Malayalam
തന്റെ സാഹചര്യം മനസിലാക്കി പ്രതികരിച്ചതിന് കലാകാരൻ എന്ന നിലയിൽ ഒരുപാട് നന്ദിയുണ്ട് ആസിഫ് ഭായ്, ആസിഫുമായി കൂടിക്കാഴ്ച നടത്തും; രമേശ് നാരായൺ
തന്റെ സാഹചര്യം മനസിലാക്കി പ്രതികരിച്ചതിന് കലാകാരൻ എന്ന നിലയിൽ ഒരുപാട് നന്ദിയുണ്ട് ആസിഫ് ഭായ്, ആസിഫുമായി കൂടിക്കാഴ്ച നടത്തും; രമേശ് നാരായൺ
കഴിഞ്ഞ ദിവസമായിരുന്നു ആസിഫ് അലിയിൽ നിന്നും പുരസ്കാരം വാങ്ങാൻ വിസമ്മതിച്ച സംഗീത സംവിധായകൻ രമേശ് നാരായണിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്. നിരവധി പേരാണ് സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നത്. പിന്നാലെ രമേശ് നാരായൺ മാപ്പ് പറയുകയും ചെയ്തിരുന്നു.
പിന്നാലെ, ഒരിക്കലും അദ്ദേഹത്തിന്റെ പ്രായം വച്ചോ സീനിയോരിറ്റി വച്ചോ മാപ്പ് പറയേണ്ടതില്ല. തനിക്കതിൽ അതിൽ നൂറ് ശതമാനവും വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ അവസരത്തിൽ അങ്ങനെ ചെയ്തത് അദ്ദേഹം അനുഭവിച്ചു കൊണ്ടിരുന്ന എന്തെങ്കിലും ഒരു പിരിമുറുക്കത്തിൽ ആയിരിക്കണം എന്നും ആസിഫ് അലി പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ സാഹചര്യം മനസിലാക്കി പ്രതികരിച്ചതിന് കലാകാരൻ എന്ന നിലയിൽ ആസിഫിനോട് വളരെ നന്ദിയുണ്ടെന്ന് പറയുകയാണ് രമേഷ് നാരായണൻ. ഇങ്ങനെ ഒരു സ്വിറ്റുവേഷൻ ഉണ്ടായതിൽ വളരെയധികം വിഷമം തോന്നിയെന്നും അടുത്തുതന്നെ ആസിഫുമായി കൂടിക്കാഴ്ച നടത്തുമെന്നും രമേഷ് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരുപാട് നന്ദിയുണ്ട് ആസിഫ് ഭായ്, ഇങ്ങനെ ഒരു സ്വിറ്റുവേഷൻ ഉണ്ടായതിൽ വളരെയധികം വിഷമം തോന്നി. ആസിഫിന് ഇന്നലെ ഞാൻ ഒരു മെസേജ് അയച്ചിരുന്നു. ഇന്ന് രാവിലെ ആസിഫ് എന്നെ വിളിച്ചു. കാര്യങ്ങൾ സംസാരിച്ചു. അടുത്തുതന്നെ എറണാകുളത്തുവച്ച് കൂടിക്കാഴ്ച നടത്തും. അങ്ങനെയൊരു സൈബർ ആക്രമണം ഒഴിവാക്കി തന്നാൽ വലിയ സന്തോഷം.
എൻറെ മാനസികാവസ്ഥ മനസിലാക്കിയതിൽ എനിക്ക് വളരെ നന്ദിയുണ്ട്. ആസിഫിൻറെ മഹത്വം ആണ് അത്. ഞാൻ പറഞ്ഞല്ലോ, അത് അവിടെവച്ച് സംഭവിച്ചുപോയതാണ് എന്നും രമേഷ് നാരായണൻ പറഞ്ഞു.ഈ സംഭവുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളിൽ നിന്ന് ആരും തന്നെ വിളിച്ചിട്ടില്ല. ഈ വിവാദം മതപരമായിട്ട് കലാശിക്കരുതെന്നും അത് എല്ലാവർക്കും ബുദ്ധിമുട്ടാകും. നമ്മൾ എല്ലാവരും മനുഷ്യരാണെന്നും രമേഷ് നാരായണൻ കൂട്ടിച്ചേർത്തു.
ആസിഫ് അലിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഇതിൽ ഒരു അഭിപ്രായം പറയണമെന്നോ ഇതിനെ പറ്റി കൂടുതൽ സംസാരം ഉണ്ടാവണമെന്നോ ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷെ ഇന്നലെ ഉണ്ടായ ഒരു ഹേറ്റ് ക്യാപെയ്‌നും അത് കാരണം അദ്ദേഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങൾ ഞാൻ കാണുന്നത് കൊണ്ടാണ് ഞാൻ ഇവിടെ സംസാരിക്കുന്നത്. അദ്ദേഹത്തെ ആദ്യം സ്റ്റേജിലേക്ക് വിളിക്കാൻ മറന്നു.
