News
രജനിയുടെ ജയിലറില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മോഡലില്‍ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്തു; പോലീസില്‍ പരാതിയുമായി യുവതി
രജനിയുടെ ജയിലറില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മോഡലില്‍ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്തു; പോലീസില്‍ പരാതിയുമായി യുവതി
രജനീകാന്ത് നായകനായി എത്തുന്ന ‘ജയിലര്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് മോഡലില്‍ നിന്നും പണം തട്ടിയതായി പരാതി. മുംബൈയിലെ യുവ മോഡലും നടിയുമായ സന്ന സൂരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരില്‍ നിന്നും എട്ടര ലക്ഷം രൂപയും സംഘം തട്ടിയെടുത്തുവെന്നാണ് വിവരം. സന്നയുടെ പരാതിയില്‍ പീയുഷ് ജയ്ന്‍, സമീര്‍ ജയ്ന്‍ എന്നിവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.
കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന് പറഞ്ഞ് ഇവര്‍ തന്നെ സമീപിച്ചുവെന്നും പിന്നാലെയാണ് പറ്റിക്കുക ആയിരുന്നുവെന്ന് മനസ്സിലാക്കിയതെന്നും സന്ന സൂരി നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് പ്രതികളായ പീയുഷ് ജയ്‌നും സമീര്‍ ജയ്‌നും സമൂഹമാധ്യമങ്ങള്‍ വഴി സന്നയുമായി ബന്ധപ്പെടുന്നത്.
പിന്നീട് ജയിലറില്‍ നല്ലൊരു വേഷം ഉണ്ടെന്നും ഒഡിഷനായി തയ്യാറാകണമെന്നും അതിനായി പൊലീസ് വേഷത്തിലൊരു ഫോട്ടോ അയച്ചു തരണം എന്നും ആവശ്യപ്പെട്ടു. ശേഷം ഷൂട്ടിങ്ങിനായി പാരിസില്‍ പോകാനുള്ള ചെലവിനായി എട്ടരലക്ഷം രൂപ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതും സന്ന അയച്ചു കൊടുത്തു. ഈ സമയത്തൊന്നും തന്നെ പ്രതികളെ സന്ന നേരിട്ട് കണ്ടിരുന്നില്ല.
പിന്നാലെ നവംബറില്‍ തട്ടിപ്പുകാര്‍ നല്‍കിയ രജനീകാന്തിനൊപ്പം ഉള്ള പോസ്റ്റര്‍ സന്ന സൂരി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രത്തില്‍ താന്‍ പൊലീസ് വേഷത്തിലാണെന്നും സന്ന അറിയിച്ചു. ഇത് ചില മാധ്യമങ്ങള്‍ വാര്‍ത്ത ആക്കുകയും ചെയ്തിരുന്നു. പിന്നീട് ജയിലറിന്റെ സഹസംവിധായകന്‍ ഈ പോസ്റ്റര്‍ കാണുകയും സന്നയെ കോണ്‍ടാക്ട് ചെയ്ത് ഇത് വ്യാജമാണെന്ന് പറയുകയും ആയിരുന്നു. ഇതോടെയാണ് താന്‍ പറ്റിക്കപ്പെടുക ആയിരുന്നുവെന്ന് സന്ന അറിയുന്നത്. ശേഷമാണ് പൊലീസില്‍ സന്ന പരാതിപ്പെടുന്നത്.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
