കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ല ; ഞാനും ഇതിനപ്പുറം അനുഭവിച്ചതാണ്; വെളിപ്പെടുത്തലുമായി താരം
2016 -ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ദംഗൽ അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല . ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ ചിത്രങ്ങളിലൊന്നാണ് ചിത്രം . അതുപോലെ തന്നെ ചിത്രത്തിലൂടെ ബോളിവുഡ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് സൈറ വസീം. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കവർന്ന താരം കൂടിയാണ് സൈറ. എല്ലാവരും താരത്തെ തങ്ങളുടെ ഹൃദയത്തോടെ ചേർത്തു . എന്നാലിപ്പോൾ താരം എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് . കുറച്ച് ദിവസങ്ങൾക്ക് മുൻപ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരുന്നു . അഭിനയരംഗത്തേക്ക് കടന്നതോടെ താന്‍ വിശ്വാസത്തില്‍ നിന്ന് അകന്നുവെന്നും അതിനാല്‍ അഭിനയം നിര്‍ത്തുന്നുവെന്നുമായിരുന്നു പ്രഖ്യാപനം . തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം നടത്തിയിരുന്നത് .
അഞ്ച് വര്‍ഷം മുമ്പ് ഞാനെടുത്ത ഒരു തീരുമാനം എന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റി മറിച്ചു എന്നു പറഞ്ഞുകൊണ്ടാണ് സൈറ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിച്ചത് . എന്നാല്‍ താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ ദിനത്തില്‍, ഇപ്പോളുള്ള തന്റെ ഈ വ്യക്തിത്വം തനിക്ക് ഒട്ടും സന്തോഷം നല്‍കുന്നില്ലെന്നും സൈറ പറഞ്ഞിരുന്നു . നിരവധിപേരാണ് സൈറയുടെ ഈ തീരുമാനത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയത് . ഇതായിപ്പോൾ സൈറയുടെ തീരുമാത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്.
സൈറ വസീം അഭിനയം വിട്ടത് സ്വന്തം തീരുമാനം അനുസരിച്ചാണെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് റൂഹാനി പറയുന്നത് . മതത്തിൻ്റെ പേരിൽ തനിക്കും ആൾക്കൂട്ട ആക്രമണം നേരിട്ടിരുന്നെന്നും അതുകൊണ്ട് താനും കലാജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് റുഹാനി പറയുന്നു . താൻ വിട്ടുകൊടുത്തില്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രുഹാനി തന്റെ പോരാട്ടത്തെക്കുറിച്ച് മനസ്സു തുറന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ :-
‘എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു. കാരണം അവള്‍ നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ്. ദൈവം അനുഗ്രഹിച്ചു നല്‍കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ല. സമൂഹം വളഞ്ഞിട്ടാക്രമിച്ചപ്പോള്‍ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത കലാസൃഷ്ടികള്‍ മുഴുവന്‍ എനിക്ക് കത്തിക്കേണ്ടി വന്നു. അഭിനയം ഉപേക്ഷിക്കുക എന്നത് സൈറയുടെ തീരുമാനം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സമൂഹം അവളെ കൊണ്ട് ചെയ്യിച്ചതാണിത്. കാശ്മീരില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്കത് നന്നായി മനസ്സിലാകും.’- രുഹാനി വ്യക്തമാക്കി.
തന്റെ കലാസൃഷ്ടികള്‍ പലരിലും അസഹിഷ്ണുത ഉണ്ടാക്കിയിരുന്നെന്നും ഇനിയും തുടര്‍ന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിയുണ്ടായിരുന്നു എന്നുമാണ് രുഹാനി പറയുന്നത്. ‘ അതുകൊണ്ടു തന്നെ ഞാന്‍ എന്റെ ജോലികള്‍ ചെയ്തത് മറ്റാരെയും അറിയിക്കാതെയാണ്.
