.മരണ ശേഷവും അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്, മകനെ കാണുമ്പോഴെല്ലാം രഘുവിനെ ഓര്‍ക്കും ;രോഹിണി
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ നടിയാണ് രോഹിണി. ശക്തമായ ഒരുാപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് താരം പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്.ഇപ്പോഴിതാ രഘുവരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും നടിയുമായ രോഹിണി. ഇതാദ്യമായിട്ടാണ് ഒരു അഭിമുഖത്തില്‍ രോഹിണി രഘുവരനെക്കുറിച്ച് സംസാരിക്കുന്നത്. താന്‍ രഘുവരന്റെ ആരാധികയാണെന്നും മകനെ കാണുമ്പോള്‍ രഘുവരനെ ഓര്‍മ്മ വരാറുണ്ടെന്നും രോഹിണി പറയുന്നുണ്ട്. ആ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം
‘ആദ്യം തന്നെ പറയട്ടെ, ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. വ്യക്തിപരമായി ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിനെതിരെ എനിക്കൊരുപാട് കാര്യങ്ങളുണ്ടായിരുന്നു. പക്ഷെ അതെല്ലാം വ്യക്തിപരമാണ്. മരണ ശേഷവും അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട്. മകന്‍ ഋഷിയുടെ പക്വത കാണുമ്പോഴെല്ലാം ഞാന്‍ രഘുവിനെ ഓര്‍ക്കുകയും മിസ് ചെയ്യുകയും ചെയ്യും. അദ്ദേഹം ഉണ്ടായിരുന്നുവെങ്കില്‍ എത്ര നല്ലതായിരുന്നുവെന്ന് മകന്‍ എന്നെ ഓര്‍മ്മപ്പെടുത്താറുണ്ട്” രോഹിണി പറയുന്നു.
”രൂപത്തിന് പുറമെ എന്റെ മകന്റെ സ്വഭാവവും രഘുവിനെ പോലെയാണ്. എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ വാശിയോടെ അത് നേടിയെടുക്കുക തന്നെ ചെയ്യും. അവന്‍ അഭിനയം തിരഞ്ഞെടുക്കാതിരുന്നത് ഋഷിയ്ക്ക് അഭിനയത്തോട് പാഷന്‍ ഇല്ലാത്തതിനാലാണ്. അവന്റെ പാഷന്‍ മെഡിസിനിലാണ്. ഞാനത് മാറ്റാനും ആഗ്രഹിക്കുന്നില്ല” എന്നാണ് മകനെക്കുറിച്ച് രോഹിണി പറയുന്നത്.
1996 ലായിരുന്നു രോഹിണിയും രഘുവരനും വിവാഹം കഴിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം മകന്‍ ജനിച്ചു. ആറു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് രഘുവരനും രോഹിണിയും പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ വിവാഹ മോചനത്തിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടരുകയും മകന്റെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്തു. മലയാളമടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ നിറ സാന്നിധ്യമാണ് രോഹിണി.
നിരവധി സിനിമകളാണ് രോഹിണിയുടേതായി അണിയറയിലുള്ളത്. മലയാളത്തില്‍ രോഹിണിയുടെ പുതിയ സിനിമ അജയന്റെ രണ്ടാം മോഷണം ആണ്. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. പിന്നാലെ തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകളുണ്ട്. അവസാനമായി രോഹിണിയെ കണ്ടത് തെലുങ്ക് ചിത്രം അണ്ടെ സുന്ദര്‍നിനിയിലാണ്. ചിത്രത്തില്‍ നായകന്‍ നാനിയുടെ അമ്മയായാണ് രോഹിണിയെത്തിയത്.
ബാലതാരമായിട്ടാണ് രോഹിണി സിനിമയിലെത്തുന്നത്. തെലുങ്കിലൂടെയാണ് തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെ സജീവമായി മാറുകയായിരുന്നു. കുയിലിനെ തേടി, ആ രാത്രി, പിരിയില്ല നാം, കഥ ഇതുവരെ, ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, രാരീരം, അടിവേരുകള്‍, ജനുവരി ഒരു ഓര്‍മ്മ, ധ്വനി, ദിനരാത്രങ്ങള്‍, ബന്ധുക്കള്‍ ശത്രുക്കള്‍, തുടങ്ങി നിരവധി സിനിമകൡ മലയാളത്തിലായി അഭിനയിച്ചു. മൈക്ക് ആണ് ഒടുവിലത്തെ മലയാളം സിനിമ.
തമഴിലേയും മലയാളത്തിലേയുമെല്ലാം നിറ സാന്നിധ്യമായിരുന്നു രഘുവരന്‍. 2008 ലായിരുന്നു രഘുവരന്റെ മരണം. നിരവധി സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. കന്തസ്വാമി എന്ന ചിത്രത്തില്‍ രഘുവരന്‍ തുടങ്ങി വച്ചത് പൂര്‍ത്തിയാക്കിയത് ആശിഷ് വിദ്യാര്‍ഥിയായിരുന്നു. മാന്ത്രികം, സൂര്യമാനസം, അദ്ദേഹം എന്ന ഇദ്ദേഹം, കിഴക്കന്‍ പത്രോസ്, ദൈവത്തിന്റെ വികൃതികള്‍ തുടങ്ങിയവയാണ് രഘുവരന്‍ അഭിനയിച്ച മലയാള സിനിമകള്‍. അഭിനയത്തിന് പുറമെ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് രഘുവരന്‍. അദ്ദേഹം തന്നെ സംഗീതം നല്‍കി പാടിയ പാട്ടുകള്‍ ചേര്‍ത്തൊരുക്കിയ സംഗീത ആല്‍ബം രജനീകാന്ത് രോഹിണിയ്ക്കും മകനും നല്‍കി റിലീസ് ചെയ്തിരുന്നു.