Malayalam
വിവാദങ്ങള്‍ക്കിടെ ‘വഴക്കി’ന്റെ മുഴുവന്‍ സിനിമ പുറത്ത് വിട്ട് സനല്‍കുമാര്‍ ശശിധരന്‍
വിവാദങ്ങള്‍ക്കിടെ ‘വഴക്കി’ന്റെ മുഴുവന്‍ സിനിമ പുറത്ത് വിട്ട് സനല്‍കുമാര്‍ ശശിധരന്‍
ടൊവിനോ തോമസ് നായകനായ ‘വഴക്ക്’ എന്ന ചിത്രത്തിന്റെ പ്രിവ്യു കോപ്പിയുടെ വീഡിയോ ലിങ്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വിമിയോയില്‍ അപ്‌ലോഡ് ചെയ്ത സിനിമയുടെ ലിങ്കാണ് അദ്ദേഹം പങ്കുവെച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ടൊവിനോയുമായി പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലാണ് സംവിധായകന്റെ നീക്കം.
‘പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel. കാണണമെന്നുള്ളവര്‍ക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാം’, വീഡിയോ ലിങ്ക് പങ്കുവെച്ചുകൊണ്ട് സനല്‍കുമാര്‍ ശശിധരന്‍ കുറിച്ചു. സനലിന്റെ തന്നെ വിമിയോ അക്കൗണ്ടില്‍ രണ്ട് വര്‍ഷം മുമ്പ് അപ്‌ലോഡ് ചെയ്ത ലിങ്ക് ആണ് അദ്ദേഹമിപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമയുമായി ബന്ധപ്പെട്ട് സനല്‍കുമാര്‍ ശശിധരനും ടൊവിനോയും തമ്മില്‍ പ്രശ്‌നങ്ങള്‍ നടക്കുകയാണ്. സിനിമ ഒടിടിയിലോ തിയേറ്ററിലോ റിലീസ് ചെയ്യാന്‍ നിര്‍മാതാവ് കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനല്‍കുമാറിന്റെ പരാതി. ടൊവിനോയുടെ പരാജയ ഭീതിയാണ് ഇതിന് പിന്നിലെന്നും സനല്‍കുമാര്‍ പറഞ്ഞു. ടൊവിനോയ്ക്ക് എതിരെ നിരവധി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
സനല്‍കുമാറിന്റെ വാദങ്ങള്‍ക്കെതിരെ വൈകാതെ പ്രതികരണവുമായി ടൊവിനോയും എത്തി. ചിത്രം ഒടിടിയില്‍ എത്താത്തതിന് പിന്നില്‍ സനല്‍കുമാറാണെന്നും ടൊവിനോ പറഞ്ഞു. വഴക്ക് വളരെ നല്ല ചിത്രമാണെന്നും താന്‍ ചെയ്ത ഒരു സിനിമയെയും മോശമായി കാണുന്ന ആളല്ലെന്നും ടൊവിനോ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞിരുന്നു. ഒടിടി റിലീസിനായി ശ്രമിച്ചുവെങ്കിലും സനല്‍കുമാര്‍ ഒടിടി പോളിസി അംഗീകരിച്ചില്ലെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ പ്രൊഫൈല്‍ തടസമായി എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
2022ല്‍ നിര്‍മാണം പൂര്‍ത്തിയായ സിനിമയാണ് ‘വഴക്ക്’. കനി കുസൃതിയായിരുന്നു നായിക. ടൊവിനോയ്ക്ക് ഒപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടിക്കുള്ള സംസ്ഥാന പുരസ്‌കാരം തന്മയയ്ക്ക് ലഭിച്ചിരുന്നു. പതിനഞ്ച് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.