ഞാന്‍ മോഡലിങ് തുടങ്ങിയപ്പോള്‍ ജനങ്ങള്‍ എന്നെ സ്വീകരിച്ചു. എന്നാല്‍ മറുവശത്ത് ഞാന്‍ മര്‍ദ്ദിക്കപ്പെടുകയായിരുന്നു. എന്നെ ഒരു അടിമയപ്പോലെ തടഞ്ഞു വച്ചു. ദൈവത്തെക്കുറിച്ച് പഠിക്കാനാണ് എന്നോട് അവര്‍ ആവശ്യപ്പെട്ടത്.
പെണ്‍കുട്ടികള്‍ വീട്ടിലെ ജോലികള്‍ ചെയ്യുന്നത് മാത്രമേ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളൂ. ഞാന്‍ കാരണം വീട്ടിലും പ്രശ്‌നമായി. കുറച്ചു കാലത്തേക്ക് ഞാന്‍ പെയിന്റിഗും മോഡലിങ്ങുമെല്ലാം നിര്‍ത്തിവച്ചു. പക്ഷേ ആ ജീവിതം എനിക്ക് സംതൃപ്തി നല്‍കിയില്ല.
എന്റെ വര്‍ക്കുകളില്‍ അശ്ലീലം ഉണ്ടെന്നായിരുന്നു അവരുടെ ആരോപണം. പെയിന്റിങ് ചെയ്യുന്നത് മതത്തിന് നിരക്കാത്തതാണെന്ന് അവര്‍ എന്നെ ഉപദേശിച്ചു. പുറത്തിറങ്ങുമ്പോള്‍ അയല്‍ക്കാര്‍ പോലും എന്നോട് സംസാരിക്കാതെയായി. സമൂഹത്തില്‍ നിന്ന് എന്നെ പൂര്‍ണമായും ഒറ്റപ്പെടുത്തി.
സ്‌കൂളില്‍ പഠിക്കുന്ന സമയത്തും സമാനമായ അനുഭവങ്ങള്‍ ഞാന്‍ നേരിട്ടു. എന്നെ ശാരീരികമായും മാനസികമായും അവര്‍ പീഡിപ്പിച്ചു. ഐ.സി.യുവില്‍ കിടന്ന് മരണത്തെ മുഖാമുഖം കണ്ട അനുഭവം വരെ എനിക്കുണ്ടായി. അന്ന് ഞാന്‍ തീരുമാനമെടുത്തു എന്തു തന്നെ വന്നാലും ഞാന്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കില്ല എന്ന്.
ഞാന്‍ എന്റെ ബുര്‍ഖയില്‍ നിന്ന് പതുക്കെ പുറത്ത് കടന്നു. പൗരോഹിത്യത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്തിനാണ് ബുര്‍ഖ ധരിക്കുന്നത് എന്നു പോലും അവര്‍ക്ക് അറിയില്ല.
സമൂഹം എന്നെ നോക്കികണ്ടത് അത്രയും മോശമായായിരുന്നു. ദൈവത്തോടും മാതാപിതാക്കളോടും എനിക്കുള്ള സ്‌നേഹം പര്യാപ്തമല്ലെന്ന് അവര്‍ പറഞ്ഞു കൊണ്ടിരുന്നു. പത്ത് കാന്‍വാസുകളിലായി നാല് വര്‍ഷം കൊണ്ട് ഞാന്‍ ചെയ്ത പെയിന്റിങ്ങുകള്‍ എല്ലാം എനിക്ക് കത്തിക്കേണ്ടി വന്നു.
ആ കടുത്ത അനുഭവങ്ങള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. സ്വാതന്ത്ര്യത്തിലേക്ക് നടന്നു നീങ്ങാന്‍ ഞാന്‍ തീരുമാനമെടുത്തു. എനിക്ക് ദൈവം വരദാനമായി നല്‍കിയ കഴിവുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ല. ആ തിരിച്ചറിവ് എന്നെ ഇവിടെ എത്തിച്ചു- രുഹാനി വ്യക്തമാക്കി.
ruhani-zaira wasim- kashmirities- religion