News
തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കണം, മോഹന്‍ലാലിനോട് അത് പറയേണ്ടതായിരുന്നു; 27 കൊല്ലം മുമ്പ് വരെ സിനിമയില്ലാതെയാണ് ഞാന്‍ ജീവിച്ചത്. ഇനിയും തനിക്കതിന് കഴിയുമെന്ന് സലിം കുമാര്‍
തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കണം, മോഹന്‍ലാലിനോട് അത് പറയേണ്ടതായിരുന്നു; 27 കൊല്ലം മുമ്പ് വരെ സിനിമയില്ലാതെയാണ് ഞാന്‍ ജീവിച്ചത്. ഇനിയും തനിക്കതിന് കഴിയുമെന്ന് സലിം കുമാര്‍
1996ല്‍ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോള്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാര്‍. മലയാളികളില്‍ ചിരിപൊട്ടിച്ച എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതില്‍ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്.
മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്നിവയെല്ലാം അവയില്‍ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാര്‍ ശ്രദ്ധേയനായത്. മിമിക്രിയില്‍ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയതോടെയാണ് സലിംകുമാറിന്റെ അഭിനയശേഷി പ്രശംസിക്കപ്പെട്ട് തുടങ്ങിയത്.
ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്‌കാരം സലിംകുമാറിന് ലഭിച്ചിട്ടുണ്ട്. പിന്നീട് ആദമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
മാത്രമല്ല, സലീം കുമാര്‍ തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്തയാളാണ്. ഒരിക്കല്‍ മോഹന്‍ലാലിനെതിരെ കമന്റ് ചെയ്തു കൊണ്ട് അമ്മ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു സലീം കുമാര്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് ല്‍കിയ അഭിമുഖത്തില്‍ ആ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സലീം കുമാര്‍.
ഇത് അപ്പോള്‍ പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോള്‍ പറയാനാണ്. ഇതുകേട്ട് അദ്ദേഹത്തിന് ചെയ്യാനാവുന്ന ഒരു പണി അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്ന് എന്നെ ഒഴിവാക്കുക എന്നതായിരുന്നു. പക്ഷെ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതാണ് സിനിമയെങ്കില്‍ എനിക്കാ സിനിമ വേണ്ട എന്നാണ് സലീം കുമാര്‍ പറയുന്നത്.
ഞാനൊരു തെറ്റായ കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഞാന്‍ ഭയക്കേണ്ടതുള്ളൂ. ഒരാള്‍ വലിയ പദവിയിലിരിക്കുന്നത് കൊണ്ട് വിമര്‍ശിക്കാതിരിക്കുന്നതില്‍ കാര്യമില്ല. തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അത്രമാത്രം എന്നാണ് സലീം കുമാര്‍ പറയുന്നത്. സിനിമയില്ലെങ്കിലും ഞാന്‍ ജീവിക്കുമെന്നും സലീം കുമാര്‍ പറയുന്നു. 27 കൊല്ലം മുമ്പ് വരെ സിനിമയില്ലാതെയാണ് ഞാന്‍ ജീവിച്ചത്. ഇനിയും എനിക്കത് കഴിയുമെന്നും സലീം കുമാര്‍ പറയുന്നു.
ആ ആത്മവിശ്വാസമാണ് തന്റെ കരുത്തെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എനിക്ക് അമിതമായ ആഗ്രഹങ്ങള്‍ ഒന്നുമില്ല. ഒരു സംവിധായകന്‍ നമുക്ക് കഥാപാത്രങ്ങള്‍ സമ്മാനിക്കുകയാണ്. നമ്മള്‍ നല്ല കഥാപാത്രങ്ങളെ ആഗ്രഹിച്ചിട്ട് കാര്യമില്ല. എന്റെ കാര്യത്തില്‍ ഇതുവരെ കിട്ടിയ കഥാപാത്രങ്ങളില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണെന്നും സലീം കുമാര്‍ പറയുന്നു. ഒരു സിനിമയുടെ സെറ്റില്‍ നിന്നും താന്‍ ഇറങ്ങിപ്പോന്ന അനുഭവവും സലീം കുമാര്‍ പങ്കുവെക്കുന്നുണ്ട്.
സിനിമയില്‍ നടനും കൂടെ സ്‌പേസുണ്ടായിരിക്കണം. പക്ഷെ ആ ഡിസ്‌കഷന്‍ സത്യസന്ധമായിരിക്കണം. ബാംബുബോയ്‌സ് എന്ന സിനിമയൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോന്നിട്ടുണ്ട്. ആദിവാസികളെ പലരീതിയില്‍ അപമാനിക്കുന്ന സിനിമയായിരുന്നു അത്. ഇന്നായിരുന്നുവെങ്കില്‍ ഞാന്‍ അങ്ങനെയൊരു സിനിമ ചെയ്യില്ലായിരുന്നുവെന്നും സലീം കുമാര്‍ പറയുന്നു. ഇടപെടേണ്ട സ്ഥലങ്ങളില്‍ ഇടപെടണമെന്നാണ് സലീം കുമാര്‍ പറയുന്നത്.
സിനിമയിലെ തുല്യവേതനത്തെക്കുറിച്ചുള്ള തന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ എല്ലാകാലത്തും ഓരോന്നിനും ഓരോ വിലയാണ്. അല്ലാതെ ഒരേ വിലയല്ല. സിനിമയുടെ കാര്യവും അങ്ങനെ തന്നെ. വിനിമയ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോരുത്തര്‍ക്കും വിലയിടുന്നതെന്നാണ് താരം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ നിരന്തരം വരുന്ന തന്റെ മരണവാര്‍ത്തകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്റെ മരണം കാണുമ്പോള്‍, അതിനെക്കുറിച്ച് വായിക്കുമ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട്. പിന്നെ മരണം എല്ലാവര്‍ക്കും ഒരു ദിവസം യാഥാര്‍ത്ഥ്യമാകാനുള്ളതാണ്. ഒരിക്കല്‍ ചിരിക്കാന്‍ ഞാന്‍ ഉണ്ടാവില്ലെന്ന് മാത്രം. മരണത്തിന്റെ ലോട്ടറി എല്ലാവരും എടുത്തിട്ടുണ്ട്. അത് ഒരു ദിവസം എല്ലാവര്‍ക്കും അടിക്കുകയും ചെയ്യും എന്നാണ് സലീം കുമാര്‍ പറയുന്നത്. അതേസമയം മേം ഹൂം മൂസയാണ് സലീം കുമാര്‍ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ. അഭിനയത്തിന് പുറമെ സംവിധാനത്തിലും തിരക്കഥയിലുമൊക്കെ അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സലീം കുമാര്‍ ഒരുക്കിയ കറുത്ത ജൂതനെന്ന സിനിമ നിരൂപക ശ്രദ്ധ നേടിയിരുന്നു.