എന്റെയും ഋഷിയുടെയും ജീവിതത്തിലെ എല്ലാം എന്നെന്നേക്കുമായി മാറ്റിമറിച്ച ദിവസം ; കുറിപ്പുമായി രോഹിണി
അടിപിടിയും ബഹളങ്ങളൊന്നുമില്ലാതെ തന്റേതായ മാനറിസങ്ങളിലൂടെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് രഘുവരൻ(1958 – 2008).
ദക്ഷിണേന്ത്യയിലെ ഒട്ടെല്ലാ സൂപ്പർതാരങ്ങളെയും വെള്ളിത്തിരയിൽ സൗമ്യമായ ക്രൂരത കൊണ്ടു വെല്ലുവിളിച്ചു. രജനീകാന്തിന്റെ പോലും പ്രിയവില്ലനായി. ലഹരിയുറഞ്ഞ കണ്ണുകളോടെയാണ് രഘുവരന്റെ വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകരെ ഭയപ്പെടുത്തിയത്.
വില്ലൻ വേഷങ്ങളിലാണ് രഘുവരൻ കൂടുതലും തിളങ്ങിയെങ്കിലും നായകനായും ക്യാരക്ടർ റോളുകളിലുമെല്ലാം നടൻ തിളങ്ങിയിട്ടുണ്ട്. ഭാഷയിലെ ആന്റണി മുതൽ ഓർത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ രഘുവരൻ വിടപറഞ്ഞിട്ട് ഇന്നലെ 15 വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ് . അതിനിടെ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന നടി രോഹിണി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.1996 ലായിരുന്നു അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന രണ്ടു താരങ്ങളായ രോഹിണിയുടെയും രഘുവരന്റെയും വിവാഹം. രണ്ട് വർഷത്തിന് ശേഷം ഇവർക്ക് ഋഷിവരൻ എന്ന മകൻ ജനിച്ചു.
എന്നാൽ ആറു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം രഘുവരനും രോഹിണിയും പിരിയാൻ തീരുമാനിക്കുകയായിരുന്നു. എങ്കിലും വിവാഹ മോചനത്തിന് ശേഷവും ഇരുവരും സുഹൃത്തുക്കളായി തുടരുകയും മകന്റെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്തിരുന്നു.
രഘുവരന്റെ വിവാഹമോചനത്തിനും മരണത്തിനുമെല്ലാം കാരണമായത് ഒറ്റ കാര്യമായിരുന്നു, നടന്റെ മദ്യപാനം. മദ്യപാനത്തെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണമാണ് രോഹിണിയും രഘുവരനും വേർപിരിഞ്ഞത്. 2008 ൽ അമിത മദ്യപാനം മൂലം അവയവങ്ങളുടെ പ്രവർത്തനം നിലച്ചാണ് രഘുവരൻ മരിക്കുന്നതും. ഏകദേശം 200 ലധികം സിനിമകളിൽ അഭിനയിച്ച നടന്റെ അകാല വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
മരണം വരെ സിനിമയിൽ സജീവമായിരുന്നു അദ്ദേഹം. അത്യാസന്ന നിലയിൽ ആശുപതിയിൽ പ്രവേശിക്കുന്നതിന് മുൻപ് വരെ അഭിനയിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ നിരവധി പ്രോജക്ടുകളാണ് പെട്ടെന്നുള്ള വിയോഗത്തെത്തുടർന്ന് തടസ്സപ്പെട്ടത്.
വിടപറഞ്ഞെങ്കിലും നിരവധി സിനിമകളിലെ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ രഘുവരൻ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. തെന്നിന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എന്നെന്നും ഓർക്കപ്പെടുന്നതുമാണ്.
2008 ലെ ഈ ദിവസം വളരെ സാധാരണ ദിവസമായാണ് ആരംഭിച്ചതെങ്കിലും തന്റെ ജീവിതത്തിലെ എല്ലാം എന്നെന്നേക്കുമായി മാറ്റി മറിച്ചു എന്നാണ് രോഹിണി ട്വിറ്ററിൽ കുറിച്ചത്.
‘2008 മാർച്ച് 19 ഒരു സാധാരണ ദിവസമായാണ് ആരംഭിച്ചതെങ്കിലും എന്റെയും ഋഷിയുടെയും ജീവിതത്തിലെ എല്ലാം എന്നെന്നേക്കുമായി മാറ്റിമറിച്ചു. സിനിമയുടെ ഈ ഘട്ടം രഘുവിന് വളരെയധികം ഇഷ്ടപ്പെടുമായിരുന്നു, ഒരു നടനെന്ന നിലയിലും അദ്ദേഹം സന്തോഷവാനായിരുന്നേനെ’ എന്നായിരുന്നു രോഹിണിയുടെ പോസ്റ്റ്.
അതേസമയം, നിരവധി പേരാണ് രോഹിണിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഇന്നോ ഇന്നലെയോ നാളെയോ എന്നൊന്നുമില്ല, സിനിമ എന്നും നടനെന്ന നിലയിൽ അദ്ദേഹത്തെ സ്നേഹിക്കുക തന്നെ ചെയ്യും എന്നായിരുന്നു ഒരാളുടെ കമന്റ്.
തീർച്ചയാണ് അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ഇന്നത്തെ സിനിമയെ ഇഷ്ടപ്പെട്ടേനെ എന്നാൽ സിനിമയ്ക്ക് അതിനേക്കാൾ ഏറെ അദ്ദേഹത്തിൽ നിന്ന് ലഭിച്ചേനെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
നേരത്തെ താനും മകനും തോറ്റ് പോയത് രഘുവിനോട് അല്ലെന്നും അദ്ദേഹത്തിന്റെ മദ്യത്തോടുള്ള അഡിക്ഷനോട് ആണെന്നും രോഹിണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹത്തെ അതിൽ നിന്ന് വിട്ടു നിർത്താനുള്ള ശ്രമത്തിൽ തങ്ങൾ പരാജയപ്പെട്ടെന്നും ആ അഡിക്ഷൻ ജയിച്ചെന്നുമാണ് രോഹിണി പറഞ്ഞത്.
വേർപിരിഞ്ഞ ശേഷവും മകന് വേണ്ടിയാണ് അടുത്തടുത്ത ഫ്ലാറ്റ് എടുത്ത് താമസിക്കാൻ തീരുമാനിച്ചതെന്നും എന്നാൽ അതൊക്കെ നോക്കി വന്നപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു എന്നുമാണ് രോഹിണി പറഞ്ഞത്.