Actor
ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടിയ്ക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനും 20 ലക്ഷം രൂപ പിഴയിട്ട് കോടതി
ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടിയ്ക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനും 20 ലക്ഷം രൂപ പിഴയിട്ട് കോടതി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രക്ഷിത് ഷെട്ടി. ഇപ്പോഴിതാ നടന് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ബാച്ചിലർ പാർട്ടി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട പകർപ്പവകാശ കേസിലാണ് വിധി. എംആർടി മ്യൂസിക്കിന് പകർപ്പവകാശമുള്ള ഗാനങ്ങൾ ബാച്ചിലർ പാർട്ടിക്ക് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് കേസ്.
രക്ഷിത് ഷെട്ടിയോടും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസായ പരംവ സ്റ്റുഡിയോയോടും ആണ് പിഴത്തുകയടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 1981ലെ ഗാലി മാതു, 1982 ലെ ന്യായ എല്ലിഡെ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ ബാനറായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണ് എംആർടി മ്യൂസിക്കിന്റെ പങ്കാളികളിലൊരാളായ നവീൻ കുമാർ പറയുന്നത്.
2024 ജനുവരിയിൽ ഗാനങ്ങൾ ഉപയോഗിക്കാൻ അനുമതി തേടി രക്ഷിത് എംആർടി കമ്പനിയെ സമീപിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല. എന്നാൽ ഈ ഗാനങ്ങൾ ഒഴിവാക്കാതെ തന്നെ 2024 ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലെത്തി. പിന്നാലെ ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനീൻ പരാതിയുമായി മുന്നോട്ട് പോയത്.
ബാച്ചിലർ പാർട്ടിയിൽ സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള സംഗീത ശകലം ഉപയോഗിക്കാൻ എംആർടി മ്യൂസിക് യുക്തിയ്ക്ക് നിരക്കാത്ത ഭീമൻ തുകയാണ് ചോദിച്ചതെന്ന് പറഞ്ഞ് രക്ഷിത് ഷെട്ടിയും പരംവാ സ്റ്റുഡിയോയും ഇൻസ്റ്റഗ്രാമിൽ തുറന്ന് കത്തും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മുൻകൂർ അവകാശം നേടാതെ ഗാനങ്ങൾ ഉപയോഗിച്ചതിന് കോടകി പിഴയീടാക്കുകയായിരുന്നു.