Malayalam
മാളവികയുടെ വിവാഹത്തിന് ജയറാം വിളിച്ചില്ലേ…; മറുപടിയുമായി രാജസേനൻ
മാളവികയുടെ വിവാഹത്തിന് ജയറാം വിളിച്ചില്ലേ…; മറുപടിയുമായി രാജസേനൻ
ഈ വർഷം മെയ് മൂന്നിനായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമെന്ന ചക്കിയുടെ വിവാഹം. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹശേഷം പ്രേക്ഷകരും സിനിമ പ്രേമികളും, മാധ്യമങ്ങളും ഒന്നടങ്കം ആഘോഷിച്ച വിവാഹം ആയിരുന്നു മാളവികയുടേത്. ഒരാഴ്ചയോളം നീണ്ടു നിന്ന ആഘോഷങ്ങളായിരുന്നു നടന്നത്. മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകൾ, മന്ത്രിമാർ, ഗവർണർ, സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു. ഗുരുവായൂരിൽ വെച്ച് വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. എന്നാൽ ആർഭാടം നിറഞ്ഞതായിരുന്നു വിവാഹ സൽക്കാരങ്ങളെല്ലാം.
എല്ലാവരും വന്നിട്ടും ജയറാമിനെ ജയറാം ആക്കിയ, കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കിയ രാജസേനന്റെ വിടവ് പലരും പറഞ്ഞിരുന്നു. ഇരുവരും പിണക്കത്തിലാണെന്ന് നേരത്തെ തന്നെ ചില വാർത്തകളുണ്ടായിരുന്നു. എന്നാൽ തന്റെയും മകളുടെയും ജീവിതത്തിലെ ഏറ്റവും വലിയ മുഹൂർത്തതിന് പിണക്കമെല്ലാം മറന്ന് പങ്കെടുക്കുമെന്ന് പലരും കരുതിയിരുന്നു. എന്േനാൽ രാജസേനന്റെ അസാന്നിധ്യം പ്രേക്ഷകരിൽ ചിലരങ്കിലും ശ്രദ്ധിച്ചിരുന്നുവെന്നതാണ് സത്യം.
ഇപ്പോഴിതാ ജയറാം വിളിക്കാത്തതാണോ രാജസേനൻ മനപൂർവം പങ്കെടുക്കാത്തത് ആണോയെന്ന് അദ്ദേഹം തന്നെ പറയുകയാണ്. നടി ആനിയുടെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ഞാൻ വന്നില്ല, അതു സത്യമാണ്. ചില പിണക്കങ്ങൾ അങ്ങനെയാണ്, മാറാൻ പ്രയാസമാണ്. ജയറാമുമായി ഒന്നിച്ചു പതിനാറോളം സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു കത്തിൽ തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. പത്മരാജന്റെ സിനിമയിലൂടെ ജയറാം എന്ന പുതുമുഖ തരാം അരങ്ങേറുന്നു എന്ന മാഗസിൻ വാർത്ത ഞാൻ വായിച്ചതു ചെന്നൈയിൽ നിന്നായിരുന്നു.
അപ്പോൾ തന്നെ ആശംസകൾ അറിയിച്ചു ഒരു കത്തു എഴുതി. ഒരാഴ്ചക്കുള്ളിൽ മറുപടിയും എത്തി. അതായിരുന്നു തുടക്കം. പിന്നീട് എന്റെ കല്യാണം ക്ഷണിക്കാൻ പോയപ്പോഴാണ് വീണ്ടും കാണുന്നത്. ഒരുമിച്ചു വർക്ക് ചെയ്യാനുള്ള ആഗ്രഹം അന്നേ പറഞ്ഞിരുന്നു. കടിഞ്ഞൂൽ കല്യാണം ആണ് ഞങ്ങൾ ഒന്നിച്ച ആദ്യത്തെ സിനിമ. അതിന്റെ തിരക്കാത്തകൃത്തിനു അഡ്വാൻസ് കൊടുക്കാൻ ജയറാമിന്റെ അമ്മയോട് മുപ്പതിനായിരം രൂപ കടം വാങ്ങിയാണ് കൊടുത്തത്.
പിന്നീട് ഒരുപാടു സിനിമകൾ ഒരുമിച്ച് ചെയ്തു. ജയറാമിന്റെ മക്കളെ എല്ലാം ജനിച്ചപ്പോൾ മുതൽ ഞാനും ഭാര്യയും എല്ലാം എടുത്തു വളർത്തിയതാണ്. കാളിദാസിനെ വച്ച് എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ ചെയ്യുമ്പോൾ എല്ലാം ഞങ്ങൾക്ക് എന്ത് സന്തോഷം ആയിരുന്നു. മക്കളുടെ ഇപ്പോഴത്തെ വളർച്ചയിൽ എല്ലാം എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ഞങ്ങൾക്കിടയിൽ എന്തോ ചെറിയ സൗന്ദര്യ പിണക്കം വന്നുപോയി. അതു പിന്നെ മാറിയില്ല എന്ന് പഴയകാര്യങ്ങൾ ഓർത്തുകൊണ്ട് രാജസേനൻ പറഞ്ഞു.
ജയറാം മലയാളത്തിൽ തന്നെ നിരസിച്ചിട്ടുള്ള ചില സിനിമകൾ പിൽക്കാലത്ത് വലിയ ഹിറ്റായിരുന്നു. ‘തമിഴിൽ ജയറാം നിരസിച്ച കാതൽ കോട്ടൈ, ഭാരതി കണ്ണമ്മ എന്നീ രണ്ട് സിനിമകളും വലിയ ഹിറ്റായിരുന്നു. കഥ സെലക്ട് ചെയ്യുന്നതിൽ ജയറാമിന് പ്രശ്‌നമുണ്ട്. അതുകൊണ്ട് ആ കഥ സെലക്ഷൻ ഒരു കാലത്ത് ജയറാമിന് വേണ്ടി ചെയ്തിരുന്നയാൾ ഞാനാണ്. അന്ന് കാര്യങ്ങൾ പറഞ്ഞ് കൊടുക്കുമ്പോൾ ജയറാം മനസിലാക്കുമായിരുന്നു. ഇന്ന് മനസിലാക്കുന്നില്ലെന്നും രാജസേനൻ പറഞ്ഞിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും പോപ്പുലർ കൂട്ടുക്കെട്ടിൽ ഒന്നായിരുന്നു രാജസേനന്റെയും ജയറാമിന്റെയും. ഇരുവരും കൈകോർത്ത് പതിനാറിലധികം സിനിമകളിൽ ചെയ്തിട്ടുണ്ട്. മേലേപ്പറമ്പിൽ ആൺവീട്. ചേട്ടൻ ബാവ അനിയൻ ബാവ, അയലത്തെ അദ്ദേഹം, സി. ഐ. ഡി ഉണ്ണികൃഷ്ണൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, എന്നിവ അവയിൽ ചിലതാണ്. തൊണ്ണൂറുകളിൽ വലിയ വിജയം നേടിയ ഒരു പാട് സിനിമകൾ രാജസേനൻ സംവിധാനം നിർവഹിച്ചവയാണ്. മിക്ക പടങ്ങളും നൂറു ദിവസത്തിലധികം തിയറ്റുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.