Connect with us

രാജ് കപൂറിന്റെ മുംബൈയിലെ ബംഗ്ലാവ് ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്

News

രാജ് കപൂറിന്റെ മുംബൈയിലെ ബംഗ്ലാവ് ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്

രാജ് കപൂറിന്റെ മുംബൈയിലെ ബംഗ്ലാവ് ഏറ്റെടുത്ത് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്

പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തതായി ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് വെള്ളിയാഴ്ച അറിയിച്ചു.കമ്പനിയുടെ ആഡംബര ഭവന പദ്ധതി വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരില്‍ ഒന്നായ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് ബംഗ്ലാവ് ഏറ്റെടുത്തത്.

രാജ് കപൂറിന്റെ നിയമപരമായ അവകാശികളായ കപൂര്‍ കുടുംബത്തില്‍ നിന്നാണ് ഭൂമി വാങ്ങിയതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.എന്നാല്‍ എത്ര രൂപക്കാണ് ഇടപാട് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. മുംബൈയിലെ ചെമ്പൂരിലെ ഡിയോനാര്‍ ഫാം റോഡില്‍ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന് സമീപമാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.പ്രീമിയം മിക്‌സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആര്‍കെഎസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തില്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ചെമ്പൂരിലെ ആര്‍ കെ സ്റ്റുഡിയോയെ കപൂര്‍ കുടുംബത്തില്‍ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഈ ഐതിഹാസികമായ പ്രോജക്റ്റ് ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഈ അവസരം ഞങ്ങളെ ഭരമേല്‍പ്പിച്ചതിന് കപൂര്‍ കുടുംബത്തോട് നന്ദിയുള്ളവരാണെന്നും’ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് എംഡിയും സിഇഒയുമായ ഗൗരവ് പാണ്ഡെ പറഞ്ഞു.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രീമിയം വികസനത്തിനുള്ള ആവശ്യം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെമ്പൂരിലെ കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാന്‍ പദ്ധതി സഹായിക്കുമെന്നും പാണ്ഡെ അവകാശപ്പെട്ടു.

”ചെമ്പൂരിലെ ഈ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി ഞങ്ങളുടെ കുടുംബത്തിന് വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ്.ഈ സ്ഥലത്തിന്റെ അടുത്ത ഘട്ട വികസനത്തിനായി ഈ സമ്പന്നമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസുമായി ഒരിക്കല്‍ കൂടി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ രാജ് കപൂറിന്റെ മകനും കരീന,കരിഷ്മ നടിമാരുടെ പിതാവുമായ രണ്‍ധീര്‍ കപൂര്‍ പറഞ്ഞു.

ഭൂമി നേരിട്ട് വാങ്ങി ഭൂവുടമകളുമായി സംയുക്ത സംരംഭങ്ങള്‍ രൂപീകരിച്ച് ഈ സാമ്പത്തിക വര്‍ഷം ഏകദേശം 15,000 കോടി രൂപയുടെ പുതിയ ഭവന പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കുക എന്നതാണ് ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന്റെ ലക്ഷ്യം.

More in News

Trending

Recent

To Top