Malayalam
പാലക്കാട്ടെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേശ് പിഷാരടി?
പാലക്കാട്ടെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രമേശ് പിഷാരടി?
ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. ഈ വേളയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍െ്രെപസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. പാലക്കാട് സ്വദേശി കൂടിയായ നടന്‍ രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രഥമ പരിഗണന അദ്ദേഹത്തിനെന്നാണ് വിവരം.
വിവിധ കോണ്‍ഗ്രസ് പരിപാടികളില്‍ പിഷാരടി പങ്കെടുക്കാറുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്‍പ്പടെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ സജീവമായിരുന്നു രമേഷ് പിഷാരടി. ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീര്‍ത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. നഗരസഭയിലെ സ്വാധീനം മുതലെടുത്ത് മുന്നിലെത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതേസമയം വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ നില മെച്ചപ്പെടുത്താനാകും സിപിഎമ്മിന്റെ ശ്രമം.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോള്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ടിന്റെ ഭൂരിപക്ഷം.
നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍. ഷാഫി വടകരയിലേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ പകരം ആര് എന്ന ചര്‍ച്ചകള്‍ സജീവമാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ടി ബലറാം എന്നിവരുടെ പേരുകളും രമേഷ് പിഷാരടിയ്‌ക്കൊപ്പം പരിഗണനയിലുണ്ട്.
തുടര്‍ച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസവുമാണ് ബിജെപിയുടെ കൈമുതല്‍. ഇ ശ്രീധരനെ പോലെ പൊതു സമ്മതനെ ഇറക്കാനായിരിക്കും നീക്കം.
അതേസമയം എല്‍ഡിഎഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലക്കാട് മുന്‍ തെരഞ്ഞെടുപ്പുകളിലെ കണക്കുകളൊന്നും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുമില്ല. 2019 ല്‍ നിന്ന് 2024 ല്‍ എത്തിയപ്പോള്‍ കുറഞ്ഞത് 5323 വോട്ടാണ്.