ഞാനാണ് കടുവ സിനിമ ചെയ്യുന്നതെങ്കില്‍ ഒരിക്കലും ആ ഭാഗം ഇല്ലാതാക്കാന്‍ സമ്മതിക്കില്ല; കാരണം വെളിപ്പെടുത്തി രൂപേഷ്
നടൻ പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ കടുവ എന്ന സിനിമ പുറത്തിറങ്ങി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് കേട്ടത്. ചിത്രത്തില്‍ വില്ലനെതിരെ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന ഡയലോഗില്‍ ഓട്ടിസം ബാധിതരായ കുട്ടികളേയും അവരുടെ മാതാപിതാക്കളേയും അപമാനിക്കുന്നു എന്നതാണ് ഉയര്‍ന്ന് കേട്ട് വിമര്‍ശനം. ഇതേത്തുടര്‍ന്ന് സിനമയില്‍ നിന്ന് വിവാദഭാഗം നീക്കം ചെയ്തിരുന്നു.
എന്നാല്‍ കടുവ തന്‍രെ സിനിമയായിരുന്നുവെങ്കില്‍ താന്‍ ഒരിയ്ക്കലും അങ്ങനെ ചെയ്യുമായിരുന്നില്ല എന്ന് പറയുകയാണ് രൂപേഷ് പീതാംബരന്‍. സ്ഫടികം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യമാലം അവതരിപ്പിച്ചാണ് രൂപേഷ് സിനിമയില്‍ ശ്രദ്ധേയനാകുന്നത്. സ്ഫടികത്തിന്റെ റീ-റിലീസുമായി ബന്ധപ്പെട്ട് അഭിമുഖത്തിലാണ് താരം കടുവയെക്കുറിച്ചും സംസാരിച്ചത്.
കടുവ എന്ന ചിത്രത്തില്‍ പറയുന്ന ഒരു ഡയലോഗില്‍ പൃഥ്വിരാജ് പബ്ലിക്കായി ക്ഷമാപണം നടത്തി. പിന്നീട് ആ ഡയലോഗ് സിനിമയില്‍ നിന്ന് മാറ്റി, മ്യൂട്ട ചെയ്തു. ഇപ്പൊ ആ സിനിമ കണ്ടാല്‍ അങ്ങനെയൊരു സ്റ്റേറ്റ്‌മെന്റ് അതില്‍ കാണാന്‍ സാധിക്കില്ല. ഞാനാണ് ആ സിനിമ ചെയ്യുന്നതെങ്കില്‍ ഒരിക്കലും ആ ഭാഗം ഇല്ലാതാക്കാന്‍ സമ്മതിക്കില്ല. ചിത്രത്തിന്റെ എഴുത്തുകാരനോ സംവിധായകനോ നായകനോ പ്രൊഡ്യൂസറോ അങ്ങനെ ആരായിരുന്നെങ്കിലും ഞാന്‍ സമ്മതിക്കില്ല.
കാരണം, പുരാണങ്ങളിലടക്കം നമ്മള്‍ കേട്ട്കഴിഞ്ഞ കാര്യമാണ് നാം ചെയ്യുന്ന പാപങ്ങള്‍ നമ്മുടെ ഏഴ് തലമുറ അനുഭവിക്കുമെന്ന്. ബൈബിളിലും ഖുറാനിലും ഗീതയിലും ഇത്പറയുന്നുണ്ട്. അപ്പോള്‍ തിരുത്തുമ്പോള്‍ അവിടംമുതലാണ് തിരുത്തേണ്ടത്.
സിനിമയെ ജീവിതമാക്കി കാണാതെ അതൊന്ന് മാറ്റിനിര്‍ത്തണം. പൃഥ്വിരാജ് എന്ന നടന്‍ ഒരിയ്ക്കലും വ്യക്തിപരമായി പറഞ്ഞ ഡയലോഗല്ല അത് കടവാകുന്നേല്‍ കുറുവാച്ചന്‍ എന്ന് പറയുന്ന കഥാപാത്രമാണ് പറയുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രം ഈ ഡയലോഗ് പറയുന്നതുകൊണ്ടാണ് വിവേക് ഒബ്രോയിയുടെ വില്ലന്‍ കലിതുള്ളി അയാള്‍ക്കെതിരെ പ്രതികാരവുമായി എത്തുന്നത്. ഇവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങളെ ജെസ്റ്റിഫൈ ചെയ്യാനാണ് ആ സാഹചര്യവും സംഭാഷണവും ഒരുക്കുന്നത്.
പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം അത്ര മോഡേണായ വ്യക്തിയൊന്നുമല്ല, അദ്ദേഹം ഒരു മലയോര ഗ്രാമപ്രദേശത്ത് പള്ളിയും വേദപുസ്തകവുമൊക്കെയായി ജീവിക്കുന്ന ഒരാളാണ്. അത്തരത്തിലുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം പാപങ്ങള്‍ ചെയ്താല്‍ അടുത്ത തലമുറകളെ ബാധിക്കും എന്ന് പറയുന്നതില്‍ ഒരുതെറ്റും ഇല്ല.
നമ്മള്‍ കേട്ട് ശീലിച്ച ഒട്ടനവധി കാര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ മൂലകാരണങ്ങള്‍ ഈ ശീലങ്ങളാണ്. കഥാപാത്രം അത് പറയുമ്പോള്‍ അവിടെ തെറ്റുകണ്ടുപിടിക്കേണ്ട ആവശ്യമില്ല. എന്റെ അഭിപ്രായത്തോട് യോജിക്കണമെന്ന് പറയുന്നില്ല, പക്ഷേ ഇവിടെ ആരും സിനിമയെസിനിമായോ കഥാപാത്രത്തെ കഥാപാത്രമായോ കാണുന്നില്ല. അത് വലിയൊരു പ്രശ്‌നമാണ്. ജവിതത്തില്‍ പൃഥ്വിരാജ് കടുവാക്കുന്നേല്‍ കുറുവാച്ചനാണോ? മോഹന്‍ലാല്‍ ആട്‌തോമയാണോ? ഒരിക്കലുമല്ല.
നമ്മള്‍ ജീവിതത്തിലാണ് പൊളിറ്റിക്കലീ കറക്ടാകേണ്ടത്, അല്ലാതെ സിനിമയിലല്ല. സിനിമയെ അങ്ങനെ കാണ്ടാല്‍ ഒരിയ്ക്കലും സിനിമ സംഭവിക്കില്ല. ഇത്തരത്തില്‍ ചിന്തിച്ചുകൊണ്ട് ‘വിധേയന്‍’ എന്ന് പറയുന്ന സിനിമ സംഭവിക്കുമോ. അല്ലെങ്കില്‍ ‘തൂവാനത്തുമ്പികള്‍’ എന്ന സിനിമയെ ഇന്നത്തെക്കാലത്ത് എങ്ങനെ വിലയിരുത്തും.