Malayalam
ആദ്യം ഭഗീരഥൻ പിള്ളയാകാനിരുന്നത് നെടുമുടി വേണു, അദ്ദേഹത്തെ മാറ്റാൻ കാരണം; തുറന്ന് പറഞ്ഞ് രഞ്ജൻ പ്രമോദ്
ആദ്യം ഭഗീരഥൻ പിള്ളയാകാനിരുന്നത് നെടുമുടി വേണു, അദ്ദേഹത്തെ മാറ്റാൻ കാരണം; തുറന്ന് പറഞ്ഞ് രഞ്ജൻ പ്രമോദ്
മലയാളികളുടെ മനസിൽ ഇന്നും ഇടംപിടിച്ച് നൽക്കുന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് ദിലീപ്-കാവ്യ ജോഡികളുടെ മീശ മാധവൻ. 2002-ൽ ലാൽ ജോസ് സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. രഞ്ജൻ പ്രമോദ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ.
ഇപ്പോഴിതാ ചിത്രത്തിലെ ജഗതി അവതരിപ്പിച്ച ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് രഞ്ജൻ. ഭഗീരഥൻ പിള്ളയായി ആദ്യം നിശ്ചയിച്ചിരുന്നത് നെടുമുടി വേണുവിനെ ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മീശ മാധവനിലെ എല്ലാ കഥാപാത്രങ്ങളും ആദ്യമേ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്.
കാരണം അതിൽ അഭിനയിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മാത്രമല്ല മീശമാധവൻ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് അതിന് മീശമാധവൻ എന്ന് പേരായിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല.
ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഈ പറക്കും തളിക എന്ന സിനിമ ചെയ്‌ത ഹംസ, സേവ്യർ എന്ന നിർമാതാക്കൾ ഞങ്ങളോട് സഹകരിക്കുന്നത്. എന്നാൽ അവർക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ ആർട്ടിസ്റ്റുകളും ഇതിൽ ഉണ്ടാവണം എന്നതായിരുന്നു അവരുടെ ആവശ്യം.
എല്ലാവർക്കും നല്ല റോളും ഉണ്ടാവണം. മീശ മാധവൻ ശ്രദ്ധിച്ചാൽ മനസിലാവും പറക്കും തളികയിൽ അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങളും ഇതിനകത്തും ഉണ്ടാവും. പറക്കും തളികയുടെ നിർമ്മാതാക്കൾ വരുന്നതിനു മുൻപ് മീശമാധവനിലെ ഭഗീരഥൻ പിള്ള എന്ന കഥാപാത്രത്തിന് ആദ്യം ആലോചിച്ചത് നെടുമുടി വേണുവിനെ ആയിരുന്നു.
പക്ഷേ ലാൽ ജോസ് അതിനു മുൻപ് ചെയ്ത മറവത്തൂർ കനവിൽ വേണുച്ചേട്ടൻ ഒരു കഥാപാത്രം ചെയ്തതുകൊണ്ട് ഇതും അതുപോലെ ആവുമോ എന്ന് ചിന്തിച്ചു. അങ്ങനെയാണ് വേണു ചേട്ടനെ മാറി ആ കഥാപാത്രം അമ്പിളി ചേട്ടനിലേക്ക് വരുന്നത്. അങ്ങനെയൊക്കെ ചെറിയ ചില മാറ്റങ്ങൾ മാത്രമേ വന്നുള്ളൂ. ബാക്കി എല്ലാ കഥാപാത്രങ്ങളും നേരത്തെ തന്നെ അഭിനേതാക്കളെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയതാണ് എന്നാണ് രഞ്ജൻ പ്രമോദ് പറഞ്ഞത്.
അതേസമയം, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഒ ബേബി’യാണ് രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
രഞ്ജൻ പ്രമോദ് ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ സിനിമ ഏറെ ചർച്ചയായിരുന്നു. നായകനാകുന്നതിന് ഒപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.
ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേവർപള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ചാലിൽ ക്യാമറ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സംജിത്ത് മുഹമ്മദാണ്.