Malayalam
മമ്മൂട്ടിയെ ആക്രമിക്കാൻ ഒരു മടിയുമില്ല; നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയെ അടക്കം എയറിൽ കയറ്റി, കാവ്യയുടെ അമ്മയെ വരെ വിമർശിച്ചു; രാഹുൽ ഈശ്വർ
മമ്മൂട്ടിയെ ആക്രമിക്കാൻ ഒരു മടിയുമില്ല; നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയെ അടക്കം എയറിൽ കയറ്റി, കാവ്യയുടെ അമ്മയെ വരെ വിമർശിച്ചു; രാഹുൽ ഈശ്വർ
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ നടൻ യാഷ് നായകനായ ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് നടിയ്ക്കെതിരെ ഉയരുന്നത്. മുൻപ് കസബ വിവാദത്തിൽ മമ്മൂട്ടക്കെതിരെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി വിമർശിച്ച ഡബ്ല്യുസിസി അംഗങ്ങളിൽ ഒരാൾ കൂടിയായ ഗീതുവിന് സ്വന്തം സിനിമയിലെ സ്ത്രീ വിരുദ്ധത മനസിലാകുന്നില്ലേയെന്നാണ് വിമർശകരുടെ ചോദ്യം.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. ഗീതു മോഹൻദാസ് അടക്കമുള്ള ഫെമിനിസ്റ്റ് നിലപാട് ഉയർത്തിപ്പിടിക്കുന്നവരുടെ പ്രത്യേകത ബാക്കിയുള്ളവർക്ക് ഒന്നും പാടില്ല, പക്ഷെ തങ്ങൾക്ക് എന്തും ആകാമെന്നാണ്. കസബ സിനിമയിൽ അതിന്റെ ഡയറക്ടർ എഴുതിക്കൊടുത്ത ഡയലോഗ് പറഞ്ഞപ്പോൾ മമ്മൂട്ടിയെ ആക്രമിക്കാൻ ആളുകൾക്ക് ഒരു മടിയും കണ്ടില്ല.
ഗീതുമോഹൻദാസിന്റെ ചിത്രത്തിന്റെ പേര് തന്നെ ടോക്സിക് എന്നാണ്. ലൈം ഗികോദ്ദീപകമായ പോസ്റ്ററും വീഡിയോകളുമൊക്കെ ആ സിനിമയിൽ ഉണ്ട്. പക്ഷെ അത് സ്ത്രീ വിരുദ്ധതയല്ല, ഗീതു മോഹൻദാസ് ചെയ്താൽ സ്ത്രീ വിമോചനവും ഫെമിനിസവും സ്ത്രീകളെ മഹത്വവത്കരിക്കാൻ ഉള്ളതുമാണ്.
പക്ഷേ മമ്മൂട്ടി പറഞ്ഞാൽ അത് സ്ത്രീവിരുദ്ധതയുമാണ്. പുരുഷൻ എന്ത് പറഞ്ഞാലും തെറ്റും സ്ത്രീ എന്ത് പറഞ്ഞാലും ശരിയാണ് എന്ന മട്ടിലുമാണ് കാര്യങ്ങൾ പോകുന്നത്. യാഷ് സൂപ്പർ സ്റ്റാറാണ്, കെജിഎഫിന്റെയൊക്കെ മോഡലിൽ എടുത്തതായിരിക്കും, പക്ഷെ സ്ത്രീ വിരുദ്ധത എന്ന് പറഞ്ഞ് മറ്റുള്ളവരെ ആക്രമിക്കുമ്പോൾ എന്നെങ്കിലും ഇത് തിരിഞ്ഞുകുത്തും എന്ന് മറക്കരുത്.
പ്രത്യേകിച്ച് ഈ കുത്തിപ്പൊക്കലുകളുടെ കാലത്ത്. വിമർശനങ്ങൾ ആസ്വദിക്കുന്നൊരാൾ ഞാൻ .പോസിറ്റീവ് ട്രോളുകൾ ആസ്വദിക്കാം. പക്ഷെ വ്യക്തിഹത്യ ആകരുത്. എന്തായാലും ഗീതുമോഹൻദാസ് എയറിൽ നിൽക്കട്ടെ, വിമർശനങ്ങൾക്ക് അവർ തന്നെ മറുപടി നൽകട്ടെ. നമ്മൾ എന്ത് നിലപാട് സ്വീകരിച്ചാലും അതിൽ സത്യസന്ധമായി ഉറച്ച് നിൽക്കണം.
ഞാൻ പറയുന്നത് സത്യസന്ധമായ നിലപാടായതിനാലാണ് ജനങ്ങൾ എനിക്കൊപ്പം നിൽക്കുന്നത്. നടൻ സിദ്ധിഖ്, വിജയ് ബാബു, ഒമർ ലുലു തുടങ്ങിയവരുടെ വിഷയങ്ങളിൽ ഞാൻ എടുത്ത നിലപാട് ശരിയാണെന്ന് കാലവും കോടതിയും തെളിയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യമാധവനെ അടക്കം എത്ര ദിവസം മുഖ്യധാരാ മാധ്യമങ്ങൾ എയറിൽ കയറ്റി. കാവ്യയുടെ അമ്മയെ വരെ വിമർശിച്ചില്ലേ.
ലിബറൽ ആൾക്കാരുടെ കൈയ്യടിക്ക് വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ. സത്യസന്ധതയാണ് ഏറ്റവും പ്രധാനം. സത്യസന്ധമായ നിലപാടുകൾ തെറ്റിപ്പോയേക്കാം. അത് പക്ഷെ തുറന്ന് പറഞ്ഞാൽ തീരും. നമ്മുടെ ആളുകളുടെ പ്രശ്നം തെറ്റ് പറ്റിയാൽ തുറന്ന് പറയില്ല. ഗീതുമോഹൻദാസ് പണ്ട് പറഞ്ഞ കാര്യം തിരിച്ചെടുക്കുകയോ, അല്ലെങ്കിൽ പറഞ്ഞത് ശരിയല്ലെന്ന് സമ്മതിക്കുകയോ അല്ലെങ്കിൽ മാർക്കറ്റിന് ഇതാണ് ആവശ്യം അതിനാൽ ഞാൻ ടോക്സിക് എടുത്തു എന്ന് പറയുകയും ചെയ്യുന്നതാണ്, അത് പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
മൂത്തോന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
യഷിൻറെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള സമ്മാനമായി ആണ് ടോക്സിക് ടീസർ എത്തിയത്. പിന്നാലെ നിതിൻ രഞ്ജി പണിക്കരും രംഗത്തെത്തിയിരുന്നു. സ്ത്രീവിരുദ്ധതയുടെ പേരിൽ തന്റെ ചിത്രമായ കസബയെ വിമർശിച്ച വ്യക്തി വേറൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നാണ് നിതിൻ പറയുന്നത്.
സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആൺനോട്ട’ങ്ങളിലാത്ത, ‘കസബ’യിലെ ‘ആൺമുഷ്ക്ക്’ മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌കാരം… ”SAY IT SAY IT” എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നും നിതിൻ കുറിച്ചു.
