വളർന്നിട്ടുള്ള മനുഷ്യനാണ് ഞാൻ. ആറെസെസിന്റെ ബാലശാഖയിൽ ഞാൻ പോയിട്ടുണ്ട്. ഹിന്ദുമുന്നണിക്ക് വൊട്ടുചോദിച്ചുകൊണ്ട് ചുവരെഴുതുന്ന അച്ഛന്റെ ഒപ്പം തെങ്ങും താമരയും വരയ്ക്കാൻ കൂടിയിട്ടുണ്ട്. ലോകോളേജിൽ എബിവിപിയുടെ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. തിരിച്ചറിവുണ്ടായിട്ടും രക്തത്തിൽ കലർന്നുപോയിട്ടുള്ള വികാരം കുടഞ്ഞുകളയാനാവാതെ പലപ്പോഴും ചിന്തിച്ചിട്ടും സംസാരിച്ചിട്ടുമുണ്ട്. എന്നാൽ ഈ രാഷ്ട്രീയ പ്രസ്ഥാനം എതിർശബ്ദങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുന്ന ഒന്നാണെന്നും മനുഷ്യന്റെ സ്വാഭാവികമായ സ്വാതന്ത്യവാഞ്ചക്കും ജനാധിപത്യം എന്ന മഹത്തായ ആശയത്തിനും എതിരു നിൽക്കുന്ന ഒന്നാണെന്നും മനസിലാക്കാൻ ഇടയായ രണ്ട് സംഭവങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ആദ്യത്തേത് എന്നെ ആപ്രസ്ഥാനത്തിൽ നിന്നും പുറത്തേക്ക് കടക്കാൻ സഹായിച്ചു. രണ്ടാമത്തേത് എത്രമാത്രം അപകടകരമായി അത് ഈ രാജ്യത്തെ കീഴടക്കിത്തുടങ്ങി എന്ന് തിരിച്ചറിയാൻ സഹായിച്ചു. 


