Malayalam
മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം, ഡബ്ല്യുസിസി വീണ്ടും മുഖ്യമന്ത്രിയെ കാണും; റിമ കല്ലിങ്കൽ
മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം, ഡബ്ല്യുസിസി വീണ്ടും മുഖ്യമന്ത്രിയെ കാണും; റിമ കല്ലിങ്കൽ
കഴിഞ്ഞ മാസം പുറത്തെത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ ഇനി പ്രതീക്ഷ കോടതിയിലാണെന്ന് നടി റിമ കല്ലിങ്കൽ. വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ട്. മോഹൻലാലിന് ഉത്തരമില്ലെങ്കിൽ ഇനി ഇവിടെ നിന്നെങ്കിലും ചിന്തിച്ച് തുടങ്ങാൻ ശ്രമിക്കണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങൾ പരാതി ഉന്നയിച്ചത് സർക്കാരിനെ വിശ്വസിച്ചാണ്.
സർക്കാർ ഒപ്പമുണ്ടാകുമെന്ന് കരുതിയിട്ട് വീണ്ടും പരാതി നൽകണമെന്ന് പറയുകയാണ് സർക്കാർ. റിപ്പോർട്ടുമായി ബന്ധപ്പെട്ട് തുടർ നടപടികൾ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവർത്തിക്കില്ല എന്നെങ്കിലും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള ചർച്ചകളെ കൃത്യമായ ദിശയിൽ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിയ്ക്കുണ്ട് എന്നും റിമ പറഞ്ഞു.
അതേസമയം, വീട്ടിൽ ലഹരി പാർട്ടി നടത്തിയെന്നും ലഹരി മാഫിയ ബന്ധമുണ്ടെന്നും അടക്കമുള്ള പ്രചാരണങ്ങൾക്കെതിരെയും റിമ രംഗത്തെത്തിയിരുന്നു. ഗായിക സുചിത്രയുടെ വാദത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിമ കല്ലിങ്കൽ പറഞ്ഞു. വർഷങ്ങളായി നിങ്ങളിൽ പലരും WCCക്കും അതിന്റെ ലക്ഷ്യത്തിനും ഒപ്പം നിലകൊണ്ടവരാണ്.
ഈ പിന്തുണയും വിശ്വാസവുമാണ് എന്നെ ഇപ്പോൾ ഇത് എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പല മാധ്യമ സ്ഥാപനങ്ങളും തമിഴ് ഗായിക സുചിത്രയുമായി ഒരു യൂട്യൂബ് ചാനൽ നടത്തിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കണ്ടു.
30 മിനിറ്റ് നീളുന്ന ഈ അഭിമുഖത്തിൽ അവർ ചില പേരുകൾ എടുത്തു പറയുന്നു എന്നു മാത്രമല്ല 2017 ൽ ലൈംഗിക അതിക്രമം നേരിടേണ്ടിവന്ന അതിജീവിതയെ അധിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടാകും എന്ന് അവർക്ക് അറിവ് ഉണ്ടായിരുന്നു എന്ന് തരത്തിലാണ് സുചിത്രയുടെ വാദം.
അതുമാത്രമല്ല, മുഖ്യമന്ത്രി പിണറായി, മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ ഫഹദ് ഉൾപ്പെടുന്ന നടന്മാരുടെ കരിയർ നശിപ്പിക്കാൻ ഗൂഢാലോചന നടത്തി എന്നും അവർ പരാമർശിച്ചു കണ്ടു.
ഇതൊന്നും മുഖ്യധാരാ മാധ്യമങ്ങളിലെ വാർത്തയായില്ലെങ്കിലും, എന്നെ കുറിച്ചുള്ള അവരുടെ അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധ നേടുകയുണ്ടായി. അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ, അതിൽ പ്രതികരിക്കാൻ തീരുമാനിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകുകയും, മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു കഴിഞ്ഞു.ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്ന എല്ലാവരോടുമായി, പറയട്ടെ, നമുക്ക് ഒന്നിച്ചു മുന്നേറാം. നിങ്ങളുടെ പിന്തുണയ്ക്കു നന്ദി’ എന്ന് റിമ കല്ലിങ്കൽ തന്റെ പോസ്റ്റ് അവസാനിപ്പിച്ചു.