Malayalam
പ്രണയവും വിവാഹവും അതേതുടര്‍ന്നുണ്ടായ കലഹങ്ങളും സിനിമ എന്ന മുള്‍മരത്തില്‍ മുറുകെ പിടിക്കാന്‍ എന്നെ അനുവദിച്ചില്ല; പിന്തുണ ഇല്ലാതായപ്പോള്‍ സിനിമയുടെ പിന്നാലെ പോകുന്നത് അപകടമാണ് എന്ന് തോന്നിത്തുടങ്ങി, വൈറലായി കുറിപ്പ്
പ്രണയവും വിവാഹവും അതേതുടര്‍ന്നുണ്ടായ കലഹങ്ങളും സിനിമ എന്ന മുള്‍മരത്തില്‍ മുറുകെ പിടിക്കാന്‍ എന്നെ അനുവദിച്ചില്ല; പിന്തുണ ഇല്ലാതായപ്പോള്‍ സിനിമയുടെ പിന്നാലെ പോകുന്നത് അപകടമാണ് എന്ന് തോന്നിത്തുടങ്ങി, വൈറലായി കുറിപ്പ്
മലയാളികള്‍ക്കൊരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനാണ് സനല്‍കുമാര്‍ ശശിധരന്‍. എഴുത്തുകാരനും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ നിരവധി അവാര്‍ഡ് സിനിമകളൊരുക്കിയും ശ്രദ്ധേയനാണ്. വഴക്ക് എന്ന ചിത്രമാണ് അവസാനമായി സനല്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം.
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്ക് വെച്ച് നടി മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ഥന നടത്തിയതിന്റെ പേരിലും സനല്‍ കുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;
എന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമായ ‘പരോൾ’ ഉണ്ടാകുന്നത് സിനിമ എന്ന സ്വപ്നം എന്നേക്കുമായി അണഞ്ഞുപോയി എന്ന ഒരു തോന്നൽ എന്നെ പിടികൂടിയ കാലത്താണ്. 2001 ൽ ‘അതിശയലോകം’ എന്ന ഷോർട്ട് ഫിലിം ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിക്കാൻ എനിക്ക് കഴിഞ്ഞു എങ്കിലും 2002 ൽ പ്രണയവും വിവാഹവും അതേതുടർന്നുണ്ടായ കലഹങ്ങളും സിനിമ എന്ന മുൾമരത്തിൽ മുറുകെ പിടിക്കാൻ എന്നെ അനുവദിച്ചില്ല.
‘അതിശയലോകം’ ആദ്യത്തെ കേരള അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്രോൽസവത്തിൽ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും നിരവധി പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തതുകൊണ്ട് സിനിമയാണ് എന്റെ വഴി എന്ന വിശ്വാസം ഉപേക്ഷിക്കാനും മനസുവന്നില്ല. വീട്ടുകാരിൽ നിന്ന് വഴക്കിട്ടു മാറി താമസിക്കേണ്ടി വന്നതിനാൽ നിത്യച്ചെലവുകൾക്കായി വക്കീൽ ജോലി ചെയ്യാൻ ആരംഭിച്ചു.
അവസരം കിട്ടുമ്പോഴൊക്കെ അക്കാലത്ത് പ്രശസ്ത നിരൂപകൻ കൂടിയായ വിജയകൃഷ്ണന്‍ പരമേശ്വരന്‍ സാറിന്റെ ടെലിഫിലിമുകളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു. ഇടയ്ക്കും മുറയ്ക്കും വരുന്ന അസിസ്റ്റന്റ് ജോലിക്കായി വക്കീൽ പണിയിൽ നിന്നും ഇടയ്ക്കിടെ ഒളിച്ചോടുന്നത് എന്റെ സീനിയർമാർക്ക് അലോസരമുണ്ടാക്കി. വക്കീലാപ്പീസുകൾ മാറിമാറി അങ്ങനെ സ്ഥിരതയില്ലാത്ത നാലു വർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചു.
കുട്ടികൾ ജനിച്ചിട്ടും കുടുംബങ്ങളിൽ നിന്നും ഒരുവിധ പിന്തുണയും കിട്ടാതെ വന്നപ്പോൾ സിനിമ എന്ന സ്വപ്നത്തിന്റെ പിന്നാലെ പോകുന്നത് അപകടമാണ് എന്ന് തോന്നിത്തുടങ്ങി. നാട്ടിൽ നിന്നാൽ സിനിമയുടെ പ്രലോഭനം എന്നെ തകർക്കും എന്ന ഭയം വന്നപ്പോഴാണ് നാടുവിടാൻ തീരുമാനിക്കുന്നത്. അങ്ങനെ ആദ്യം ഡൽഹിയിലും പിന്നീട് ഗൾഫിലും എത്തിപ്പെട്ടു. പ്രവാസിയായി ജീവിക്കുക എന്നതാണ് എന്റെ വിധിയെന്ന് പൂർണമായും വിശ്വസിക്കാനായില്ല എങ്കിലും ബ്ലോഗിൽ കവിതയെഴുത്തും മറ്റുമായി ഗുമസ്ഥപണിയിൽ സന്തോഷം കണ്ടെത്തുകയായിരുന്നു ഞാൻ.
2008ൽ ബ്ലോഗിൽ ‘അതിശയലോകം’ പ്രസിദ്ധീകരിച്ചതോടെയാണ് സിനിമ എന്നെ വീണ്ടും വന്നു വിളിക്കുന്നത്. കഥാകൃത്തും നോവലിസ്റ്റുമായ കെവി മണികണ്ഠന്‍ ‘അതിശയലോകം’ കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ ‘പരോൾ’ എന്ന തിരക്കഥ ചിത്രീകരിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. ആ ചോദ്യം കേട്ടപാടെ ഞാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വണ്ടികയറി.
ബ്ലോഗിലെ കൂട്ടായ്മയിൽ നിന്നാണ് ‘പരോൾ’ ഉണ്ടായത് എങ്കിലും മണികണ്ഠൻ തന്നെയായിരുന്നു നിർമാണത്തിനുള്ള ഭൂരിഭാഗം പണവും കണ്ടെത്തിയത്. പരോൾ ഒന്നുരണ്ട് അവാർഡുകൾ നേടി എങ്കിലും എനിക്ക് മറ്റൊരു ഷോർട്ട് ഫിലിം ചെയ്യാൻ 2012 വരെ കാത്തിരിക്കേണ്ടി വന്നു. പരോൾ എന്റെ യുട്യൂബ് ചാനലിൽ കാണാം. സുധീർ കരമനയും സിജി പ്രദീപും പരോളിൽ അഭിനയിച്ചിട്ടുണ്ട്.