ഒന്നാമത്തേത് ലോകോളേജിൽ യൂണിറ്റ് സെക്രട്ടറി ആയിരിക്കുന്ന സമയത്താണ്. ഒരു കാമ്പസ് ഇലക്ഷൻ കാമ്പെയിനിൽ ഞാൻ ക്ലാസിൽ സംസാരിക്കുമ്പോൾ എന്റെ അടുത്ത സുഹൃത്തായിരുന്നഎസ്.വി. പ്രദീപ് പ്രകോപനമൊന്നും കൂടാതെ എസ്‌എഫ്‌ഐക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് കാമ്പെയിൻ അലങ്കോലമാക്കി. എന്തിനായിരുന്നു അയാൾ അത് ചെയ്തതെന്ന് എനിക്കറിയില്ല. ഒരു എസ്‌എഫ്‌ഐ അനുഭാവി ആയിരുന്നെങ്കിലും സജീവ പ്രവർത്തകനായിരുന്നില്ലഅയാൾ. ഞങ്ങൾ തമ്മിൽ സിനിമ എന്ന വിഷയത്തിലുള്ള പൊതു താല്പര്യം മൂലം വളരെ അടുത്ത ബന്ധം തന്നെയുണ്ടായിരുന്നു. ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോവുകയും വീട്ടുകാരോടൊക്കെയും നല്ല അടുപ്പമുണ്ടാവുകയും ചെയ്തിട്ടുണ്ടായിരുന്നു. ആ സംഭവം സംഘടനയിൽ വലിയ കോളിളക്കമുണ്ടാക്കി. അന്നുവൈകുന്നേരം അടിയന്തിരമായി വിളിച്ചു ചേർത്ത യോഗത്തിൽ പ്രദീപിനെ വീടുകയറി തല്ലണമെന്നും വീട് ഞാൻ തന്നെ കാണിച്ചുകൊടുക്കണമെന്നും മുതിർന്ന ചില അംഗങ്ങൾ ആവശ്യപ്പെട്ടു. ഒരിക്കലും അതു ചെയ്യാൻ കഴിയില്ലെന്നും ഞാൻ അതിനു കൂട്ടുനിൽക്കുകയില്ലെന്ന് മാത്രമല്ല അങ്ങനെ ഒരു നീക്കമുണ്ടായാൽ അതിനെ ചെറുക്കാൻ മുന്നിൽ നിൽക്കുന്നത് ഞാനായിരിക്കുമെന്നും ഞാൻ പറഞ്ഞു. എന്റെ ആ നിലപാട് എന്നെ ഭീരുവും നട്ടെല്ലില്ലാത്തവനുമാക്കി. അങ്ങനെ പുറത്തേക്കുള്ള വഴി ഞാൻ കണ്ടെത്തി. (പ്രദീപ് ഇന്ന് ശക്തമായി പിണറായി വിജയനെ എതിർക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകനാണ്) 
രണ്ടാമത്തെ സംഭവം എന്റെ സെക്സി ദുർഗ എന്ന സിനിമയുമായി ബന്ധപ്പെട്ടതാണ്. സെക്സി ദുർഗ ഹിവോസ് ടൈഗർ അവാർഡ് നേടിയ വാർത്തകൾ പുറത്തു വന്നതോടെ ഭീഷണി കോളുകളും ആഭാസങ്ങളും ഹിന്ദുതീവ്രവാദികളിൽ നിന്നും വന്നു തുടങ്ങിയിരുന്നു. പേരുമാറ്റിയാൽ മാത്രം മതി പ്രശ്നങ്ങൾ ഇല്ലാതാക്കാം എന്നതരത്തിൽ ഒത്തു തീർപ്പ് സംസാരങ്ങളും ഉണ്ടായിരുന്നു. സിനിമ സെൻസർ ബോർഡിന്റെ മുന്നിലെത്തിയപ്പോൾ സെൻസർ ഓഫീസർ സിനിമയുടെ ടൈറ്റിലിനെതിരെ ആയിരത്തോളം പരാതികൾ ഉണ്ടായിട്ടുണ്ട് അതുകൊണ്ടുതന്നെ സെൻസർ കിട്ടാൻ ബുദ്ധിമുട്ടാവുമെന്ന് എന്നോട് പറഞ്ഞു. സിനിമ കണ്ടിട്ട് സംസാരിക്കാം എന്നായിരുന്നു എന്റെ നിലപാട്. സിനിമ കണ്ടതിനു ശേഷം അവർ പറഞ്ഞത് വളരെ നല്ല സിനിമയാണ് പക്ഷേ പേരു മാറ്റാതെ സെൻസർ തരാൻ കഴിയില്ല എന്നായിരുന്നു. പേരു മാറ്റുക എന്നതല്ലാതെ മറ്റൊരു കട്ടും സിനിമയിൽ അവർ നിർദ്ദേശിച്ചില്ല എന്നതുകൊണ്ട് സെക്സി ദുർഗ എന്നത് എസ്.ദുർഗ എന്നാക്കാൻ ഞാൻ സമ്മതിച്ചു. അങ്ങനെ സിനിമയ്ക്ക് സെൻസർ ലഭിച്ചു എങ്കിലും എസ്.ദുർഗ എന്നത് സെക്സി ദുർഗ എന്നപേരിനെ ഓർമിപ്പിക്കുന്നു എന്നതുകൊണ്ട് കേന്ദ്രഗവണ്മെന്റും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനിയും സിനിമ പുറം ലോകം കാണിക്കില്ല എന്ന് നിലപാടെടുത്തു. 


