Connect with us

രാവിലെ മുതല്‍ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി; കോസ്റ്റ്യൂം ഡിസൈനറുടെ പരാതിയ്ക്ക് പിന്നാലെ വിവാദമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ വാക്കുകള്‍

Malayalam

രാവിലെ മുതല്‍ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി; കോസ്റ്റ്യൂം ഡിസൈനറുടെ പരാതിയ്ക്ക് പിന്നാലെ വിവാദമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ വാക്കുകള്‍

രാവിലെ മുതല്‍ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി; കോസ്റ്റ്യൂം ഡിസൈനറുടെ പരാതിയ്ക്ക് പിന്നാലെ വിവാദമായി രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ വാക്കുകള്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യൂം ഡിസൈനര്‍ ലിജിയുടെ വെളിപ്പെടുത്തല്‍ പുറത്തെത്തിയത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ സംവിധായകനും രണ്ട് നിര്‍മ്മാതാക്കള്‍ക്കുമെതിരെയാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് ലിജി പ്രേമന്‍ കൊച്ചി സിറ്റി പൊലീസിലും പരാതി നല്‍കി. പിന്നാലെ ചിത്രത്തിലെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്താതിരുന്ന നടപടി ചോദ്യം ചെയ്ത് ലിജി പ്രേമന്‍ എറണാകുളം മുന്‍സിഫ് കോടതിയെയും സമീപിച്ചിരുന്നു.

ഇപ്പോഴിതാ ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സെറ്റിലെ തന്റെ പെരുമാറ്റ രീതിയെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ‘രാവിലെ മുതല്‍ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം, അതാണ് പ്രധാന ജോലി’ എന്നാണ് രതീഷ് പറയുന്നത്.

രതീഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

സിനിമയുടെ സെറ്റിലേയ്ക്ക് നൂറ്റമ്പത് ആളുകള്‍ വരുന്നത് അത്രതന്നെ സിനിമ ചെയ്യാനാണെന്നു തോന്നും. അന്‍പതോളം നടീനടന്മാരും, മറ്റു ടെക്‌നീഷ്യന്‍സും മൊബൈല്‍ ഫോണില്‍ റീലെല്ലാം കണ്ട് ചിരിച്ചുകൊണ്ടാണ് സെറ്റിലേയ്ക്ക് വരുന്നത്. ചിലര്‍ വീട്ടില്‍ മക്കളുടെ വിദ്യാഭ്യാസകാര്യങ്ങളൊക്കെ ഓര്‍ത്താകും ജോലി ചെയ്യുന്നത്. അവരെയൊക്കെ ഒരു സിനിമയിലേക്ക് കൊണ്ടുവരാന്‍ എളുപ്പമല്ല.

ഞാന്‍ പറഞ്ഞു കൊടുക്കുന്നതില്‍ നിന്നും അവര്‍ മാറിപ്പോകാതെയിരിക്കാന്‍ തെറി പറയുക എന്നതാണ് മാര്‍ഗം. രാവിലെ മുതല്‍ വൈകിട്ട് വരെ തെറി പറഞ്ഞുകൊണ്ടേയിരിക്കണം. അതാണ് പ്രധാന ജോലി. ശ്രദ്ധ വളരെ കുറഞ്ഞ തലമുറയില്‍പ്പെട്ട ആളുകളുമായാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഒരു കാര്യം പറഞ്ഞുകൊടുത്ത് കഴിഞ്ഞ്, ഒന്ന് മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോഴേക്ക് എന്തായിരുന്നു സാറേ പറഞ്ഞത് എന്നാണ് അവര്‍ ചോദിക്കുന്നത്. പരിഹാരമായി നമുക്ക് ചെയ്യാവുന്നത് അവരെ വാഷ്‌റൂമിലേക്ക് വിടാതെയിരിക്കുക എന്നതാണ് എന്നും രതീഷ് പറയുന്നു.

സമൂഹത്തില്‍ എന്തെല്ലാം നടക്കുന്നുണ്ടോ, അത് തന്നെയാണ് എന്റെ എഴുത്തിലും സിനിമയിലും ചിന്തയിലും പ്രതിഫലിക്കുന്നത്. പ്രോപഗന്റ സിനിമ ഞാന്‍ ചെയ്തിട്ടില്ല. എന്റെയും സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരുടെയും രാഷ്ട്രീയം സിനിമയില്‍ വരുന്നത് സ്വാഭാവികമാണ്. എന്റെ സിനിമയിലെ ജാതി സമൂഹത്തിന്റെ സത്യാവസ്ഥയാണ്. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവും തോന്നുന്നില്ല.

സെന്‍സര്‍ ബോര്‍ഡിന് എന്റെ സിനിമ മനസിലാകാത്തതിന് ഞാന്‍ എന്ത് ചെയ്യാനാണ്. എന്നേക്കാള്‍ ബൗദ്ധികനിലവാരം ഉള്ളവരെ എന്റെ സിനിമ സെന്‍സര്‍ ചെയ്യിക്കാന്‍ ഏര്‍പ്പാടാക്കിയാല്‍ ചിലപ്പോള്‍ സിനിമയെ കൂടുതല്‍ മനസ്സിലാക്കാനാകും. ഇങ്ങനെ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമയാണ് തീയറ്ററില്‍ കണ്ടിട്ട് ഒറ്റവാക്കില്‍ നന്നായില്ല എന്ന് പറയുന്നത് എന്നും രതീഷ് കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ആയിരുന്നു ലിജി പ്രേമന്‍. 45 ദിവസത്തെ തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ജോലി. ഇതിനായി രണ്ടേകാല്‍ ലക്ഷം രൂപയാണ് പ്രതിഫലമായി നിശ്ചയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷെഡ്യൂള്‍ 110 ദിവസത്തേക്ക് നീണ്ടു.

നിര്‍മ്മാതാക്കളുമായുള്ള കരാര്‍ അനുസരിച്ച് സമ്മതിച്ച പ്രതിഫലത്തുക പോലും നല്‍കിയില്ലെന്നതാണ് പൊലീസിന് നല്‍കിയ പരാതിയില്‍ ലിജി പറയുന്നത്. കരാര്‍ അനുസരിച്ച് കോസ്റ്റ്യൂം ഡിസൈന്‍ ജോലികളുടെ മുക്കാല്‍ പങ്കും പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രത്തിലെ ക്രെഡിറ്റ് പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയില്ല. ഈ നടപടിയ്‌ക്കെതിരെയാണ് ലിജി പ്രേമന്‍ രംഗത്തെത്തിയത്.

തന്റെ പേര് ഉള്‍പ്പെടുത്താതെയുള്ള ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോമിലെ റിലീസ് തടയണമെന്നും ലിജി പ്രേമന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതിഫലത്തുകയുടെ ബാക്കിയായ 75,000 രൂപ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സംവിധായകന്റെയും നിര്‍മ്മാതാക്കളുടെയും നടപടി മൂലം തനിക്ക് മാനസിക വിഷമമുണ്ടായി. ഇതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് എറണാകുളം മുന്‍സിഫ് കോടതിയില്‍ ലിജി പ്രേമന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

More in Malayalam

Trending

<