പിന്നെ അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചു, അത് അദ്ദേഹത്തിന് ടെൻഷൻ ഉണ്ടാക്കി. ഞാൻ മൊമന്റോ കൊടുക്കുന്ന സമയത്തും കാലിന് ബുദ്ധിമുട്ടുള്ളതു കൊണ്ട് അദ്ദേഹത്തിന് സ്‌റ്റേജിലേയ്ക്ക് കയറാൻ പറ്റാതെ ഇരിക്കുകയായിരുന്നു. ആ മൊമന്റിൽ നമ്മൾ എല്ലാ മനുഷ്യൻമാരും റിയാക്ട് ചെയ്തത് പോലെയാണ് അദ്ദേഹം പ്രതികരിച്ചത്.
അത് ക്യാമറ ആംഗിളിൽ വന്നപ്പോൾ കുറച്ച് വ്യക്തമായി ഫീൽ ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് അതിൽ നൂറ് ശതമാനവും വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ അവസരത്തിൽ അങ്ങനെ ചെയ്തത് അദ്ദേഹം അനുഭവിച്ചു കൊണ്ടിരുന്ന എന്തെങ്കിലും ഒരു പിരിമുറുക്കത്തിൽ ആയിരിക്കണം.
അല്ലാതെ എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഫീൽ ചെയ്തിട്ടില്ല. എന്റെ റിയാക്ഷനിൽ നിന്നും നിങ്ങൾക്ക് അറിയാം, ഞാൻ അത് കൊടുത്ത് അദ്ദേഹം ജയരാജ് സാറിനെ വിളിക്കുന്ന സമയത്ത് ഞാൻ മാറി നിൽക്കുകയും ചെയ്തു. കാരണം എനിക്ക് അവിടെ ചെയ്യാനുള്ള കാര്യം ഞാൻ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ നിൽക്കുന്നതിൽ കാര്യമില്ല. ഞാൻ മാറി നിൽക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് ഞാൻ ഇത് ഓൺലൈനിൽ ശ്രദ്ധിച്ചത്. എനിക്ക് നല്ല പനിയായിരുന്നു. ഇതിന് എന്ത് മറുപടി പറയണം എന്ന കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ. കാരണം ഞാൻ പറയുന്ന മറുപടി വേറൊരു രീതിയിലേക്ക് പോകാൻ പാടില്ല. റിലീജിയസ് ആയി ഇത് ഡിസ്‌കസ് ചെയ്യുന്ന തലത്തിലേക്ക് വരെ എത്തി.
ഒരു മൊമന്റിൽ അദ്ദേഹത്തിന് ഉണ്ടായ ഒരു തെറ്റിദ്ധാരണയാണത്. ഞാൻ ഇന്ന് രാവിലെയാണ് അദ്ദേഹവുമായി ഫോണിൽ സംസാരിച്ചത്. സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എനിക്ക് അത് ഒരുപാട് വിഷമമുണ്ടാക്കി. ഒരിക്കലും അദ്ദേഹത്തിന്റെ പ്രായം വച്ചോ സീനിയോരിറ്റി വച്ചോ മാപ്പ് പറയേണ്ടതില്ല. അതുവരെ കാര്യങ്ങൾ എത്തിച്ചു.
അതിലൊക്കെ എനിക്ക് വിഷമമുണ്ട്. എനിക്ക് സപ്പോർട്ട് തന്നതിൽ ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നുണ്ട്. ലോകത്തുള്ള എല്ലാ മലയാളികളും അവരെകൊണ്ട് പറ്റുന്ന രീതിയിൽ എന്നെ സപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലും ന്യൂസ് ചാനലുകളിലും അതിന്റെ ഡിസ്‌കഷൻ ഞാൻ കണ്ടു. അതിലൊക്കെ എനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്നെ ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്നു.
കലയോളം തന്നെ കലാകാരനെയും സ്‌നേഹിക്കുന്നവരാണ് മലയാളികൾ എന്ന് ഇന്നലെ തെളിയിച്ചു. പക്ഷെ അതിനൊപ്പം അദ്ദേഹത്തിനെതിരെ ഒരു ഹേറ്റ് ക്യാംപെയ്ൻ ഉണ്ടാകുന്നതിനോട് എനിക്ക് ഒട്ടും താൽപര്യമില്ല. അദ്ദേഹം മനപൂർവ്വം ചെയ്തതല്ല. അദ്ദേഹം അങ്ങനെ ചെയ്യുന്നയാളല്ല. ഒരു മനുഷ്യനും ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇത് വേറൊരു ഡിസ്‌കഷനിലേക്ക് കൊണ്ടുപോകരുത്. അദ്ദേഹത്തിന് വിഷമം ആവാത്ത രീതിയിൽ വേണം മറുപടി പറയാൻ എന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ ഇത്രയും ലേറ്റ് ആയത് പ്രതികരിക്കാൻ എന്നും ആസിഫ് അലി പറഞ്ഞു നിർത്തി. അദ്ദേഹത്തിന്റെ മറുപടി പക്വതയുള്ളതും മാതൃകാപരമായത് ആണെന്നുമാണ് പലരും പ്രതികരിച്ചത്.