Malayalam
പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തിൽ കണ്ട് സംസാരിച്ചിട്ടുളളവർ അങ്ങനെ പറയില്ല; രാഹുൽ ഈശ്വർ
പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തിൽ കണ്ട് സംസാരിച്ചിട്ടുളളവർ അങ്ങനെ പറയില്ല; രാഹുൽ ഈശ്വർ
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.
കേസിന്റെ തുടക്കം മുതൽ തന്നെ കേസിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടെന്നും അത് കാവ്യാ മാധവൻ ആണെന്നുമുളള പ്രചാരണം നടന്നിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുളളവർ ആ മാഡം കാവ്യ ആണെന്ന് ആരോപിക്കുകയുണ്ടായി. കേസിൽ കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.
എന്നാൽ ഇപ്പോഴിതാ കാവ്യയെ കുറിച്ച് പറഞ്ഞിരിക്കുന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് പറയുകയാണ് രാഹുൽ ഈശ്വർ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. ഈ കേസിന് പിന്നിലൊരു മാഡമുണ്ട്, കാവ്യാ മാധവനാണ് മാഡം എന്നതായിരുന്നു അന്നത്തെ പ്രചാരണം. ഒരാഴ്ച മുഖ്യധാരാ മാധ്യമങ്ങളിൽ കാവ്യയാണോ മാഡം എന്ന് ചർച്ച ചെയ്തു. പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തിൽ കണ്ട് സംസാരിച്ചിട്ടുളളവർ അങ്ങനെ പറയില്ല.
ഇതിന്റെയെല്ലാം പിന്നിൽ കാവ്യയാണ് എന്നായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതിന്റെ ഗും പോയി, കാവ്യയുടെ അമ്മയാണോ മാഡം എന്നും പറഞ്ഞ് ചർച്ച ചെയ്തു. എന്തൊക്കെയാണ് ആ കുടുംബത്തോട് നമ്മൾ ചെയ്തത്. ദിലീപ് എന്ത് തെറ്റ് ചെയ്തു എന്നാണ് പറയുന്നത്. എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്.
പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല.
പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ്. ബാലചന്ദ്ര കുമാർ മരിച്ച് പോയി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ആശയപരമായി വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വയ്യാതെ കിടന്നപ്പോൾ താൻ വിളിച്ചിരുന്നു. എന്തൊക്കെ കഥകളായിരുന്നു. ഗ്രൂപ്പിലിട്ട് തട്ടാൻ തീരുമാനിച്ചു എന്നൊക്കെ. ഓഡിയോ അവിടുന്നു ഇവിടുന്നുമായി കട്ട് ചെയ്ത് ഒരാളുടെ ശബ്ദശകലമുണ്ടാക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്.
ദിലീപ് ബാലചന്ദ്രകുമാറിന്റെ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. ദിലീപ് അതിൽ നിന്ന് പിന്മാറി. ബാലചന്ദ്ര കുമാർ കുറേ പേരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടായിരുന്നു. പുള്ളി ദിലീപിനെ വിളിച്ച് പറഞ്ഞു, അവരോടൊക്കെ പറയണം തന്റെ സിനിമ ചെയ്യും അതിനൊരു സമയം വേണം എന്ന്. ദിലീപ് അത് പറ്റില്ലെന്ന് പറഞ്ഞു. ഈ ദേഷ്യം തീർക്കാനാണ് പുളളി വന്നത്.
ദിലീപും പൾസർ സുനിയും തമ്മിൽ ബന്ധമുണ്ട് എന്നതിന് കടുക്മണിയോളം തെളിവ് ഏതെങ്കിലും മാധ്യമങ്ങളിൽ വന്നോ. ദിലീപിനെതിരെ പോലീസുകാർ വ്യാജഫോട്ടോയുണ്ടാക്കി. ഇത് പോലീസിൽ ഡിഐജി ആയിരുന്ന ശ്രീലേഖ പറയുന്നതാണ്. പോലീസ് ഈ കേസ് നടത്തിയത് മാധ്യമങ്ങളുടെ പിന്തുണയോട് കൂടിയായിരുന്നു. ദിലീപിനെതിരെ ഒരു പൊതുവികാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ദിലീപ് പൾസർ സുനി എന്ന് തിരഞ്ഞൊൽ ഒരു ഫോട്ടോ കിട്ടും. വളരെ ചീപ്പായ ഒരു ഫോട്ടോഷോപ്പ്. പൾസർ സുനിയേയും ദീലിപിനേയും ചേർത്ത് വെച്ച് ഒരു ഫോട്ടോ. കോടതിയിൽ പോയാൽ ഇത് തെളിവാണെന്ന് പറയില്ല. ദിലീപും പൾസർ സുനിയും ഒരുമിച്ച് നിൽക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോ കിട്ടിയിട്ടുണ്ട്, അതേക്കുറിച്ച് അന്വേഷിക്കണം എന്നാണ് പറയുക.
അത് കേൾക്കുന്ന മാധ്യമങ്ങൾ ദിലീപും പൾസർ സുനിയും ഒരുമിച്ചുളള ഫോട്ടോ കിട്ടി എന്ന് റിപ്പോർട്ട് ചെയ്യും. ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് എടുത്ത ഒരു സെൽഫിയിൽ ദിലീപിന്റെ പിറകിൽ നിൽക്കുന്നത് പൾസർ സുനിയാണ് എന്നാണ് പറയുന്നത്. അത് പോലീസിന് എങ്ങനെ മനസ്സിലായി. കള്ളം പറയുന്നതിന് ഒരു മര്യാദ വേണ്ടേ എന്നും രാഹുൽ ചോദിക്കുന്നു.
