Malayalam
റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ
റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ
ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.
ഇപ്പോഴിതാ റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ സി എച്ഛ് ഡിജിറ്റലാണ് റിമി ടോമിയ്ക്ക് വിസ നൽകിയത്. ഇ സി എച്ഛ് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും റിമി യുഎഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ ഏറ്റുവാങ്ങി.
നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനെയായിരുന്നു. റിമി ടോമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമിയും ചടങ്ങിൽ പങ്കെടുത്തു. ദുബായ് ഇമിഗ്രേഷൻ മുതിർന്ന ഉദ്യോഗസ്ഥൻ അദ്നാൻ മൂസയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 5 അല്ലെങ്കിൽ 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. 2019-ൽ ആണ് യുഎഇയുടെ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്.
ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല. എളുപ്പത്തിൽ ബിസിനസ് ആരംഭിക്കാം. സാധാരണയായി ആറു മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ ഇല്ലാതാകും എന്നാൽ ഗോൾഡൻ വിസ ഉള്ളവർക്ക് ഈ നിയമം ബാധകമാകില്ല.
ഗോൾഡൻ വിസയുള്ള വ്യക്തിക്ക് റെസിഡൻസ് നേടുന്നതിന് സ്പോൺസർ ആവശ്യമില്ല. ജീവിത പങ്കാളി, മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബാംഗങ്ങളെ ഗോൾഡൻ വിസ ഉള്ള വ്യക്തിക്ക് സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉള്ളയാൾ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക് വിസ കാലാവധി തീരുന്നതുവരെ യുഎഇയിൽ തുടരാം.