Bollywood
ബിഷ്‌ണോയിയുടെ ജീവിത ലക്ഷ്യം സല്‍മാനെ കൊല്ലുകയെന്നതാണ്; സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാ സംഘത്തിന്റെ ഇ- മെയില്‍ ഭീഷണി
ബിഷ്‌ണോയിയുടെ ജീവിത ലക്ഷ്യം സല്‍മാനെ കൊല്ലുകയെന്നതാണ്; സല്‍മാന്‍ ഖാന് വീണ്ടും ഗുണ്ടാ സംഘത്തിന്റെ ഇ- മെയില്‍ ഭീഷണി
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ഇമെയിലിലൂടെ ഭീഷണി സന്ദേശം അയച്ച് ഗുണ്ടാ സംഘം. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹായി ഗോള്‍ഡി ഭായ് എന്ന ഗോള്‍ഡി ബ്രാര്‍ ആണ് ബിഷ്‌ണോയ്ക്ക് വേണ്ടി മെയില്‍ അയച്ചത്. നടന്റെ അസിസ്റ്റന്റിന്റെ മെയിലില്‍ ആണ് സന്ദേശം എത്തിയത്. ബിഷ്‌ണോയിയുടെ ജീവിത ലക്ഷ്യം സല്‍മാനെ കൊ ല്ലുക എന്നതാണെന്ന് സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കര്‍ ആണ് ഭീഷണി സന്ദേശത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെട്ടത്. പരാതി ലഭിച്ചയുടന്‍ ഗുണ്ടാസംഘം തലവന്‍ ബിഷ്‌ണോയി, സഹായി ബ്രാര്‍, മെയില്‍ അയച്ച രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അടുത്തിടെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ലോറന്‍സ ബിഷ്‌ണോയി സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ താനുള്‍പ്പെടെയുള്ള ബിഷണോയി സമുദായത്തിന് സല്‍മാനോട് കടുത്ത ദേഷ്യമാണ് എന്നാണ് ലോറന്‍സ് അഭിമുഖത്തില്‍ പറഞ്ഞത്.
തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സല്‍മാന്‍ മാപ്പുപറഞ്ഞില്ല എങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി. തന്നെ വെറുതെ വിടാന്‍ സല്‍മാന്‍ ലോറന്‍സിന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ പണമല്ല വേണ്ടതെന്നും ലോറന്‍സ അഭിമുഖത്തില്‍ പറഞ്ഞു.
‘ഹം സാത്ത് സാത്ത് ഹൈന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സല്‍മാന്‍ രാജസ്ഥാനിലെ കങ്കാണിയില്‍ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. അഭിമുഖം ടെലിവിഷനില്‍ വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് നടന്റെ പിഎ ജോര്‍ഡി പട്ടേലിന് മെയിലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പൊലീസ് സല്‍മാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
