Actress
സിനിമാ താരം എ ശകുന്തള അന്തരിച്ചു
സിനിമാ താരം എ ശകുന്തള അന്തരിച്ചു
തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ താരം എ ശകുന്തള(84) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു ശകുന്തള.
നടി എന്നതിനേക്കാളുപരി മികച്ച നർത്തകിയാണ് ശകുന്തള. നൃത്തത്തിൽ നിന്നുമാണ് സിനിമയിലേയ്ക്ക് എത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 600ലധികം സിനിമകളിൽ ശകുന്തള അഭിനയിച്ചിട്ടുണ്ട്.
1998ൽ പൊൻമാനൈ തേടി ആയിരുന്നു ശകുന്തളയുടെ അവസാന സിനിമ. എന്നാൽ 2019 വരെ നിരവധി ടെലിവിഷൻ സീരിയലുകളിൽ ശകുന്തള സജീവമായിരുന്നു.
1970ൽ പുറത്തിറങ്ങിയ സിഐഡി ശങ്കറാണ് ശകുന്തളയുടെ ശ്രദ്ധേയമായ ചിത്രം. കുപ്പിവള, കൊച്ചിൻ എക്സ്പ്രസ്, നീലപൊന്മാൻ, തച്ചോളി അമ്പു, 1979ൽ പുറത്തിറങ്ങിയ ആവേശം എന്നീ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
1996 ൽ പുറത്തിറങ്ങിയ നേതാജി, 1963ലെ നാൻ വണങ്ങും ദൈവം, 1964ൽ പുറത്തെത്തിയ കൈ കൊടുത്ത ദൈവം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ശകുന്തള ശ്രദ്ധിക്കപ്പെട്ടിരുന്നു.