മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എനിയ്ക്ക് വേണ്ടി ജയിലിൽ അവരെത്തി; എന്റെ ആ ചോദ്യത്തിന് അവർ നൽകിയ മറുപടി, സനൽകുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയപ്പോഴാണ് മലയാളികള്‍ ബിഎ ആളൂര്‍ എന്ന പേര് ശ്രദ്ധിക്കുന്നത്. ബിജു ആന്റണി ആളൂര്‍ എന്നാണ് മുഴുവന്‍ പേര്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു. അതിന് ശേഷം ധാബോല്‍ക്കര്‍ വധക്കേസ്, ജിഷ കൊലക്കേസ്, കൂടത്തായി കേസ് പോലുളളവയിലും ആളൂരിന്റെ പേര് ഉയര്‍ന്നു.കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പ്രതികള്‍ക്ക് വേണ്ടി ആളൂര്‍ ഹാജരായിട്ടുണ്ട്.
ഇപ്പോഴിതാ ഇലന്തൂര്‍ നരബലി കേസ് ഏറ്റെടുത്തതോടെ ബിഎ ആളൂരെന്ന അഭിഭാഷകന്റെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തരം കേസുകളിലൊക്കെ ആളൂർ എങ്ങനെയാണ് അഭിഭാഷകനായി എത്തുന്നത് എന്നതൊരു ചോദ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജു വാര്യരുമായി ബന്ധപ്പെട്ട കേസിൽ ആളൂരിന്റെ ആളുകൾ തന്നെയും കാണാൻ എത്തിയിരുന്നുവെന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത്
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
‘ ബി എ ആളൂർ എങ്ങനെയാണ് കേരളത്തിലെ വിവാദമുണ്ടാക്കുന്ന കേസുകളിലൊക്കെ അഭിഭാഷകനായി എത്തുന്നതെന്ന് എനിക്ക് വലിയ കൗതുകം പണ്ടുമുതലേ ഉണ്ട്. മഞ്ജു വാര്യരുടെ പേരിലുള്ള കള്ളക്കേസിൽ എന്നെ പോലീസ് പിടിച്ചുകൊണ്ട് പോയശേഷം എന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഞാൻ ശാഠ്യം പിടിച്ചപ്പോൾ എന്നെക്കാണാൻ രണ്ട് ജൂനിയർ അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
അഡ്വക്കേറ്റ് ബി എ ആളൂരിന്റെ ജൂനിയർമാരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞയച്ചിട്ടാണ് വന്നതെന്നും അവർ പറഞ്ഞു. ആരാണ് എനിക്കുവേണ്ടി ആളുരിനെ സമീപിച്ചത് എന്ന് ചോദിച്ചപ്പോൾ എന്റെ ഏതോ സിനിമകളുടെ പ്രൊഡ്യുസർ ആണ് എനിക്ക് വേണ്ടി കേസ് വാദിക്കാൻ അദ്ദേഹത്തെ സമീപിച്ചത് എന്ന് പറഞ്ഞു. ആരാണ് ആ പ്രൊഡ്യുസർ എന്ന് സാറിനും അറിയില്ല എന്നും അവർ പറഞ്ഞു.
വിവരങ്ങൾ കൃത്യമല്ലാത്തതുകൊണ്ടും നിഴൽ നാടകങ്ങളിൽ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ടും ഞാനത് നിരസിച്ചു. ഇപ്പോൾ നരബലി കേസിൽ ആളൂർ ആണ് പ്രതികളുടെ അഭിഭാഷകൻ എന്ന് കേട്ടപ്പോൾ ഓർത്തതാണ്. ആരായിരിക്കും പ്രതികൾക്ക് വേണ്ടി അദ്ദേഹത്തെ കേസ് ഏല്പിച്ചിട്ടുണ്ടാവുക!’ എന്നാണ് സനൽ കുമാർ കുറിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നുളള നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സനല്‍ കുമാര്‍ ശശിധരന് എതിരെ പോലീസ് കേസെടുത്തിരുന്നു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട് എന്നതടക്കം പറഞ്ഞ് നിരവധി പോസ്റ്റുകള്‍ സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലിട്ടിരുന്നു. അറസ്റ്റിലായ സനല്‍ കുമാറിന് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവര്‍ക്ക് വേണ്ടിയാണ് ബിഎ ആളൂര്‍ ഹാജരാകുന്നത്. ആരാണ് ഈ കേസ് ആളൂരിന് വക്കാലത്ത് നല്‍കിയത് എന്നത് വ്യക്തമല്ല. രണ്ട് പ്രതികള്‍ക്ക് വേണ്ടി ഹാജരാകാനാണ് തന്നെ ഏല്‍പ്പിച്ചിരുന്നത് എന്നും എന്നാല്‍ ഇപ്പോള്‍ മൂന്ന് പേര്‍ക്ക് വേണ്ടിയും ഹാജരാകുന്നുവെന്നും ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഒരു പ്രതി നീതി ലക്ഷ്യമാക്കി കൊണ്ട് ഒരു അഭിഭാഷകനെ സമീപിച്ചാല്‍ ആ കേസ് എടുക്കില്ലെന്ന് പറയാനുള്ള അവകാശം അഭിഭാഷകനില്ല. എടുക്കുന്നില്ലെങ്കില്‍ അതിന് വ്യക്തമായ കാരണം പറയണം. അതിന് സാധിച്ചില്ലെങ്കില്‍ വേറെ കേസിന് പോവണം. ഏതൊരു വാദിക്കും ഒരു പ്രതിയുണ്ടാവും, അതുപോലെ ഏതൊരു ഇരക്കും ഒരു വേട്ടക്കാരനുണ്ടാവും. വേട്ടക്കാരുടെ കേസ് മാത്രമേ എടുക്കു എന്ന് പറയുന്നവർ അഭിഭാഷകർ അല്ല. രണ്ട് പേരുടേയും കേസുകള്‍ അവർ ഏറ്റെടുക്കണമെന്നാണ് ഒരിക്കൽ ബിഎ ആളൂർ പറഞ്ഞത്