IFFI യിൽ സിനിമ സെലക്ട് ചെയ്തതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ജൂറി സമർപ്പിച്ച ലിസ്റ്റിൽ നിന്നും എസ് ദുർഗയെ മന്ത്രി ഇടപെട്ട് വെട്ടിപ്പുറത്താക്കി. ഇത് ഞാനറിയുന്നത് ജൂറി അംഗങ്ങൾ മന്ത്രിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് രാജിവെച്ച് പുറത്തു വരുമ്പോഴായിരുന്നു. ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ഈ നടപടിക്കെതിരെ ഞാൻ കോടതിയിൽ പോയി. ബഹുമാനപ്പെട്ട കേരളാ ഹൈക്കൊടതി സിനിമക്കനുകൂലമായി വിധി പുറപ്പെടുവിച്ചു. സിനിമ IFFI യിൽ പ്രദർശിപ്പിക്കണം എന്നതായിരുന്നു വിധി. എന്നാൽ കോടതിവിധി അനുസരിക്കാൻ സർക്കാർ തയാറായിരുന്നില്ല. അവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചു. ( ഒരു സാധാരണപൌരനെതിരെ ഒരു രാജ്യം ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് കേസ് നടത്തിയ കഥയാണിത്. ചെലവായ തുകയുടെ കണക്ക് ആർക്ക് വേണമെങ്കിലും തിരുവനന്തപുരത്ത് സെൻസർ ബോർഡ് ഓഫീസിൽ നിന്നും ഒരു RTI വഴി എടുക്കാം). അപ്പീലിലും വിധി എനിക്ക് അനുകൂലമായതോടെ സിനിമ കാണിക്കുക എന്നത് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയായി മാറി. എന്നാൽ ഇവിടെ മുതലാണ് ഈ സർക്കാരിന്റെ ജനാധിപത്യധ്വംസനസ്വഭാവം മറനീക്കി പുറത്തുവരുന്നത് എനിക്ക് പ്രകടമായി കാണാൻ കഴിഞ്ഞത്. കോടതി വിധിയുടെ പകർപ്പുമായി ഞാനും കണ്ണൻ നായരും IFFI ഡയറക്ടർ സുനിത് ടണ്ടനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ വെച്ചുതന്നെ ഏതാനും ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു. അദ്ദേഹത്തെ കാണാൻ കഴിയില്ലെന്നും വിധിയുടെ പകർപ്പ് ഓഫീസിൽ ഏൽ‌പിച്ചിട്ട് പൊയ്ക്കോളാനും അവർ പറഞ്ഞു. പ്രകടമായി തന്നെ ആർ‌എസ്‌എസ് പ്രവർത്തകരുടെ രീതിയിൽ സംസാരിക്കുന്ന ഏതാനും പേർ, ഫെസ്റ്റിവൽ നടത്തിപ്പിനായി തിരുകിക്കയറ്റിയ പ്രവർത്തകർ. 


സംസാരം ഉച്ചത്തിലായപ്പോൾ പത്രക്കാരും അവിടെ എത്തിയതോടെ ഫെസ്റ്റ്രിവൽ ഓഫീസിലെ ഏതാനും മുതിർന്ന ഉദ്യോഗസ്ഥർ രംഗം ശാന്തമാക്കാൻ ശ്രമിച്ചു. ഫെസ്റ്റിവൽ ഡയറക്ടറെ നേരിട്ട് കണ്ട് വിധിപ്പകർപ്പ് കൊടുത്തിട്ടേ പോകൂ എന്ന് ഞാൻ വാശി പിടിച്ചതോടെ ഞങ്ങളെ സുനിത് ടണ്ടന്റെ ഓഫീസിന്റെ എതിർവശത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടിരുത്തി വാതിൽ കുറ്റിയിട്ടു. ഫെസ്റ്റിവൽ ഓഫീസിലെ ഒരു ചെറുപ്പക്കാരൻ എന്നോട് രൂക്ഷമായി സംസാരിക്കാൻ തുടങ്ങി. ഞാനും ഒതുങ്ങിയിരിക്കാൻ തയാറായിരുന്നില്ല. ചെറുപ്പക്കാരന്റെ സ്വരം ഭീഷണിയുടെയും അവഹേളനത്തിന്റെയും രീതിയിലായപ്പോൾ പ്രായം ചെന്ന ഏതാനും ഉദ്യോഗസ്ഥർ അയാളെ ശകാരിച്ച് പുറത്തേക്കയച്ചു. അയാൾ പുറത്തുപോയപ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ നിസഹായത വെളിവാക്കിക്കൊണ്ട് കുറ്റബോധത്തോടെ എന്നോട് സംസാരിച്ചു. ആ അടഞ്ഞ മുറിക്കുള്ളിൽ എനിക്ക് ആദ്യമായി ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് ആധി തോന്നി. ഹിറ്റ്ലറിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ഏതോ സിനിമയിലെ ഒരു കഥാപാത്രമാണ് ഞാനും കണ്ണനും ആ ചെറുപ്പക്കാരനും മുതിർന്ന ഉദ്യോഗസ്ഥരും എല്ലാമെന്നെനിക്ക് തോന്നി. ആർക്കും ഒന്നുമറിയില്ല. എവിടെനിന്നോ ഒരു നിർദ്ദേശം കിട്ടുന്നതുവരെ ആരും ഒന്നും പറയാനും ഉറപ്പിക്കാനും തയാറല്ലാത്ത അവസ്ഥ. ഭരണഘടനയും നിയമവും കോടതിയുമൊക്കെ എവിടെ നിന്നോ വരുന്ന ആ അജ്ഞാതന്റെ നിർദ്ദേശത്തിനനുസരിച്ച് കടപുഴക്കപ്പെടുന്ന അവസ്ഥ. എനിക്ക് എന്നെക്കുറിച്ചോ എന്റെ സിനിമയെക്കുറിച്ചോ അല്ല. എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ഭീതി തോന്നി. വല്ലാത്തൊരു നിസഹായതാവസ്ഥ എന്നെ വന്നു പൊതിഞ്ഞു. ഏറെ നേരം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് ഞങ്ങളെ വാതിൽ തുറന്ന് പുറത്തിറക്കി ടണ്ടന്റെ റൂമിലേക്ക് കൊണ്ടുപോയി. നീണ്ടുമെലിഞ്ഞ് വിളറിയ മുഖവുമായി മാന്യനായ ആ മനുഷ്യൻ തന്റെ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. കോടതിവിധിയുടെ പകർപ്പ് ഞാൻ കൈമാറുമ്പോൾ കണ്ണിൽ കണ്ണിൽ നോക്കാൻ കഴിയാത്തവിധം അയാൾ പതറുന്നുണ്ടായിരുന്നു. സിനിമ പ്രദർശിപ്പിക്കണമെന്നാണ് കോടതിവിധിയെന്ന് ഞാൻ പറഞ്ഞു. എന്നാണ് സിനിമ കാണിക്കാനാവുക എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു. എനിക്കറിയില്ല.. തീരുമാനമെടുക്കുന്നത് ഞാനല്ല.. എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നി. 


