Actress
സംവിധായികയെന്ന നിലയിലുള്ള ഊർജ്ജം വ്യത്യസ്തമാണ്; ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങി രേവതി
സംവിധായികയെന്ന നിലയിലുള്ള ഊർജ്ജം വ്യത്യസ്തമാണ്; ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങി രേവതി
ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. മുൻനിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകർക്ക് സുപരിചിതമാണ്.
തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേൽപ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകൾ. ഇപ്പോഴിതാ തമിഴിൽ വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് നടി.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് ഒരുക്കുന്നതായി രേവതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സംവിധായികയായി തിരിച്ചെത്തുന്നതിൽ വളരെ സന്തോഷമുണ്ട്! സിദ്ധാർത്ഥ് രാമസ്വാമി സഹസംവിധായകനും ഛായാഗ്രാഹകനുമായ ഹോട്ട്സ്റ്റാറിനായുള്ള ഒരു തമിഴ് പരമ്പര.
ഒക്‌ടോബർ അഞ്ചിന് ആണ് ആദ്യ ദിവസത്തെ ഷൂട്ട്. ഒരു സംവിധായികയെന്ന നിലയിലുള്ള ഊർജ്ജം വ്യത്യസ്തമാണ്… എനിക്കത് ഇഷ്ടമാണ്!!! എന്നുമാണ് രേവതി കുറിച്ചത്. രേവതി സംവിധാനം ചെയ്യുന്ന ആറാമത്തെ സംരഭമാണിത്. സംവിധായകയെന്ന നിലയിലും ആദ്യമായാണ് ഡിസ്‌നി പ്രസ് ഹോട്ട്‌സ്റ്റാറുമായി രേവതി ചേർന്ന് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൽമാൻ ഖാൻ-കത്രീന കൈഫ് ചിത്രമായ ടൈഗർ 3 യിലാണ് രേവതി അവസാനമായി അഭിനയിച്ചത്. 2023 ലെ നെറ്റ്ഫ്ലിക്സ് സീരീസായ ടൂത്ത് പാരി: വെൻ ലവ് ബൈറ്റ്സിലും രേവതി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഭാരതിരാജയുടെ ‘മൺവാസനൈ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച രേവതിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ഭരതൻ ആണ്.
1983 ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് ആണ് ആദ്യ മലയാളചിത്രം. തേവർ മകൻ, മറുപടിയും, പ്രിയങ്ക, മൗനരാഗം, കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ്ചിത്രങ്ങളാണ്. മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലൂടെ 2002ൽ സംവിധായികയായി മാറി. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള അക്കൊല്ലത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനായിരുന്നു.