കോടതി വിധി നടപ്പാക്കപ്പെട്ടില്ല. പുതിയ ജൂറിയെ നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവുണ്ടായി. എന്റെ സിനിമക്കെതിരെ പുതിയ ജൂറി ചെയർമാൻ പരസ്യമായി തന്നെ പ്രസ്താവന നടത്തി. കോടതിവിധിക്ക് കടലപൊതിയാനുള്ള കടലാസിന്റെ വിലയില്ലെന്ന് അപമാനിക്കപ്പെട്ടു. 
ഞാനും കണ്ണനും മാത്രം ഫെസ്റ്റിവൽ വളപ്പിൽ സേവ് ഡെമോക്രസി എന്നെഴുതിയ ഒരു കടലാസുതുണ്ടും പിടിച്ച് പ്രതിഷേധിച്ചു.

ഏറെക്കാലം കഴിഞ്ഞില്ല സുപ്രീം കോടതിയിലെ ഇന്നതെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ പൊതുജനങ്ങൾക്കു മുൻപാകെ വന്ന് ജനാധിപത്യം അപകടത്തിലാണെന്ന് പറഞ്ഞു. ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ സൌന്ദര്യം.. അത് അപകടത്തിലാണെന്ന് പറഞ്ഞാൽ ഈ രാജ്യം അപകടത്തിലാണെന്നുതന്നെയാണർത്ഥം..

സുഹൃത്തുക്കളെ.. ഞാനീ എഴുതുന്നത് എന്നെ എത്രമാത്രം അപായപ്പെടുത്താമെന്ന് എനിക്കറിയില്ല… ഒരുപക്ഷേ ഈ സർക്കാർ തിരിച്ചുവന്നേക്കാം.. അതിന്റെ പ്രതികാരസ്വരൂപം പ്രകടിപ്പിച്ചേക്കാം.. പക്ഷേ ഞാനിത് പറഞ്ഞു എന്ന സമാധാനം എനിക്കുണ്ടാവുമെന്ന് ഞാൻ സമാധാനിക്കുന്നു. ജനാധിപത്യത്തിനായി വോട്ട് ചെയ്യുക.. ഏകാധിപത്യത്തിന്റെയും മതാധിപത്യത്തിന്റെയും വിഷം വമിപ്പിക്കുന്ന രാഷ്ട്രീയത്തെ വോട്ട് ചെയ്ത് വിജയിപ്പിക്കാതിരിക്കുക.. ഇത് നമ്മുടെ നിർണായകമായ തെരെഞ്ഞെടുപ്പാണ്.. ഇവിടെ നാം മറ്റൊരു സർക്കാരിനെ തെരെഞ്ഞെടുക്കുകയല്ല.. നമ്മുടെ രാജ്യത്തിന്റെ ഭാവിയെത്തന്നെയാണ് തെരെഞ്ഞെടുക്കുന്നത്.. 
ജയ് ഹിന്ദ്!



sanalkumar sasidaran facebook post

More in Malayalam

Trending

Recent

To Top